ബ്ലാക്ക്‌ബെറി പ്ലേബുക്ക് 4ജി എല്‍ടിഇ വേര്‍ഷന്‍ 31ന്

Posted By: Super

ബ്ലാക്ക്‌ബെറി പ്ലേബുക്ക് 4ജി എല്‍ടിഇ വേര്‍ഷന്‍ 31ന്

റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റിന്റെ 4ജി എല്‍ടിഇ വേര്‍ഷന്‍ ഈ മാസം 31ന് ഇറക്കാന്‍ സാധ്യത. പ്ലേബുക്കിന്റെ വൈഫൈ വേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ കാര്യമായ ഉപഭോക്തൃ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇതിനായിരുന്നില്ല.

കാനഡയില്‍ പ്രമുഖ ടെലികോം കമ്പനിയായ ബെല്ലുമായി സഹകരിച്ച് ഈ മാസം 31ന് എല്‍ടിഇ വേര്‍ഷന്‍ ഇറക്കാനാണ് റിം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബെല്ലിന്റെ ചില ആഭ്യന്തരരേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 549.95 ഡോളറായിരിക്കും (ഏകദേശം 30,990 രൂപ) 4ജി എല്‍ടിഇ വേര്‍ഷന് വിലയെന്നും ഈ രേഖകളില്‍ പറയുന്നുണ്ട്.

1024x600 പിക്‌സല്‍ റെസലൂഷനിലുള്ള 7 ഇഞ്ച് ഡിസ്‌പ്ലെയാണ് പ്ലേബുക്ക് 4ജി എല്‍ടിഇ വേര്‍ഷനുള്ളത്. ഡ്യുവര്‍ കോര്‍ 1.5 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 1 ജിബി റാം എന്നിവ പ്രോസസിംഗ് പെര്‍ഫോമന്‍സിന് സഹായിക്കുന്ന ഇതിലെ ഘടകങ്ങളാണ്. പിറകില്‍ 5 മെഗാപിക്‌സലും മുമ്പില്‍ 3 മെഗാപിക്‌സലും വീതമുള്ള ക്യാമറകളും ഉണ്ട്.

4,800mAh ബാറ്ററിയാകും ഇതിലേത്. പ്ലേബുക്ക് 16 ജിബി, 32 ജിബി, 64 ജിബി സ്റ്റോറേജ് വേര്‍ഷനുകളിലാണ് ഇതു വരെ കമ്പനി അവതരിപ്പിച്ചതെങ്കിലും ഇത്തവണ 32 ജിബി മോഡല്‍ മാത്രമേ അവതരിപ്പിക്കുകയുണ്ടാകൂ എന്നാണ് സൂചന.

റിസര്‍ച്ച് ഇന്‍ മോഷന്റെ ഒരു പ്രധാന വിപണി ഇന്ത്യയാണ്. പ്ലേബുക്ക് വൈഫൈ വേര്‍ഷന് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നപ്പോള്‍ റിം വൈഫൈ വേര്‍ഷന്റെ വില കുറച്ചിരുന്നു. 16 ജിബി സ്റ്റോറേജ് മോഡലിന് 27,990 രൂപയില്‍ നിന്ന് 13,490 രൂപ വരെ കുറയുകയുണ്ടായി. 4ജി വേര്‍ഷന്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot