സദ്ഗുണ സമ്പന്നൻ! 16ജിബി റാം, 1ടിബി സ്റ്റോറേജ്, മികച്ച ഫീച്ചറുകളുമായി ടെക്നോ മെഗാബുക്ക് ലാപ്ടോപ്പ്!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി മാത്രമല്ല, ലാപ്ടോപ്പ് വിപണിയും മികച്ച ഫീച്ചറുകൾ കുറഞ്ഞ വിലയിൽ നൽകുന്ന ലാപ്ടോപ്പുകളാൽ സമ്പന്നമാകാൻ പോകുകയാണ്. അതിന് നന്ദി പറയേണ്ടത് റെഡ്മി, റിയൽമി, ഇൻഫിനിക്‌സ് തുടങ്ങിയ ബ്രാൻഡുകൾക്ക് കൂടിയാണ്. ഇപ്പോഴിതാ ഈ നിരയിലേക്ക് മറ്റൊരു ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോയും കടന്ന് വന്നിരിക്കുകയാണ്.
'വേൾഡ് ഓഫ് ടെക്നോ'ളജി ( 'World of TECNOlogy' ) എന്ന പേരിൽ നടത്തിയ ഇവന്റിലാണ് കമ്പനി ഇന്ത്യൻ ലാപ്ടോപ്പ് വിപണിയിലേക്ക് ചുവടുവയ്ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഇതോടൊപ്പം ടെക്നോ പോവ 5 സീരീസ് സ്മാർട്ട്‌ഫോണുകളും മെഗാബുക്ക് ലാപ്‌ടോപ്പുകളും വിവിധ ഓഫറുകൾക്കൊപ്പം അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി.

കഴിഞ്ഞ ആറ് വർഷമായി ഇന്ത്യയിൽ ബ്രാൻഡിന്റെ വളർച്ച ഏറെ ശ്രദ്ധേയമായിരുന്നെന്നും, അതിശയകരമായ രൂപകൽപ്പനയും ശക്തമായ പ്രകടനവും സമന്വയിപ്പിച്ച് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിലൂടെ 20 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിശ്വാസം നേടിടെയുക്കാൻ ടെക്നോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ടെക്‌നോ മൊബൈൽ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.
'' പ്രാദേശിക ഉൽപ്പാദനം, ഗവേഷണം, വികസനം, ടാലന്റ് അക്വിസിഷൻ എന്നിവയിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്, ഇത് ആദ്യത്തെ മെയ്ഡ്-ഇൻ-ഇന്ത്യ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ പോലെയുള്ള നൂതനമായ ഉൽപ്പന്നങ്ങൾക്ക് കാരണമായി. 2023-ലേക്ക് ഉറ്റുനോക്കുമ്പോൾ, തങ്ങളുടെ ഡിവൈസുകളുടെ പോർട്ട്ഫോളിയോ ശക്തിപ്പെടുത്താനും പ്രീമിയം, അൾട്രാ പ്രീമിയം സെഗ്മെന്റുകളിലേക്കുള്ള വളർച്ച വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു''.
ടെക്നോയുടെ ഫാന്റം, കാമോൺ സീരീസ് ഈ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. ടെക്നോ ഇവന്റിൽ പോവ 5 സീരിസിന്റെയും മെഗാബുക്കിന്റെയും ടെക്നോയുടെ ഫെസ്റ്റിവൽ ഓഫറുകളുടെയും തുടക്കം കൂടിയാണ് കുറിക്കപ്പെട്ടിരിക്കുന്നത്. കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ ഉടൻ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. അതിന്റെ ഭാഗമായാണ് ടെക്നോ മെഗാബുക്ക് T1 പ്രഖ്യാപിച്ചിരിക്കുന്നത്.
14.8 എംഎം സ്ലിം രൂപകൽപ്പനയിൽ, ഇന്റൽ 11 ജെൻ പ്രോസസറിന്റെ (കോർ ഐ 7 വരെ) ശക്തമായ പ്രകടന പിന്തുണയുമായാണ് ഈ ടെക്നോ ലാപ്ടോപ്പ് എത്തുക. 16GB വരെ റാമും 1TB SSD സ്റ്റോറേജും കൂടാതെ, ദിവസം മുഴുവനും ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ പവറിനായി 70Wh ബാറ്ററിയും ഇതിലുണ്ട്.
പുത്തൻ മെഗാബുക്കിലൂടെ സ്മാർട്ട്ഫോൺ വിപണിക്ക് പുറമേ, ലാപ്ടോപ്പ് വിപണിയിലെയും പ്രധാന കണ്ണികളിലൊന്നായി മാറാനാണ് ടെക്നോ കണക്കുകൂട്ടുന്നത്. ഈ ലാപ്ടോപ്പിന്റെ വില സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ലാപ്ടോപ്പ് വിപണിയിൽ ശ്രദ്ധ നേടാൻ ലക്ഷ്യമിട്ടുള്ള നീക്കമായതിനാൽ മികച്ച ഫീച്ചറുകൾ താങ്ങാനാകുന്ന വിലയിൽത്തന്നെയാകും ടെക്നോ അവതരിപ്പിക്കുക എന്നാണ് സൂചന.

ടെക്നോ മെഗാബുക്ക് ലാപ്ടോപ്പിന്റെ ലോഞ്ച് തീയതി സംബന്ധിച്ച വിശദാംശങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം ലാപ്ടോപ്പിനൊപ്പം കമ്പനി പ്രഖ്യാപിച്ച ടെക്നോ പോവ 5 സീരീസ് ഓഗസ്റ്റ് 14 ന് ലോഞ്ച് ചെയ്യും. പോവ 5 പ്രോ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകൾ ഈ നിരയിലുണ്ട്. ഈ ഫോണിന്റെ ഔദ്യോഗിക വിലയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഒട്ടേറെ സവിശേഷതകളുമായാണ് ടെക്നോ പോവ 5 പ്രോ എത്തുന്നത്. അറിയിപ്പുകൾക്കും കോളുകൾക്കും മ്യൂസിക്കിനുമായി പിന്നിൽ RGB ലൈറ്റ് ഗാമറ്റ് ഫീച്ചർ ചെയ്യുന്ന "ഇന്റർഫേസ് ARC" എന്ന ടെക്നോയുടെ സ്വന്തം 3D- ടെക്‌സ്ചർ ഡിസൈൻ ആണ് പോവ 5 പ്രോയുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്.
68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് പോവ 5 പ്രോ സ്മാർട്ട്ഫോൺ എത്തുന്നത്. മികച്ച പെർഫോമൻസിനായി മീഡിയടെക് ഡൈമെൻസിറ്റി 6080 പ്രോസസറാണ് ഇതിൽ ഉണ്ടാകുക. 8 ജിബി റാമും ( വെർച്വൽ റാം ഉൾപ്പെടെ ) 256 ജിബി വരെ സ്റ്റോറേജ് ഓപ്ഷനും ഈ ടെക്നോ ഫോൺ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








