വീണ്ടും സാംസംഗ് ആപ്പിളിനെ വെല്ലുവിളിക്കുന്നു; ഗാലക്‌സി നോട്ട് 10.1 ടാബ്‌ലറ്റ് അവതരിപ്പിച്ചു

By Super
|
വീണ്ടും സാംസംഗ് ആപ്പിളിനെ വെല്ലുവിളിക്കുന്നു; ഗാലക്‌സി നോട്ട് 10.1 ടാബ്‌ലറ്റ് അവതരിപ്പിച്ചു

ഡിസൈന്‍ മോഷ്ടാക്കള്‍ എന്ന് വിളിച്ച് സാംസംഗിനെ ആപ്പിള്‍ കോടതി കയറ്റാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. എങ്കിലും ആപ്പിളിന് വെല്ലുവിളിയാകുന്ന ഉത്പന്നങ്ങളാണ് ഇപ്പോഴും സാംസംഗ് ലക്ഷ്യമിട്ടുകൊണ്ടിരിക്കുന്നത്. അതിന് ഏറ്റവും പുതിയ ഉദാഹരണം കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ ഗാലക്‌സി നോട്ട് 10.1 ടാബ്‌ലറ്റാണ്. യുഎസ്, ബ്രിട്ടണ്‍, ദക്ഷിണകൊറിയ എന്നിവിടങ്ങളില്‍ ഇറക്കിയ ടാബ് ഇന്ത്യയില്‍ പ്രീഓര്‍ഡറിംഗിന് ലഭ്യമാണ്.

ഐപാഡ് 9.7 ഇഞ്ച് സ്‌ക്രീനിലെത്തിയപ്പോള്‍ 10.1 ഇഞ്ച് സ്‌ക്രീന്‍ വലുപ്പവുമായാണ് ഈ സാംസംഗ് മോഡല്‍ എത്തിയിരിക്കുന്നത്. കുറിപ്പുകള്‍ രേഖപ്പെടുത്താനും സ്‌കെച്ച് ചെയ്യാനുമെല്ലാം സഹായിക്കുന്ന സ്റ്റൈലസ് എസ് പെന്‍ പിന്തുണയോടെയാണ് ഈ ടാബ്‌ലറ്റ് എത്തിയിരിക്കുന്നത്. ഒരൊറ്റ സ്‌ക്രീനാണെങ്കിലും അതിന്റെ രണ്ട് വശങ്ങളിലുമായി ഒരേ സമയം രണ്ട് ആപ്ലിക്കേഷനുകള്‍ ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന സ്‌ക്രീന്‍ സ്പ്ലിറ്റ് സവിശേഷതയും സ്‌ക്രീനിനെ ഐപാഡില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

 

ആന്‍ഡ്രോയിഡിലെ ജെല്ലിബീന്‍ വേര്‍ഷനെ ഇപ്പോള്‍ മിക്ക കമ്പനികളും അവരുടെ ഉത്പന്നങ്ങളില്‍ ഇറക്കുന്നുണ്ടെങ്കിലും സാംസംഗ് ഗാലക്‌സി നോട്ട് 10.1 പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ഐസിഎസ് ഒഎസിലാണ്. ഇതില്‍ ജെല്ലിബീന്‍ അപ്‌ഡേഷന്‍ ലഭിക്കുമെങ്കില്‍ അതെപ്പോഴെന്നും വ്യക്തമല്ല. 1.4 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രോസസറാണ് മറ്റൊരു പ്രധാന ഘടകം.

16 ജിബി, 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ള രണ്ട് വേര്‍ഷനുകളായാണ് ഗാലക്‌സി നോട്ട് 10.1 ലഭിക്കുക. 2 ജിബി റാം ശേഷിയുള്ള ടാബിന് 5 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. 7,000mAh ബാറ്ററിയാണ് ഇതിലുള്‍പ്പെടുന്നത്. യുഎസ് വിപണിയില്‍ 16 ജിബി മോഡലിന് 499 ഡോളറും 32 ജിബി മോഡലിന് 549 ഡോളറുമാണ് വില.

സാംസംഗ് ഇന്ത്യ ഇ-സ്‌റ്റോര്‍ വഴി ഇന്ത്യക്കാര്‍ക്ക് 2,000 രൂപ മുന്‍കൂര്‍ നല്‍കി ഗാലക്‌സി നോട്ട് 10.1 ഇപ്പോള്‍ ബുക്ക് ചെയ്യാം. ടാബ്‌ലറ്റിനൊപ്പം 3,249 രൂപയുടെ ബുക്ക് കവര്‍ സൗജന്യമാണെന്നും സൈറ്റ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇതിന് വിലയെത്രയാണെന്ന് അറിവായിട്ടില്ല.

ടാബ്‌ലറ്റ് വിപണിയില്‍ ആപ്പിള്‍ കഴിഞ്ഞാല്‍ സ്ഥാനം സാംസംഗിനാണെങ്കിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം കൂടുതലാണ്. ജൂണ്‍ വരെ 2.88 കോടി ഐപാഡുകള്‍ വിറ്റപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സാംസംഗ് വിറ്റത് 44 ലക്ഷം ടാബുകളാണ്. ഈ അകലത്തെ പുതിയ ഉത്പന്നത്തിലൂടെ നികത്തുകയാണ് ആദ്യം സാംസംഗ് ലക്ഷ്യമിടുന്നത്. പിന്നീട് ആപ്പിളിന് മുമ്പിലെത്തുകയെന്ന പദ്ധതിയും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X