നെക്‌സസ് 7ന്റെ 8ജിബി മോഡല്‍ ഇപ്പോള്‍ വാങ്ങാം

Posted By: Super

നെക്‌സസ് 7ന്റെ 8ജിബി മോഡല്‍ ഇപ്പോള്‍ വാങ്ങാം

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നെക്‌സസ് 7 8ജിബി മോഡല്‍ ഇപ്പോള്‍ നേരിട്ട് വാങ്ങാം. 16 ജിബി മോഡല്‍ എത്താന്‍ വൈകുന്ന സാഹചര്യത്തില്‍ 8ജിബി മോഡല്‍ വേണ്ടവര്‍ക്ക് ഈ അവസരം വിനിയോഗിക്കാം. നിലവില്‍ നെക്‌സസ് 7 ഇന്ത്യയില്‍ ലഭ്യമല്ലെങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ഈ ടാബ്‌ലറ്റ് സ്വന്തമാക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഇന്ത്യാടൈംസ്, ഇബേ ഷോപ്പിംഗ് സൈറ്റുകളാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നെക്‌സസ് 7നെ പരിചയപ്പെടുത്തുന്നത്.

199 ഡോളര്‍ അതായത് ഏകദേശം 11,000 രൂപയ്ക്ക് ഗൂഗിള്‍ അവതരിപ്പിച്ച ഈ ഉത്പന്നം 16,952 രൂപയ്ക്കാണ് ഇന്ത്യാടൈംസ് ഷോപ്പിംഗില്‍ നിന്നും വാങ്ങാനാകുക. ഇഎംഐ സൗകര്യം ഉപയോഗിച്ച് വാങ്ങാനുള്ള സൗകര്യവും ഇന്ത്യാടൈംസ് ഒരുക്കിയിട്ടുണ്ട്. 17,690 രൂപയാണ് ഇബേയില്‍ നെക്‌സസ് 7ന് വില.

നെക്‌സസ് 7 ഇന്ത്യയില്‍ ഇറക്കുന്നതിനെക്കുറിച്ച് ഇത് വരെ ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഒക്ടോബറിലോ അതിന് തൊട്ടുപിന്നാലെയോ നെക്‌സസ് 7നെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി ശ്രമിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ അതുവരെ കാത്തുനില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് മേല്‍പറഞ്ഞ ഷോപ്പിംഗ് സൈറ്റുകള്‍ ഉപകരിക്കും.

ജൂണ്‍ അവസാനവാരമാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഡെവലപര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ഗൂഗിള്‍ നെക്‌സസ് 7 ടാബ്‌ലറ്റിനെ പരിചയപ്പെടുത്തിയത്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ജെല്ലി ബീന്‍ ആദ്യമായെത്തുന്ന ടാബ്‌ലറ്റ് എന്ന പേരിലും നെക്‌സസ് 7 ശ്രദ്ധയാകര്‍ഷിച്ചു.

അസുസുമായി സഹകരിച്ചാണ് ഗൂഗിള്‍ പ്രഥമ ടാബ്‌ലറ്റ് വില്പനക്കെത്തിക്കുന്നത്. ഇതിന്റെ വിലക്കുറവ് ബാര്‍ണ്‍സ് ആന്റ് നോബിള്‍സിന്റെ നൂക്ക്, ആമസോണിന്റെ കിന്‍ഡില്‍ ഫയര്‍ എന്നിവയെയാണ് ഏറെ ബാധിക്കുന്നത്.

7 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍, എന്‍വിഡിയ ടെഗ്ര 3 ക്വാഡ് കോര്‍ പ്രോസസര്‍, 12 കോര്‍ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ്, 1 ജിബി റാം, എന്‍എഫ്‌സി ഉള്‍പ്പടെയുള്ള വിവിധ കണക്റ്റിവിറ്റികള്‍, 1.2 മെഗാപിക്‌സല്‍ ക്യാമറ, 4325mAh ബാറ്ററി എന്നിവയാണ് നെക്‌സസ് 7ലെ പ്രധാന സൗകര്യങ്ങള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot