ആപ്പിൾ എയർപോഡുകളിലും സെൻസറുകൾ എത്തുന്നു; കേൾവിക്കുറവ് ഉൾപ്പെടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ!
ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായ നിരവധി ഇടപെടലുകൾ നടത്താൻ കഴിഞ്ഞ ആപ്പിൾ വാച്ചുകളുടെ നിരവധി കഥകൾ നാം ദിവസവും കേൾക്കുന്നുണ്ട്. വിവിധ തരം സെൻസറുകൾ ഉപയോഗിച്ച് മനുഷ്യന്റെ വിവിധ ആരോഗ്യ കാര്യങ്ങൾ നിരീക്ഷിക്കുകയും വിശകലനം ചെയ്ത് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതിൽ ആപ്പിൾ വാച്ചുകൾ കഴിവ് തെളിയിച്ചവയാണ്.
എന്നാലിപ്പോൾ, സ്മാർട്ട് വാച്ചിനു പുറമെ എയർപോഡുകളിലും ആപ്പിൾ ആരോഗ്യ സംബന്ധമായ സവിശേഷതകൾ കൂട്ടിച്ചേർക്കാൻ തയാറെടുക്കുന്നു എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളൽ ആപ്പിൾ തങ്ങളുടെ എയർപോഡിൽ ഹെൽത്ത് ഫീച്ചറുകൾ കൂട്ടിച്ചേർക്കുമെന്ന് ബ്ലൂം ബർഗിന്റെ മാർക്ക് ഗുർമൻ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേൾവി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഏറെ സഹായകമാകുന്ന വിധത്തിലുള്ളതാകും ആപ്പിളിന്റെ എയർപോഡുകളെന്നും അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ എയർപോഡുകളിൽ നവീകരണം അവതരിപ്പിക്കാനാണ് ആപ്പിൾ ശ്രമിച്ചുവരുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം, എയർപോഡ്‌സ് ലൈറ്റ് എന്ന് വിളിക്കപ്പെടുന്ന പുതിയ തലമുറ എയർപോഡുകൾക്കായും ആപ്പിൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്.
കേൾവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന സംവിധാനങ്ങൾ എയർപോഡിൽ കൊണ്ടുവരാൻ ആപ്പിൾ ശ്രമിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗികമായി പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. എങ്കിലും എയർപോഡുകളിലെ പുതിയ ഹെൽത്ത് സെൻസറുകൾ 2025-ൽ കാണാൻ കഴിയുമെന്നാണ് ഗുർമന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ശബ്ദങ്ങൾ തത്സമയം തന്നെ ബൂസ്റ്റ് ചെയ്ത് കേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള ശ്രവണ സംബന്ധിയായ ഫീച്ചറുകൾ എയർപോഡ്സ് പ്രോ മോഡലുകളിൽ സജ്ജമാക്കാൻ ആപ്പിൾ ഇതിനകം പ്രവർത്തിച്ചു വരികയാണെന്ന് ഗുർമാൻ കുറിക്കുന്നു. എന്നാൽ ഈ ഫീച്ചറുകൾക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകാരം നൽകിയിട്ടില്ല എന്നാണ് വിവരം.

പരീക്ഷണങ്ങൾ വിജയമായാൽ വരും വർഷങ്ങളിൽ പുറത്തിറങ്ങുന്ന ആപ്പിൾ എയർപോഡുകൾ ചിലരുടെയെങ്കിലും കേൾവിശക്തിക്ക് കരുത്തുപകരുന്ന കഴിവുകളുമായാണ് പുറത്തുവരിക. ശ്രവണസഹായികൾക്ക് ബദലായി എയർപോഡുകൾ പ്രവർത്തിച്ചേക്കുമെന്ന് മുമ്പ് ഒരു റിപ്പോർട്ടിൽ ഗുർമൻ പറഞ്ഞിരുന്നു. എയർപോഡിൽ ആപ്പിൾ നടത്തുന്ന നവീകരണം സംബന്ധിച്ച് 2016 മുതൽ തന്നെ വാർത്തകൾ വന്നിരുന്നു.
വിവിധ ആരോഗ്യ നിരീക്ഷണ സെൻസറുകൾ എയർപോഡിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ത്വക്ക് സമ്പർക്കത്തിലൂടെയും ബിൽറ്റ്-ഇൻ മോഷൻ സെൻസറുകളിലൂടെയും താപനില, ഹൃദയമിടിപ്പ്, വിയർപ്പ് അളവ് എന്നിവയും മറ്റും അളക്കാൻ സഹായിക്കുന്ന ഫീച്ചറുകൾ എയർപോഡിൽ കൊണ്ടുവരാൻ നീക്കം നടക്കുന്നതായും നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
അടുത്ത വർഷം വരെ ആപ്പിൾ അതിന്റെ എയർപോഡ്സ് ലൈനപ്പ് അപ്‌ഗ്രേഡ് ചെയ്തേക്കില്ല എന്നാണ് പ്രശസ്ത ആപ്പിൾ അനലിസ്റ്റ് മിംഗ് ചി കുവോ അഭിപ്രായപ്പെട്ടിരിക്കുന്നത്. അടുത്ത തലമുറ ആപ്പിൾ എയർപോഡ് 2024 അല്ലെങ്കിൽ 2025-ൽ ഷിപ്പിംഗ് ആരംഭിച്ചേക്കാം എന്നാണ് മിംഗ് ചി കുവോ പറയുന്നത്.

രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ, ഹൃദയമിടിപ്പ് തുടങ്ങിയ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിന് ആംബിയന്റ് ലൈറ്റ് സെൻസറുകൾ ആപ്പിൾ എയർപോഡിൽ ചേർക്കുന്നതായി റിപ്പോർട്ടുണ്ട്. നിലവിൽ ആരോഗ്യവുമായി ബന്ധപ്പെട്ട ഫീച്ചറുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിൽ ആപ്പിൾ സ്മാർട്ട് വാച്ചുകൾ ഏറെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. ഈ നിരയിലേക്ക് എയർപോഡ് കൂടി എത്തിയാൻ ആപ്പിൾ കൂടുതൽ കരുത്തനാകും.
ആരോഗ്യ പരിപാലനത്തിൽ മേധാവിത്വം പുലത്തുന്ന നിലയിലേക്ക് ആപ്പിൾ ഉൽപ്പന്നങ്ങൾ വളരുന്നത് കമ്പനിയുടെ വളർച്ചയെ ഏറെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു. നിലവിൽ ആപ്പിളിന്റെ എയർപോഡ്സ് 2 വിന് ഇന്ത്യയിൽ 14,900 രൂപയോളമാണ് വില. എയർപോഡ്സ് 3യ്ക്ക് ഏകദേശം 19,900 രൂപയും വിലയുണ്ട്.


Click it and Unblock the Notifications








