തോഷിബ സാറ്റലൈറ്റ് യു845ഡബ്ല്യു അള്‍ട്രാബുക്ക് സവിശേഷതകളിലൂടെ

Posted By: Staff

തോഷിബ സാറ്റലൈറ്റ് യു845ഡബ്ല്യു അള്‍ട്രാബുക്ക് സവിശേഷതകളിലൂടെ

അള്‍ട്രാബുക്ക് വിപണിയില്‍ അടുത്തിടെയാണ് സാറ്റലൈറ്റ് യു845ഡബ്ല്യു മോഡലിനെ തോഷിബ അവതരിപ്പിച്ചത്. വിന്‍ഡോസ് 8 ഒഎസിലുള്ള ലാപ്‌ടോപുകളെ കാത്തിരിക്കുന്ന ഗാഡ്ജറ്റ് പ്രേമികള്‍ക്ക് എന്തെല്ലാം സവിശേഷതളാണ് ഈ മോഡലില്‍ തോഷിബ വാഗ്ദാനം ചെയ്യുന്നതെന്ന് നോക്കാം.

വിന്‍ഡോസ് 7 ഹോം പ്രീമിയം പ്രൊഫഷണല്‍ ഓപറേറ്റിംഗ് സിസ്റ്റമുള്ള യു845ഡബ്ല്യു അള്‍ട്രാബുക്കിന് 14.4 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെയാണുള്ളത്. 1792x768 പിക്‌സല്‍ റെസലൂഷന്‍ ഉള്ള ഈ സ്‌ക്രീനിലൂടെ വീഡിയോ, സിനിമ എന്നിവ മികച്ച രീതിയില്‍ ആസ്വദിക്കാനാകും. അലുമിനിയം, കോപ്പര്‍ ഉപയോഗിച്ചു തയ്യാറാക്കിയ പുറംഭാഗമാണ് ലാപ്‌ടോപിനെ കാഴ്ചയില്‍ തന്നെ ഹൈ എന്‍ഡ് ഗാഡ്ജറ്റായി തോന്നുന്നതില്‍ ഒരു പ്രധാന ഘടകം. വെറും 4 പൗണ്ട് ഭാരമുള്ള ലാപിന് 0.82 ഇഞ്ച് കട്ടിയേ ഉള്ളൂ.

സ്‌നാപ് സ്‌ക്രീന്‍ സൗകര്യമാണ് ഈ ലാപില്‍ എടുത്തുപറയേണ്ട ഒരു പ്രത്യേകത. ഒരേ സമയം രണ്ട് വിന്‍ഡോകള്‍ കാണാന്‍ (രണ്ട് വശങ്ങളിലായി) ഇതിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും. എന്നാല്‍ കീബോര്‍ഡിന്റെ കാര്യമെടുക്കുമ്പോള്‍ ഈ ഉത്പന്നം ഉപഭോക്താക്കളെ അല്പം നിരാശപ്പെടുത്തുന്നുണ്ട്. ടൈപ്പിംഗ്  ക്ലേശകരമാക്കുന്ന തരത്തില്‍ കീകള്‍ വളരെ അടുത്തതുത്തായാണ് ഇതില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഇന്റല്‍ കോര്‍ ഐ5 പ്രോസസര്‍ ഈ അള്‍ട്രാബുക്ക് മോഡലിന് ശക്തമായ പിന്തുണയാണ് നല്‍കുന്നത്. മാത്രമല്ല, പ്രോസസിംഗ് പ്രവര്‍ത്തനങ്ങളുടെ പ്രധാന ഭാഗമാകുകയാണ് ഇതിലെ 6ജിബി റാം സ്റ്റോറേജ്. 500 ജിബി ഹാര്‍ഡ് ഡ്രൈവാണ് യു845ഡബ്ല്യു അള്‍ട്രാബുക്ക് മോഡലില്‍ ഉള്‍പ്പെടുന്നത്. 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജും.

ഹൈ എന്‍ഡ് ലാപ്‌ടോപില്‍ പ്രതീക്ഷിക്കുന്ന കണക്റ്റിവിറ്റി സൗകര്യങ്ങളെല്ലാം തോഷിബ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എതര്‍നെറ്റ് ജാക്ക്, യുഎസ്ബി 3.0, എച്ച്ഡിഎംഐ പോര്‍ട്ട്, ഹെഡ്‌ഫോണ്‍-മൈക് പോര്‍ട്ടുകള്‍ എന്നിവയാണ് ഇതില്‍ വരുന്നത്. അള്‍ട്രാബുക്കിന്റെ താഴെ ഭാഗത്താണ് മെമ്മറി കാര്‍ഡ് റീഡര്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്‍ഗാഡ്ജറ്റ്‌സ് ഇതിന്റെ ബാറ്ററി ബാക്ക്അപ് പരിശോധിച്ചപ്പോള്‍ അഞ്ച് മണിക്കൂറും 13 മിനുട്ടുമാണ് ഇത് വാഗ്ദാനം ചെയ്യുന്നതെന്നാണ് കണ്ടെത്തിയത്.  ഒട്ടുമിക്ക 14 ഇഞ്ച് അള്‍ട്രാബുക്കുകളും അഞ്ച് മണിക്കൂറും 9 മിനുട്ടും ബാക്ക്അപാണ് ലഭ്യമാക്കുന്നതെന്നും ഇത് സാക്ഷ്യപ്പെടുത്തുന്നു.

വില: 52,000 രൂപ മുതല്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot