മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് ടാബ്‌ലറ്റ് ഒക്ടോബര്‍ 26ന്

Posted By: Staff

മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് ടാബ്‌ലറ്റ് ഒക്ടോബര്‍ 26ന്

മൈക്രോസോഫ്റ്റിന്റെ സര്‍ഫെയ്‌സ് ടാബ്‌ലറ്റ് ഒക്ടോബര്‍ 26 മുതല്‍ വില്പനക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂണില്‍ കമ്പനി അവതരിപ്പിച്ച വിന്‍ഡോസ് 8 ടാബ്‌ലറ്റാണ് സര്‍ഫെയ്‌സ്. വിന്‍ഡോസ് 8ഉം ഇതേ ദിവസം തന്നെയാണ് കമ്പനി വില്പനക്കെത്തിക്കുക.

ഈ ആഴ്ച ഫയല്‍ ചെയ്ത കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ രണ്ട് ഉത്പന്നങ്ങളേയും സംബന്ധിച്ച പരാമര്‍ശം ഉണ്ടായിരിക്കുന്നത്. ഒക്ടോബര്‍ 26ന് വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം വില്പനക്കെത്തുമെന്നും അതേ സമയത്താകും സര്‍ഫെയ്‌സ് ടാബ്‌ലറ്റും വിപണിയില്‍ അവതരിപ്പിക്കുകയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ടാബ്‌ലറ്റിന്റെ സവിശേഷതകള്‍ അവതരണ സമയത്ത് വെളിപ്പെടുത്തിയിരുന്നെങ്കിലും വില കമ്പനി അറിയിച്ചിരുന്നില്ല. ഇപ്പോഴും വില എത്രയെന്ന് വ്യക്തവുമല്ല. എങ്കിലും 1,20,000 രൂപ (2,150 ഡോളര്‍) വിലയ്ക്കാകും സര്‍ഫെയ്‌സ് വിപണിയിലെത്തുകയെന്ന് അഭ്യൂഹമുണ്ട്. വില ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വിപണി അവതരണത്തിന് തൊട്ടുമുമ്പെയാകുമെന്നും പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഇത്രയും വലിയൊരു വില ടാബ്‌ലറ്റിന് വിന്‍ഡോസ് നിശ്ചയിക്കാനിടയില്ലെന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ അഭിപ്രായം. അങ്ങനെ വന്നാല്‍ മൈക്രോസോഫ്റ്റിനെ അന്തമായി ഇഷ്ടപ്പെടുന്ന ഉപയോക്താക്കള്‍ മാത്രമേ ഇത് സ്വന്തമാക്കാന്‍ ശ്രമിക്കൂയെന്നും ഇവര്‍ പറയുന്നു. രണ്ട് വേര്‍ഷനുകളിലാണ് മൈക്രോസോഫ്റ്റ് സര്‍ഫെയ്‌സ് വില്പനക്കെത്തുക. അതിലൊന്ന് വിന്‍ഡോസ് ആര്‍ടി ഓപറേറ്റിംഗ് സിസ്റ്റത്തിലും എആര്‍എം ചിപ്‌സെറ്റിലും പ്രവര്‍ത്തിക്കുന്നതും മറ്റൊന്ന് ഐവി ബ്രിഡ്ജ് പ്രോസസറും വിന്‍ഡോസ് 8 പ്രോ ഒഎസുള്ളതുമായിരിക്കും. വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തിലെ വിലയും കമ്പനി അറിയിച്ചിട്ടില്ല.

Please Wait while comments are loading...

Social Counting