മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോ സവിശേഷതകള്‍

Posted By: Staff

മൈക്രോമാക്‌സ് ഫണ്‍ബുക്ക് പ്രോ സവിശേഷതകള്‍

മൈക്രോമാക്‌സ് അടുത്തിടെ പരിചയപ്പെടുത്തിയ ആന്‍ഡ്രോയിഡ് ഐസിഎസ് ടാബ്‌ലറ്റുകളിലൊന്നാണ് ഫണ്‍ബുക്ക് പ്രോ. കോര്‍ടക്‌സ് എ8 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ടാബ് മള്‍ട്ടിമീഡിയ, ഗെയിമിംഗ് ആവശ്യങ്ങള്‍ക്ക് വിലക്കുറവുള്ള ടാബ്‌ലറ്റുകള്‍ തേടുന്നവര്‍ക്ക് പരിഗണിക്കാവുന്ന മോഡലാണ്.

ഇബുക്ക് വായന, ഗെയിമിംഗ്, വീഡിയോ ആസ്വാദനം എന്നിവയ്ക്കിണങ്ങുന്ന വലിയ സ്‌ക്രീനാണ് ഫണ്‍ബുക്ക് പ്രോയ്ക്കുള്ളത്. 10.1 ഇഞ്ച് ടിഎഫ്ടി എല്‍സിഡി മള്‍ട്ടി ടച്ച് ഡിസ്‌പ്ലെയുള്ള ടാബിന്റെ സ്‌ക്രീന്‍ റെസലൂഷന്‍ 1024x600 പിക്‌സലാണ്. വീഡിയോകള്‍ വലിയ സ്‌ക്രീനില്‍ കാണണമെങ്കില്‍ ഇതിലെ എച്ച്ഡിഎംഐ പോര്‍ട്ട് സൗകര്യം ഉപയോഗപ്പെടുത്താവുന്നതുമാണ്.

ഇതിലെ കോര്‍ടക്‌സ് എ8 പ്രോസസറിന് 1.2 ജിഗാഹെര്‍ട്‌സ് വേഗതയുണ്ട്. 1 ജിബി റാമിനൊപ്പം മികച്ച ഓപറേറ്റിംഗ് പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ഈ പ്രോസസറിന് സാധിക്കും. 8 ജിബി വരെ ഡാറ്റകള്‍ സ്‌റ്റോര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടെങ്കിലും ഉപയോക്താവിന്റെ ആവശ്യമനുസരിച്ച് അത് 32 ജിബി വരെ ഉയര്‍ത്താനും സാധിക്കും.

മുമ്പ് പറഞ്ഞതുപോലെ ഗെയിമിംഗ്, വീഡിയോ പോലുള്ള മള്‍ട്ടിമീഡിയ സൗകര്യങ്ങളെ പരമാവധി ആസ്വദിക്കാന്‍ സഹായിക്കുക ഡ്യുവല്‍ മാലി 400 ഗ്രാഫിക് പ്രോസസറാണ്. ബാക്ക് ക്യാമറയില്ലാത്തത് ഇതിന്റെ പോരായ്മയായി കരുതാമെങ്കിലും വിലക്കുറവിലെത്തിയ ടാബ്‌ലറ്റ് എന്ന നിലയ്ക്ക് ഈ പോരായ്മയെ മറക്കാവുന്നതേയുള്ളൂ. പകരം വീഡിയോകോളിംഗിന് സഹായിക്കുന്ന ഫ്രന്റ് വിജിഎ ക്യാമറ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

വൈഫൈ ആണ് ഇതിലെ കണക്റ്റിവിറ്റി. ബ്ലൂടൂത്ത് സൗകര്യം ഇതില്‍ വരുന്നുമില്ല. 3ജി ഡോങ്കിള്‍ പിന്തുണയോടെയാണ് ടാബ് എത്തുന്നത്. കമ്പനി ഔദ്യോഗികമായി ഈ ഉത്പന്നത്തെ പരിചയപ്പെടുത്തിയെങ്കിലും ഇപ്പോഴും ഇത് വില്പനക്കെത്തിയിട്ടില്ല. ഏതെല്ലാം സ്റ്റോറുകള്‍ വഴി എന്നാണ് വില്പന ആരംഭിക്കുകയെന്ന് വ്യക്തവുമല്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot