വീണ്ടും ജീവന്റെ രക്ഷകനായി ആപ്പിൾവാച്ച്; ഹൃദയത്തിൽനിന്ന് നന്ദി പറഞ്ഞ് ഉടമ!

ആപ്പിൾ വാച്ചുകൾ ജീവൻ രക്ഷിക്കുന്നത് ഒരു പുതുമയല്ലാതായി മാറിയിട്ട് കുറച്ച് നാളുകളായി. വിവിധ രീതികളിൽ ആപ്പിൾ വാച്ച് പലരുടെയും ജീവൻ രക്ഷിച്ച വാർത്ത ഓരോ തവണ എത്തുമ്പോഴും ഏറെ അദ്ഭുതത്തോടെ ആണ് ആളുകൾ ആ വാർത്ത കേട്ടിരുന്നത്. എന്നാൽ ചിലർക്ക് ഇീ വാർത്തകൾ ദഹിക്കാൻ കുറച്ച് പാടാണ്. അങ്ങനെയാന്നും ഉണ്ടായിക്കാണില്ല, എല്ലാം പരസ്യത്തിനായി ആപ്പിൾ അടിച്ചുവിടുന്നതാണ് എന്നാണ് അവർ പറയുക. അവരെയും കുറ്റം പറയാൻ പറ്റില്ല, വിശ്വസിക്കാനാകാത്ത മികവ് പുറത്തെടുക്കുന്ന ആപ്പിൾ വാച്ചിനുള്ള ഒരു അംഗീകാരമായി ഈ 'അവിശ്വാസത്തെ' കണ്ടാൽ മതി. വിശ്വസിച്ചാലും ഇല്ലെങ്കിലും ആപ്പിൾ സ്മാർട്ട് വാച്ച് ജീവൻ രക്ഷിച്ച ഒരു സംഭവം കൂടി ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്.
നന്ദി പറഞ്ഞ് കുറിപ്പ്...
ഒരു റെഡ്ഡിറ്റ് യൂസറാണ് തന്റെ ജീവൻ രക്ഷിച്ചതിന് ആപ്പിൾ സ്മാർട്ട് വാച്ചിന് നന്ദി പറഞ്ഞ് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കഠിനമായ ആന്തരിക രക്തസ്രാവത്താൽ താൻ മരിക്കുമായിരുന്നെന്നും തന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ആപ്പിൾ വാച്ചും അത് നൽകിയ മുന്നറിയിപ്പും ആണ് എന്നുമാണ് ഡിജിറ്റൽമോഫോ എന്ന പ്രൊഫൈലിൽ നിന്നും പങ്കുവച്ച കുറിപ്പിലൂടെ അയാൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഏറെ ക്ഷീണിതനായിട്ടാണ് താൻ ഉറങ്ങാൻ കിടന്നത്. ഈ സമയം പൾസ്റേറ്റ് ഉയർന്ന നിലയിലാണെന്ന് തന്റെ ആപ്പിൾ 7 സീരീസ് സ്മാർട്ട് വാച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു.

നിർത്താതെ മുന്നറിയിപ്പുകൾ...
എന്നാൽ ഡിഎൻഡി മോഡിൽ ആയിരുന്നതിനാൽ ഈ നോട്ടിഫിക്കേഷൻ വന്നതൊന്നും താൻ അറിഞ്ഞില്ല. തുടർന്ന് എണീറ്റപ്പോൾ വാച്ച് പരിശോധിച്ചപ്പോഴാണ് മെസേജുകൾ കണ്ടത്. അപ്പോഴും വാച്ച് നിർത്താതെ മുന്നറിയിപ്പുകൾ നൽകുന്നുണ്ടായിരുന്നു. ജോലിയുടെ സമ്മർദ്ദം മൂലമുള്ള ക്ഷീണമാകാം ഇതിന് കാരണം എന്നുകരുതിയ വാച്ചുടമ അന്ന് ജോലിക്ക് പോകാതെ പുറത്തൊക്കെ പോയി ചുറ്റിയടിക്കാൻ തീരുമാനിച്ചു. എന്നാൽ ക്ഷീണം കാരണം കുറച്ച് കഴിഞ്ഞാകാം യാത്ര എന്നുകരുതി അദ്ദേഹം വിശ്രമിച്ചു. എന്നാൽ ഈ ഘട്ടത്തിലും വാച്ച് മുന്നറിയിപ്പുകൾ തുടർന്നുകൊണ്ടേയിരുന്നു. അതോടെ പ്രശ്നം എന്താണെന്ന് അറിയാൻ തന്റെ ഡോക്ടറുമായി ബന്ധപ്പെടാൻ അയാൾ തീരുമാനിക്കുകയും ഡോക്ടറെ വീഡിയോ കോൾ ചെയ്യുകയും ചെയ്തു.
അടിയന്തരമായി ആശുപത്രിയിലേക്ക്...
തുടർന്ന് പൾസ് നിരക്കും ഓക്സിജൻ നിലയും ഉൾപ്പെടെയുള്ള വിവരങ്ങൾ ഡോക്‌ടർ വിവരങ്ങളും ലക്ഷണങ്ങളും ചോദിച്ചറിഞ്ഞു. തൊട്ടുപിന്നാലെ ഡോക്ടർ തന്നെ 911 കോൾ ചെയ്ത് ആംബുലൻസ് സേവനം ആവശ്യപ്പെടുകയും അദ്ദേഹത്തെ ആശുപത്രിയിലേക്ക് വേഗത്തിൽ എത്തിക്കാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിൽ അയാളുടെ ഹീമോഗ്ലോബിൻ നിരക്ക് 3 g/dL ആയി കുറഞ്ഞതായി ഡോക്ടർമാർ കണ്ടെത്തി. സാധാരണഗതിയിൽ പുരുഷന്മാരുടെ ഹീമോഗ്ലോബിൻ 13 g/dL-ൽ കൂടുതലും സ്ത്രീകൾക്ക് 13 g/d-ൽ കൂടുതലും ആയിരിക്കണം.

ഹീമോഗ്ലോബിൻ അളവ്
ഹീമോഗ്ലോബിന്റെ അളവ് 5.0 g/dl-ൽ താഴെയുള്ളത് അപകടകരമാണ്, ഇത് ഹൃദയസ്തംഭനത്തിനോ മരണത്തിനോ കാരണമാകാം. അതിനാൽത്തന്നെ ഏറെ ഗുരുതരമായ അവസ്ഥയിലാണ് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് അദ്ദേഹം കുറിച്ചു. അദ്ദേഹത്തിന് ഹൃദയാഘാതമാകാം ഉണ്ടായിരിക്കുന്നത് എന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്. എന്നാൽ വിശദമായ പരിശോധനയിൽ ദഹനനാളത്തിൽ രക്തസ്രാവമുണ്ടെന്ന്(ജിഐ ബ്ലീഡിങ്) കണ്ടെത്തി. ആശുപത്രിയിൽ എത്താൻ വൈകിയിരുന്നു എങ്കിൽ ഉറക്കത്തിൽതന്നെ താൻ മരിക്കുമായിരുന്നെന്നു ഡോക്ടർമാർ വെളിപ്പെടുത്തിയതായും ആപ്പിൾ വാച്ചിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പിൽ അദ്ദേഹം പറയുന്നു.
മുൻപും ജീവൻ രക്ഷിച്ചിട്ടുണ്ട്
ആപ്പിൾ വാച്ചിലെ വിവിധ ഫീച്ചറുകൾ മനുഷ്യജീവൻ മുൻപും രക്ഷിച്ചിട്ടുണ്ട്. ഇവിടെ അപകടം കണ്ടെത്തിയത് അതിന്റെ ഇൻബിൽറ്റ് പൾസ് റേറ്റ് മോണിറ്ററാണ്. ഇതോടൊപ്പം ആപ്പിൾ വാച്ചിലെ ഹാർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിന് ക്രമരഹിതമായ ഹൃദയമിടിപ്പും, SpO2 ഓക്സിജന്റെ അളവും കണ്ടെത്തുന്നു. ഈ വിവരങ്ങൾ എല്ലാം വിശകലനം ചെയ്താണ് അസാധാരണ സന്ദർഭങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാനുൾപ്പെടെ ആപ്പിൾ വാച്ചിലെ എമർജൻസി എസ്ഒഎസ് സംവിധാനം സഹായിക്കുന്നു.


Click it and Unblock the Notifications