സാംസംഗ്, സോണി ഹൈബ്രിഡ് വിന്‍ഡോസ് 8 ടാബുകളുമായി

Posted By: Staff

സാംസംഗ്, സോണി ഹൈബ്രിഡ് വിന്‍ഡോസ് 8 ടാബുകളുമായി

ഈ വരുന്ന ഐഎഫ്എ മേളയില്‍ വെച്ച് സാംസംഗില്‍ നിന്ന് ഗാലക്‌സി നോട്ട് 2 മാത്രമല്ല ഒരു വിന്‍ഡോസ് 8 ടാബ് കൂടി വരുന്നതായി റിപ്പോര്‍ട്ട്. സാംസംഗിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഐഎഫ്എ 2012 ബെര്‍ലിന്‍ പോസ്റ്ററാണ് ഇത്തരമൊരു സൂചന നല്‍കുന്നത്.


വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തിലുള്ള ഒരു ടാബ്‌ലറ്റിന്റെ ചിത്രം ഈ പോസ്റ്ററില്‍ കാണാം. Ready to be Smart എന്ന കാപ്ഷനാണ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. ഇന്റല്‍ ചിപ്പാകും വിന്‍ഡോസ് ടാബില്‍ വരികയെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റമാകുമെന്നും വിന്‍ഡോസ് ആര്‍ടി ആകില്ലെന്നും ഇതില്‍ പറയുന്നു. ലാപ്‌ടോപായും ഉപയോഗിക്കാന്‍ തക്ക ഹൈബ്രിഡ് ടാബ്‌ലറ്റായാകും ഇത് എത്തുക. 8 മെഗാപിക്‌സല്‍ ക്യാമറ, 2 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ എന്നിവയാണ് ഇതില്‍ പ്രതീക്ഷിക്കുന്ന ക്യാമറ സൗകര്യങ്ങള്‍. 10 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി ആയുസ്സാണിതിനുണ്ടാകുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ സാംസംഗില്‍ നിന്ന് ടാബ് സംബന്ധിച്ച സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.


സോണിയുടെ ഹൈബ്രിഡ് ടാബ്‌ലറ്റാണ് ഐഎഫ്എയില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു പുതിയ ഉത്പന്നം. പോക്കറ്റ്‌നൗ സൈറ്റ് ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വയോ ഡ്യുവോ 11 എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 11 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ആണിതില്‍ വരിക. സോണി ടാബില്‍ സ്‌റ്റൈലസ് പെന്‍ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്. വിന്‍ഡോസ് 8, വിന്‍ഡോസ് ആര്‍ടി എന്നിവയാണ് ഇതിലെ ഒഎസ് പ്രതീക്ഷകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot