ന്യൂ ഐപാഡ് വില്പന നാളെ ആരംഭിക്കും

Posted By: Super

ന്യൂ ഐപാഡ് വില്പന നാളെ ആരംഭിക്കും

ന്യൂ ഐപാഡിന്റെ വില്പന നാളെ അതായത് വെള്ളിയാഴ്ച രാവിലെ ആരംഭിക്കും. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ്, ജപ്പാന്‍, ഹോങ്കോംഗ്, സ്വിറ്റ്‌സര്‍ലാന്റ്, സിംഗപ്പൂര്‍, യുഎസ് വിര്‍ജിന്‍ ഐലന്റ്, പ്യൂര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലാണ് നാളെ ഐപാഡ് വില്പനക്കെത്തുക. അവിടുത്തെ പ്രാദേശിക സമയം രാവിലെ 8നാണ് വില്പന തുടങ്ങുക.

മുന്‍ പ്രാവശ്യങ്ങളിലെ പോലെ ഇത്തവണയും പുതിയ ഐപാഡ് മോഡല്‍ ആദ്യം തന്നെ കയ്യിലെത്താന്‍ കൊതിക്കുന്നവര്‍ ഈ രാജ്യങ്ങളില്‍ മണിക്കൂറുകളോളം ആപ്പിള്‍ സ്റ്റോറിന് മുമ്പില്‍ കാത്തുനില്‍ക്കുന്ന കാഴ്ച കണ്ടേക്കാം. കഴിഞ്ഞ തവണ ടാബ്‌ലറ്റ് വില്പനക്കെത്തുന്നതിന്റെ തലേദിവസം മുതല്‍ സ്റ്റോറിന് മുന്നില്‍ കാത്തുനിന്ന് ഐപാഡ് കൈപറ്റിയവരുണ്ട്.

ആപ്പിളിന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ കൂടാതെ മറ്റ് ചില പ്രമുഖ സ്റ്റോറുകള്‍ വഴിയും ഇതെത്തുന്നുണ്ട്. ആപ്പിള്‍ സ്റ്റോര്‍ വഴി ഐപാഡ് വാങ്ങുന്നവര്‍ക്ക് ടാബ്‌ലറ്റില്‍ ഇമെയില്‍ സെറ്റ് ചെയ്യാനും പുതിയ ആപ്ലിക്കേഷനുകള്‍ ലോഡ് ചെയ്യാനും ജീവനക്കാരില്‍ നിന്നും സഹായം ലഭിക്കും.

ഇത് സൗജന്യ സേവനമാണ്. ആപ്പിള്‍ വെബ്‌സൈറ്റ് വഴി വാങ്ങുന്നവര്‍ക്ക് ഐപാഡ് കയ്യിലെത്തിയാല്‍ അത് ആപ്പിള്‍ സ്റ്റോറില്‍ കൊണ്ടുപോയി കസ്റ്റമൈസേഷന്‍ നടത്താം. മാര്‍ച്ച് 23ന് മറ്റ് 25 രാജ്യങ്ങളിലേക്ക് കൂടി ഐപാഡ് എത്തുന്നതാണ്.

ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, ഫിന്‍ലാന്റ്, ഗ്രീസ്, ഹംഗറി, ഐസ്‌ലന്റ്, ഇറ്റലി, അയര്‍ലന്റ്, ലിച്ച്‌ടെന്‍സ്റ്റീന്‍, ലക്‌സംബര്‍ഗ്, മെക്‌സിക്കോ, നെതര്‍ലാന്റ്‌സ്, നോര്‍വ്വെ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, മാകോ എന്നിവയാണ് ആ രാജ്യങ്ങള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot