ലാപ്ടോപ്പുകൾ പുറത്തിറക്കാനൊരുങ്ങി റിയൽമി
സ്മാർട്ഫോൺ പോലെത്തന്നെയാണ് ഉപയോക്താക്കൾക്ക് ലാപ്ടോപ്പുകളുടെയും ആവശ്യകത. പ്രത്യകിച്ചും, വർക്ക്-ഫ്രം-ഹോം ഇപ്പോൾ കൂടുതലായി നടക്കുന്ന സാഹചര്യത്തിൽ ലാപ്ടോപ്പുകളുടെ സ്വാധീനം വളരെ വലുതാണ്. ജോലി ആവശ്യത്തിന് വേണ്ടി മാത്രമല്ല, മറിച്ച് ഓൺലൈൻ വിദ്യാഭ്യാസത്തിനായാലും ലാപ്ടോപ്പ് അനിവാര്യമാണ്. ഇതുപോലെയുള്ള കാരണങ്ങൾ കൊണ്ടാകാം സ്മാർട്ട്‌ഫോൺ നിർമ്മാണ ബ്രാൻഡായ റിയൽമി ഇനി ലാപ്‌ടോപ്പ് വിഭാഗത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വാർത്ത സിഇഒ സ്ഥിരീകരിച്ചു. റിയൽമി ലാപ്‌ടോപ്പുകളുടെ വരവിനെ സൂചിപ്പിക്കുന്ന ഒരു ഔദ്യോഗിക ട്വീറ്റ് മാധവ് ഷെത്ത് ഇതിനോടകം വെളിപ്പെടുത്തി കഴിഞ്ഞു. ഈ പുതിയ വിഭാഗത്തിലേക്ക് ചുവടുവെച്ചുകൊണ്ട് ഇന്ത്യൻ വിപണിയിൽ സ്വാധീനം വ്യാപിപ്പിക്കുവാൻ ഈ ബ്രാൻഡ് പദ്ധതിയിടുന്നതായി തോന്നുന്നു. വരാനിരിക്കുന്ന റിയൽമി ലാപ്‌ടോപ്പുകളുടെ ഏറ്റവും പുതിയ പ്രഖ്യാപനത്തെക്കുറിച്ച് നമുക്ക് ഇവിടെ വിശദമായി നോക്കാം.

റിയൽമിയിൽ നിന്നും വരാനിരിക്കുന്ന ലാപ്‌ടോപ്പുകൾ
റിയൽമി ഇന്ത്യയുടെ സിഇഒ മാധവ് ഷെത്ത് തൻറെ ഔദ്യോഗിക ട്വിറ്റർ പേജിൽ ഒരു പോസ്റ്റ് പങ്കിട്ടു. ഈ പുതിയ പ്രോഡക്റ്റ് ഉടൻ തന്നെ രാജ്യത്ത് എത്തുമെന്ന് സൂചിപ്പിക്കുന്നു. ട്വീറ്റിൽ ഒരു ബൈനറി സന്ദേശം ഉൾപ്പെടുന്നു, ഈ കോഡ് ഡീകോഡ് ചെയ്യുമ്പോൾ അത് 'ഹലോ വേൾഡ്' കാണിക്കുന്നു. ട്വീറ്റിൽ വരാനിരിക്കുന്ന പ്രോഡക്റ്റിൻറെ പേരിനെക്കുറിച്ച് ഊഹിക്കാൻ അദ്ദേഹം ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ട്വീറ്റിനൊപ്പം, പകുതി മറച്ച നിലയിൽ ഒരു ലാപ്‌ടോപ്പ് പ്രദർശിപ്പിക്കുന്ന ചിത്രവും ഷെത്ത് ട്വിറ്റർ പോസ്റ്റിൽ നൽകിയിട്ടുണ്ട്.
ചിത്രത്തിൽ സൂചിപ്പിച്ച ഈ ലാപ്ടോപ്പ് ആപ്പിൾ മാക്ബുക്കുമായി സാദൃശ്യപ്പെടുത്തുന്ന ചാരനിറത്തിലുള്ള ഒരു ലാപ്‌ടോപ്പ് കാണിക്കുന്നു. കൂടാതെ, ഇൻറർനെറ്റിൽ ലഭ്യമായ വരാനിരിക്കുന്ന ഈ ലാപ്ടോപ്പിനെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. അധികം വൈകാതെ തന്നെ റിയൽമി ലാപ്‌ടോപ്പുകളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പ്രതീക്ഷിക്കാം.

ഇന്ന് ജനപ്രിയ ടിപ്പ്സ്റ്റർ മുകുൾ ശർമ വരാനിരിക്കുന്ന റിയൽമി ലാപ്‌ടോപ്പുകളെക്കുറിച്ചും സൂചന നൽകി. ട്വീറ്റിൽ, 2021 ജൂൺ മാസത്തിൽ ഈ ലാപ്ടോപ്പ് അവതരിപ്പിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എന്നാൽ, ഈ ലാപ്‌ടോപ്പുകളുടെ കൃത്യമായ ലോഞ്ച് തീയതിയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും കമ്പനി ഇതുവരെ ഒരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല, അതിനാൽ ഈ വിവരങ്ങൾ അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല. അതേസമയം, റിയൽമി ജിടി 5 ജി സ്മാർട്ട്‌ഫോൺ രാജ്യത്ത് വിപണിയിൽ എത്തിക്കുവാൻ ഗ്ലോബൽ ലോഞ്ചും നടത്തുമെന്ന് ബ്രാൻഡ് സ്ഥിരീകരിക്കുന്നു.


Click it and Unblock the Notifications








