ടഫ് മത്സരത്തിനൊരുങ്ങി പാനസോണിക് ടഫ്പാഡ് എ1

Posted By:

ടഫ് മത്സരത്തിനൊരുങ്ങി പാനസോണിക് ടഫ്പാഡ് എ1
വളരെ വേഗത്തില്‍ മാറ്റങ്ങളും സാങ്കേതിക വികസനങ്ങളും സംഭവിക്കുന്ന ടാബ്‌ലറ്റ് വിപണിയില്‍ വമ്പിച്ച മത്സരമാണ് നടക്കുന്നത്.   ഏറ്റവും അവസാനമായി ഈ മേഖലയിലേക്ക് കടന്നു വന്നതാണ് പാനസോണിക്.  കടുത്ത മത്സരം കാരണം പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി പുതിയ പുതിയ ടാബ്‌ലറ്റുകള്‍ ഇറക്കിക്കൊണ്ടേയിരുന്നില്ലെങ്കില്‍ വിപണിയില്‍ പിടിച്ചു നില്‍ക്കുക പ്രയാസം.

ഒരു സാധാരണ കമ്പ്യൂട്ടറിനേക്കാള്‍ കേടുപാടു സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് ടാബ്‌ലറ്റുകള്‍ക്ക്.  എപ്പോഴും എവിടെയും വെച്ച് ലോകവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടേയിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമായ ഒരു ഗാഡ്ജറ്റ് ആണ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍.

പക്ഷേ ഏറെ കാലം തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധിക്കും ഒരു ടാബ്‌ലറ്റ് എന്ന് പ്രതീക്ഷിക്കാന്‍ വയ്യ.  എന്നാല്‍ പെട്ടെന്നു കേടു വരുന്ന ടാബ്‌ലറ്റുകള്‍ക്ക് ഒരു അപവാദമാണ് പാനസോണിക് ടഫ്പാട് എ1.  പേരു സൂചിപ്പിക്കും പോലെ തന്നെ മഴയും വെയിലുമെല്ലാം അനായാസത്തോടെ അതിജീവിക്കും ഈ പുതിയ പാനസോണിക് ടാബ്‌ലറ്റ്.

267 എംഎം നീളം, 211 എംഎം വീതി, 17 എംഎം കട്ടി എന്നിങ്ങനെയാണ് പാനസോണിക് ടഫ്പാട് എ1ന്റേത്.  ഇതിന്റെ ഭാരം 966 ഗ്രാം ആണ്.  ഇതു വാട്ടര്‍ പ്രൂഫ് ആയതുകൊണ്ട് മഴയത്ത് ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല.  അതുപോലെതന്നെ ഡസ്റ്റ് പ്രൂഫ് ആയതുകൊണ്ട് പൊടിയാവും, കേടുവരുമല്ലോ എന്ന പേടിയും വേണ്ട.

ഇതിനെല്ലാം പുറമെ ഈ ടാബ്‌ലറ്റ് ടെംപറേച്ചര്‍ പ്രൂഫും കൂടിയാണ്.  അപ്പോള്‍ പിന്നെ സഹാറ മരുഭൂമിയിലായാലും, ആന്റാര്‍ട്ടിക് പ്രദേശങ്ങളിലായാലും ധൈര്യമായി ഈ പാനസോണിക് ടാബ്‌ലറ്റ് ഉപയോഗിക്കാം.  അങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ ഇതൊരു ടഫ് ടാബ്‌ലറ്റ് ആണെന്നു പറയാം.

768 x 1024 പിക്‌സല്‍ റെസൊലൂഷന്‍ ഉള്ള 10.1 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ പുതിയ പാനസോണിക് ടാബ്‌ലറ്റിന്റേത്. 4590 mAh ബാറ്ററി ഉപയോഗപ്പെടുത്തിയിരിക്കുന്ന ഇതിന്റെ പ്രോസസ്സര്‍ 1200 മെഗാഹെര്‍ഡ്‌സ് മാര്‍വെല്‍ പ്‌കോസസ്സര്‍ ആണ്.

1024 എംബിയാണിതിന്റെ മെമ്മറി.  കൂടാതെ 16,384 എംബി ബില്‍ട്ട് ഇന്‍ സ്‌റ്റോറേജ് സ്‌പെയ്‌സും.  ഇതിനെല്ലാം പുറമെ, മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി കാര്‍ഡുകള്‍ ഉപയോഗിച്ച് എക്‌സ്റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താവുന്നതുമാണ്.

ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്ലാഷ് എന്നിവയുള്ള ഒരു 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഒരു 2 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിങ്ങനെ രണ്ടു ക്യാമറകള്‍ ഉണ്ട് ഈ പാനസോണിക് ടാബ്‌ലറ്റില്‍.

ആന്‍ഡ്രോയിഡ് ഹണികോമ്പ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പാനസോണിക് ടഫ്പാഡ് എ1 പ്രവര്‍ത്തിക്കുന്നത്.  ഇതിന്റെ വിലയെ കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot