പ്ലേബുക്ക് ഈ മാസം 9ന്; വില പുറത്തായി

Posted By: Staff

പ്ലേബുക്ക് ഈ മാസം 9ന്; വില പുറത്തായി

റിസര്‍ച്ച് ഇന്‍ മോഷന്റെ ഏറ്റവും പുതിയ പ്ലേബുക്ക് ടാബ്‌ലറ്റ് അടുത്താഴ്ച അവതരിപ്പിക്കും. റിം ആസ്ഥാനമായ കാനഡയില്‍ ആണ് ആദ്യം ടാബ്‌ലറ്റ്  അവതരിപ്പിക്കുന്നതെന്നും കമ്പനി അറിയിച്ചു. തുടര്‍ന്ന് യുഎസ്, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ രാജ്യങ്ങളിലും ടാബ്‌ലറ്റ്  കൊണ്ടുവരും. 32 ജിബി മോഡലാണ് ഓഗസ്റ്റ് 9ന് റിം അവതരിപ്പിക്കുക. ജൂലൈ 31ന് ടാബ് അവതരിപ്പിക്കും എന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്.

ആദ്യ പ്ലേബുക്ക് മോഡല്‍ പുറത്തിറക്കിയത് ഒരു വര്‍ഷം മുമ്പാണ്. എന്നാല്‍ പ്രതീക്ഷിച്ച വിപണി വിജയം നേടാന്‍ ഇതിന് കഴിഞ്ഞിരുന്നില്ല. പിന്നീട് പ്ലേബുക്ക്  മോഡല്‍ വിലകളില്‍ ഗണ്യമായ കുറവ് വരുത്തിയാണ് കമ്പനി പിടിച്ചുനിന്നത്. പഴയ ടാബ്‌ലറ്റ് മോഡലിലെ അപാകതകള്‍ പരിഹരിച്ചാകും പുതിയ മോഡലിനെ റിം ഇറക്കുകയെന്ന് നിസ്സംശയം പറയാം. കാരണം 4ജി കണക്റ്റിവിറ്റി തന്നെയാണ് ഇതിന് വലിയ ഉദാഹരണം.

വൈഫൈ പിന്തുണയുള്ള പ്ലേബുക്ക് ആണ് ഇത് വരെ റിം വില്പന നടത്തിയത്. വൈഫൈ നെറ്റ്‌വര്‍ക്കിനെ ഉപയോഗിച്ചോ അല്ലെങ്കില്‍ മറ്റൊരു ബ്ലാക്ക്‌ബെറി ഉത്പന്നവുമായി ടെതര്‍ (ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി രീതി) ചെയ്‌തോ വേണ്ടിയിരുന്നു ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍. എന്നാല്‍ 4ജി എല്‍ടിഇ നെറ്റ് വര്‍ക്ക്  പിന്തുണയോടെ എത്തുന്ന പുതിയ മോഡലില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നമാകില്ല. വേഗതയേറിയ ഡാറ്റാ ഡൗണ്‍ലോഡിംഗ് സാധിക്കും എന്നതാണ് ഈ നെറ്റ്‌വര്‍ക്കിന്റെ പ്രത്യേകത. വിവിധ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുകളെ പിന്തുണക്കുന്ന ടാബ്‌ലറ്റ് പതിപ്പുകളും അതത് രാജ്യങ്ങളില്‍ കമ്പനി ഇറക്കും.

പുതിയ മോഡലിന്റെ വില റിം ഔദ്യോഗികമായി പുറത്താക്കിയില്ലെങ്കിലും പ്ലേബുക്ക് 4ജി എല്‍ടിഇ വില 549.99 ഡോളറാണെന്ന് (ഏകദേശം 30,600 രൂപ) സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ വിലയും സവിശേഷതകളും സംബന്ധിച്ച രേഖകള്‍ മൊബൈല്‍സിറപ്പ് എന്ന കനേഡിയന്‍ ബ്ലോഗിലാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1.5 ജിഗാീഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസര്‍, 32 ജിബി ഇന്റേണല്‍ മെമ്മറി, 1 ജിബി റാം, 3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവയാണ് ഇതില്‍ പറയുന്ന 4ജി എള്‍ടിഇ മോഡല്‍ സവിശേഷതകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot