ആകാശിനു പിന്നാലെ ആകാശ് 2ഉം വരുന്നു

Posted By:

ആകാശിനു പിന്നാലെ ആകാശ് 2ഉം വരുന്നു

വാഹന വിപണിയില്‍ റ്റാറ്റ നാനോ ഇറക്കി ലോകശ്രദ്ധ പിടിച്ചു പറ്റി നമ്മുടെ രാജ്യം.  ഇപ്പോഴിതാ ഗാഡ്ജറ്റ് വിപണിയില്‍ ആകാശും.  വമ്പന്‍ കമ്പനികളുടെ വിലകൂടി ടാബ്‌ലറ്റുകള്‍ പരസ്പരം മത്സരിക്കുന്ന ഗാഡ്ജറ്റ് വിപണിയില്‍ നമ്മുടെ രാജ്യത്തു തന്നെ നിര്‍മ്മിക്കുന്ന ഒരു ടാബ്‌ലറ്റ് ഇത്രയധികം ലോകശ്രദ്ധ പിടിച്ചു പറ്റുന്നതില്‍ തീര്‍ച്ചയായും നമുക്ക് അഭിമാനിക്കാം.

ആകാശിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത അതിന്റെ വളരെ കുറഞ്ഞ വില തന്നെയാണ്.  വെറും 2,999 രൂപയാണ് ഈ ഇന്ത്യന്‍ ടാബ്‌ലറ്റിന്റെ വില.  ഔദ്യോഗിക രേഖകള്‍ പ്രകാരം ഇപ്പോള്‍ തന്നെ മൂന്നു ലക്ഷത്തോളം പേര്‍ ആകാശ് ടാബ്‌ലറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു.

അടുത്ത മാസം മുതലാണ് ആകാശ് ഉപഭോക്താക്കളുടെ കൈകളില്‍ എത്തിച്ചേര്‍ന്നു തുടങ്ങുക.  ആകാശിനു ബുക്കിംഗ് ചാര്‍ജ് ഈടാക്കുന്നില്ല.  സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ആകാശ് സൗജന്യമായി വിതരണം ചെയ്തു കഴിഞ്ഞു.

ആകാശിനെ കുറിച്ച് ഇപ്പോള്‍ മറ്റൊരു വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു.  നിര്‍മ്മാതാക്കള്‍ ആകാശ് 2 പുറത്തിറക്കാന്‍ പോകുന്നു എന്നതാണിത്.  സ്വാഭാവികമായും ആദ്യ മോഡലിനേക്കാളും എന്തുകൊണ്ടും മികവു കാട്ടും ഈ പുതിയ മോഡല്‍.  ആദ്യത്തേതില്‍ നിന്നും കാര്യമായ മാറ്റം കൊണ്ടു വരാനാണ് നിര്‍മ്മാതാക്കള്‍ ഒരുങ്ങുന്നത്.

പുതിയ ആകാശിന് 7 ഇഞ്ച് ഡിസ്‌പ്ലേ ഉണ്ടായിരിക്കും.  പിന്നെയുള്ള മാറ്റങ്ങള്‍ മൈക്രോ പ്രോസസ്സറിലും റാമിലും ആയിരിക്കും.  ഇപ്പോഴത്തെ ആകാശിന്റെ പ്രോസസ്സര്‍ 336 മെഗാഹെര്‍ഡ്‌സും, റാം 256 എംബിയും ആണ്.  എന്നാല്‍ ആകാശ് 2ല്‍ പ്രോസസ്സര്‍ 800 മെഗാഹെര്‍ഡ്‌സ്, റാം 1 ജിബി എന്നിങ്ങനെ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  അപ്പോള്‍ പുതിയ ആകാശ് പ്രവര്‍ത്തന മികവില്‍ ആദ്യ മോഡലിനെ കടത്തി വെട്ടും എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

പുതിയ മോഡല്‍ ആദ്യ മോഡലിന്റെ പോരായ്മകളെല്ലാം നികത്തി കൊണ്ടാണ് പുറത്തിറങ്ങുക എന്നാണ് അധികൃതരുടെ അവകാശവാദം.  500 ഉപയോക്താക്കളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ പരിഗണിച്ചാണത്രെ പുതിയ മോഡലിനു രൂപം കൊടുക്കുന്നത്.

ആകാശ് 2ന്റേത് ടച്ച് സ്‌ക്രീന്‍ ആയിരിക്കും.  ആകാശ് 2ന്റെ വിലയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നേയുള്ളൂ എങ്കിലും, ആദ്യ മോഡലിനേക്കാള്‍ വില അല്പമെങ്കിലും കൂടാനേ സാധ്യതയുള്ളൂ.

റിലയന്‍സും, ബീറ്റലുമെല്ലാം പുറത്തിറക്കുന്ന വില കുറഞ്ഞ മറ്റു ടാബ്‌ലറ്റുകളും ഇന്ത്യയിലുള്ള സാഹചര്യത്തില്‍ ആകാശ്2ന് അത്യാവശ്യം മത്സരം നേര്‌ടേണ്ടി വന്നേക്കും.

ഏതായാലും, 'ലോകത്തിലെ കുട്ടികള്‍ക്കായി' എന്ന് അറിയപ്പെടുന്ന ആകാശിനു തുടക്കത്തില്‍ തന്നെ ലഭിച്ച ഈ സ്വീകാര്യത ആകാശ് 2നും ലഭിക്കുമെന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot