എന്തിനും ഏതിനും ഇനി മാമച്ചനല്ല 'വാച്ചച്ചൻ'! ആപ്പിൾ വാച്ച് 10, വാച്ച് അൾട്ര 2 ലോഞ്ച് ചെയ്തു
ലോകമാകെയുള്ള ടെക്നോളജി പ്രേമികളുടെ കാത്തിരുപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ആപ്പിൾ ഇറ്റ്സ്ഗ്ലോടൈം ഇവന്റിൽ പുത്തൻ ആപ്പിൾ ഡിവൈസുകൾ അവതരിപ്പിക്കപ്പെട്ടു. പുതിയ ഐഫോൺ 16 സീരീസിന്റെ ലോഞ്ചിനാൽ ശ്രദ്ധേയമായ ആപ്പിൾ ഇറ്റ്സ് ഗ്ലോടൈം ഇവന്റിൽ ആദ്യം അവതരിപ്പിക്കപ്പെട്ടത് ആപ്പിൾ വാച്ച് 10 സീരീസ് ആയിരുന്നു. ആപ്പിൾ വാച്ച് 10, ആപ്പിൾ വാച്ച് അൾട്ര 2 എന്നിവ ഒട്ടനവധി മികച്ച ഫീച്ചറുകളോടെയാണ് എത്തിയിരിക്കുന്നത്. ഏറ്റവും വലിയ ഡിസ്പ്ലേയും വലിപ്പം കുറഞ്ഞ ഡിസൈനുമായിട്ടാണ് ആപ്പിൾ വാച്ച് 10 സീരീസ് എത്തിയിരിക്കുന്നത്. വൈഡ് ആംഗിൾ OLED ഡിസ്പ്ലേയാണ് ആപ്പിൾ വാച്ച് 10 സീരീസിൽ ആപ്പിൾ നൽകിയിരിക്കുന്നത്.
40% വരെ വർധിത ബ്രൈറ്റ്നസുമായിട്ടാണ് ആപ്പിൾ വാച്ച് 10 സീരീസ് ഡിസ്‌പ്ലേ എത്തിയിരിക്കുന്നത്. ഓൾവെയ്സ് ഓൺ മോഡ് പിന്തുണയും ഈ ഡിസ്പ്ലേയ്ക്കുണ്ട്. കാർബൺ ന്യൂട്രൽ പോളിസി മുറുകെപ്പിടിച്ചുകൊണ്ടാണ് വാച്ച് 10 തയാറാക്കിയിരിക്കുന്നത് എന്ന് ആപ്പിൾ പറയുന്നു. വാച്ച് ഒഎസ് 11 അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം.

ആപ്പിൾ വാച്ചുകളെ ലോകപ്രശസ്തമാക്കിയ ഹെൽത്ത് ഫീച്ചറുകൾ കൂടുതൽ ശക്തമായി വാച്ച് 10 സീരീസിൽ ഇടംപിടിച്ചിട്ടുണ്ട്. "സ്ലീപ് അപ്നിയ കണ്ടുപിടിക്കാൻ, ആപ്പിൾ വാച്ച് ആക്സിലറോമീറ്റർ ഉപയോഗിച്ച് ഉറക്കത്തിൽ സ്ലീപ് ഡിസ്റ്റർബൻസ് വിലയിരുത്തുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ഓരോ 30 ദിവസത്തിലും ഉറക്കത്തിൻ്റെ തോത് മനസ്സിലാക്കാൻ ഇത് സഹായിക്കും.
ആപ്പിൾ വാച്ച് ഉപയോക്താവിന്റെ ശ്വസന അസ്വസ്ഥതയുടെ ഡാറ്റ വിശകലനം ചെയ്യുകയും മിതമായതും കഠിനവുമായ സ്ലീപ് അപ്നിയയുടെ സ്ഥിരമായ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ അറിയിക്കുകയും ചെയ്യുമെന്ന് ആപ്പിൾ പറയുന്നു. ഡബിൾ ടാപ്പ്, എമർജൻസി SOS, ഫോൾ ഡിറ്റക്ഷൻ എന്നീ ഫീച്ചറുകളും മരുന്ന് കഴിക്കാൻ ഓർമ്മപ്പെടുത്തൽ, രാത്രിയിൽ ശരീര-താപനില ട്രാക്കുചെയ്യൽ അടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

ആപ്പിൾ വാച്ചിൽ അവതരിപ്പിച്ചിരിക്കുന്ന സ്യീപ് അപ്നീയ (Sleep apnea) ഫീച്ചർ ഈ മാസം തന്നെ 150ൽ അധികം രാജ്യങ്ങളിൽ ലഭ്യമാകും. വർക്ക്ഔട്ട് ട്രാക്കിങ് ഇതിൽ ഏറെ കരുത്തുറ്റതാണ്. നീന്തുമ്പോൾ വർക്ക്ഔട്ട് ആപ്പ് ജലത്തിൻ്റെ താപനില കാണിക്കും. പുതിയ ടൈഡ്സ് ആപ്പ് ജലനിരപ്പിലെ മാറ്റങ്ങൾക്കായി ദിവസത്തിൻ്റെ സമയം ട്രാക്ക് ചെയ്യാൻ സഹായിക്കും, കൂടാതെ "ലോകമെമ്പാടുമുള്ള തീരപ്രദേശങ്ങൾക്കായുള്ള ഡാറ്റ"യും ഇതിൽ ഉൾപ്പെടുന്നു.
സ്റ്റൈയിൻലസ് സ്റ്റീലിനു പകരം ടൈറ്റാനിയം മെറ്റാലിക് ലുക്കിൽ എത്തുന്നു. ആപ്പിൾ വാച്ച് സീരീസ് 10-ൻ്റെ വില യുഎസിൽ 399 ഡോളർ (ഏകദേശം 33,000 രൂപ) മുതൽ ആരംഭിക്കുന്നു. ഇത് GPS, LTE എന്നീ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്. രണ്ടാമത്തെ വേരിയന്റിൻ്റെ വില 499 ഡോളർ ആണ്. പ്രീ-ഓർഡറുകൾ ഇന്ന് ആരംഭിക്കും, ഇത് സെപ്റ്റംബർ 20 മുതൽ വിൽപ്പനയ്‌ക്കെത്തും.

സ്പോർട്സ് പ്രേമികളെ ലക്ഷ്യമിട്ട് കൂടുതൽ കരുത്തുറ്റ ആപ്പിൾ വാച്ച് അൾട്ര 2 സ്മാർട്ട് വാച്ചും (Apple Watch Ultra 2) ആപ്പിൾ അവതരിപ്പിച്ചു. ബ്ലാക്ക് ടൈറ്റാനിയും ബാൻഡ്സ് സഹിതമാണ് അൾട്ര 2 എത്തുന്നത്. ആപ്പിൾ വാച്ച് അൾട്രയുടെ വില 799 ഡോളർ ആണ്. സെപ്റ്റംബർ 20 മുതൽ ഇത് വിൽപ്പന ആരംഭിക്കും.

ആപ്പിൾ വാച്ചുകൾക്കൊപ്പം പുതിയ ആപ്പിൾ ഇയർബഡ്സ് എന്ന നിലയിൽ ആപ്പിൾ എയർപോഡ്സ് 4, എയർപോഡ്സ് മാക്സ് ഹെഡ്ഫോൺ എന്നിവ അവതരിപ്പിച്ചു. ആക്ടീവ് നോയിസ് ക്യാൻസലേഷൻ, പഴ്സണലൈസ്ഡ് സ്പേഷ്യൽ ഓഡിയോ, വോയിസ് ഐസോലേഷൻ, യുഎസ്ബി ടൈപ്പ് സി ആൻഡ് വയർലെസ് ചാർജിങ്, ഫോഴ്സ് സെൻസറുകൾ, 30 മണിക്കൂർ ബാറ്ററി ലൈഫ്, അഡാപ്റ്റീവ് ഓഡിയോ, കോൺവർസേഷൻ അവയർനെസ്, കേസ് സ്പീക്കർ എന്നിവയാണ് എയർപോഡ്സ് 4ന്റെ പ്രധാന ഫീച്ചറുകൾ.

ആപ്പിൾ എയർപോഡ്സ് 4 യുഎസിൽ 129 ഡോളറിന് ലഭ്യമാണ്, അതേസമയം എഎൻസിയുള്ള മോഡലിന് 179 ഡോളർ ആണ് വില. പ്രീ-ഓർഡറുകൾ ഇപ്പോൾ ലഭ്യമാണ്, രണ്ട് മോഡലുകളും സെപ്റ്റംബർ 20 ന് പുറത്തിറങ്ങും. എയർപോഡ് മാക്സ് യുഎസിൽ 549 ഡോളറിന് ലോഞ്ച് ചെയ്‌തു, പ്രീ-ഓർഡറുകൾ ഇന്ന് മുതലും വിൽപ്പന സെപ്റ്റംബർ 20-നും ആരംഭിക്കും.


Click it and Unblock the Notifications