ഗ്ലൂക്കോസ് നിലയറിയാൻ ഇനി കുത്തും ചോരചീറ്റലും വേണ്ട, ആപ്പിൾ സ്മാർട്ട് വാച്ച് കൂടുതൽ സ്മാർട്ടാകും!
ജീവൻ രക്ഷിക്കുന്നതിൽ ആപ്പിൾ സ്മാർട്ട് വാച്ചുകൾ പുലർത്തുന്ന അത്ര മികവ് മറ്റൊരു ഡിവൈസിലും നമുക്ക് കണ്ടെത്താൻ കഴിഞ്ഞു എന്നുവരില്ല. ആളുകളുടെ ശാരീരിക ആരോഗ്യവുമായി ബന്ധപ്പെട്ട് ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നത് ഉൾപ്പെടെ ഒരുപാട് ഫീച്ചറുകൾ ആപ്പിൾ വാച്ചുകൾ നൽകുന്നുണ്ട്. ആപ്പിൾ വാച്ചുകൾ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി എന്ന് പലപ്പോഴും നാം കേൾക്കുന്നു.
പലരും അവിശ്വാസത്തോടെയാണ് ഇത്തരം വാർത്തകളെ നോക്കിക്കാണുന്നത്. ഒരു വാച്ചിന് ഇതൊക്കെ സാധിക്കുമോ എന്ന വഴിക്കാണ് പലരുടെയും ചിന്ത പോകുന്നത്. എന്നാൽ അസാധ്യമായവ സാധ്യമാക്കുന്നതിൽ ഹരം കണ്ടെത്തുന്ന സ്ഥാപനമാണ് ആപ്പിൾ. ഓരോ ദിവസം കഴിയുന്തോറും കൂടുതൽകൂടുതൽ മികച്ച ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് മനുഷ്യ ജീവൻ രക്ഷിക്കുന്നതിൽ കൂടുതൽ സംഭാവനകൾ നൽകാൻ അവർ ശ്രമിക്കുന്നു.

ഇപ്പോൾ ഏറ്റവും ഒടുവിലായി ആപ്പിൾ വാച്ചുകളെ സംബന്ധിച്ച് എത്തിയിരിക്കുന്ന വാർത്ത ശരിക്കും ആവേശകരമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ നില അറിയാനുള്ള സംവിധാനം വൈകാതെ ആപ്പിൾ വാച്ചുകളിൽ പ്രതീക്ഷിക്കാം എന്നതാണ് ആ വാർത്ത. നിലവിൽ ഇത് സംബന്ധിച്ച പരീക്ഷണങ്ങൾ നടക്കുന്നതേയുള്ളൂ. എങ്കിലും നിർണായകമായ നാഴികക്കല്ലുകൾ പിന്നിട്ടിരിക്കുന്നു എന്നതാണ് ഇപ്പോൾ പ്രതീക്ഷ പകരുന്നത്.
ശരീരത്തിൽ കുത്തി രക്തമെടുക്കാതെ തന്നെ ഒരാളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില അറിയാൻ കഴിയും എന്നതാണ് ആപ്പിൾ കൊണ്ടുവരാൻ പോകുന്ന ഗ്ലൂക്കോസ് നിരീക്ഷണ ഫീച്ചറിന്റെ പ്രത്യേകത. ഇത് ആളുകളുടെ ആരോഗ്യപരിപാലനത്തിൽ നിർണായക വഴിത്തിരിവാകാൻ ശേഷിയുള്ള ഫീച്ചർ ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രമേഹരോഗികൾക്കാണ് ഈ സംവിധാനം കൂടുതൽ അനുഗ്രഹമാകുക.
ആരോഗ്യ സംരക്ഷണ കാര്യത്തിൽ എതിരാളികളില്ലാത്ത ശക്തികേന്ദ്രമായി മാറാൻ ഈ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനം ആപ്പിളിനെ സഹായിക്കും. ലോകമെമ്പാടുമായി ദശലക്ഷക്കണക്കിന് പ്രമേഹ രോഗികളാണ് ഉള്ളത്. ഇവരുടെ ആരോഗ്യസംരക്ഷണത്തിനും പ്രമേഹം ഉണ്ടാകാൻ സാധ്യതയുള്ള ആളുകളുടെ സംരക്ഷണത്തിനും നിർണായകമാകാൻ ഈ ഗ്ലൂക്കോസ് നിരീക്ഷണ സംവിധാനത്തിന് കഴിയും.

സിലിക്കൺ ഫോട്ടോണിക്സ് എന്നറിയപ്പെടുന്ന ചിപ്പ് സാങ്കേതികവിദ്യയും ഒപ്റ്റിക്കൽ അബ്സോർപ്ഷൻ സ്പെക്ട്രോസ്കോപ്പി എന്ന അളവെടുപ്പ് പ്രക്രിയയും ഉപയോഗിച്ചാണ് ഈ ഗ്ലൂക്കോസ് മോണിറ്ററിങ് സിസ്റ്റം ആപ്പിൾ തയാറാക്കുന്നത്. ഗ്ലൂക്കോസ് ആഗിരണം ചെയ്യാൻ കഴിയുന്ന ഇന്റർസ്റ്റീഷ്യൽ ഫ്ലൂയിഡ് ചർമ്മത്തിന് താഴെയുള്ള ഒരു പ്രദേശത്തേക്ക് പ്രകാശത്തിന്റെ പ്രത്യേക തരംഗദൈർഘ്യം പുറപ്പെടുവിക്കാൻ സിസ്റ്റം ലേസർ ഉപയോഗിക്കുന്നു.
ഗ്ലൂക്കോസിന്റെ സാന്ദ്രത സൂചിപ്പിക്കുന്ന തരത്തിൽ പ്രകാശം സെൻസറിലേക്ക് പ്രതിഫലിക്കുന്നു. തുടർന്ന് ഒരു അൽഗോരിതം വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നു- ഈ വിധത്തിലാണ് ആപ്പിൾ പരീക്ഷണം മുന്നേറിക്കൊണ്ടിരിക്കുന്നത്. ആപ്പിളിന്റെ നോ-പ്രിക് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഇപ്പോൾ "പ്രൂഫ്-ഓഫ്-കൺസെപ്റ്റ് ഘട്ടത്തിലാണ്" എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ ഈ പ്രോട്ടോടൈപ്പ് ഉപകരണത്തിന് ഐഫോണിന് സമാനമായ വലുപ്പമുണ്ടെന്നും ഒരു പുരുഷന്റെ കൈയിൽ എളുപ്പത്തിൽ ഘടിപ്പിക്കാൻ കഴിയുമെന്നും പറയപ്പെടുന്നു. വാച്ചിൽ ഉൾപ്പെത്തണമെങ്കിൽ ഇതിന്റെ വലിപ്പം ഇനിയും കുറയ്ക്കേണ്ടതുണ്ട്. ഇനിവരുന്ന ആപ്പിൾ വാച്ചുകളിൽ ഈ ഗ്ലൂക്കോസ് മോണിറ്ററിങ് സംവിധാനം ഉണ്ടാകുമോ എന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല.

വാച്ചിൽ ഉൾപ്പെടുത്തുന്ന നിലയിലേക്ക് എത്താൻ കുറച്ചുകൂടി സമയം എടുക്കും എന്നാണ് വിവരം. ഗ്ലൂക്കോസ് നിരീക്ഷണം എളുപ്പമാക്കാൻ ആപ്പിൾ ശ്രമിക്കുന്നതായി വർഷങ്ങൾക്ക് മുമ്പ് തന്നെ വാർത്തകൾ വന്നിരുന്നു. ഒരുപാട് വമ്പൻ കമ്പനികൾ ഇതിനായി വൻ പരീക്ഷണങ്ങൾ നടത്തിയിരുന്നു എങ്കിലും ഒന്നും വിജയിക്കാതെ പാതിവഴിയിൽ അവസാനിക്കുകയായിരുന്നു.
2010 ൽ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സ്റ്റാർട്ടപ്പായ റെർലൈറ്റിനെ ഏറ്റെടുത്തതോടെയാണ് ആപ്പിൾ ഈ നീക്കം ആരംഭിച്ചത്. അന്നുമുതൽ കമ്പനി വളരെ രഹസ്യമായി പദ്ധതിയിൽ പ്രവർത്തിക്കുന്നു. മറ്റു പലരും തോറ്റ് പിന്മാറിയപ്പോഴും ആപ്പിൾ ലക്ഷ്യത്തിൽ ഉറച്ചുനിന്നു. അതിന്റെ ഫലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ പുരോഗതി.
വിചാരിക്കുന്നതിനെക്കാൾ വേഗത്തിലാണ് ആപ്പിൾ ഗ്ലൂക്കോസ് മോണിട്ടറിങ് ഫീച്ചർ വികസനവുമായി മുന്നോട്ട് പോകുന്നതെന്ന് ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. ആപ്പിൾ പരീക്ഷണം യാഥാർഥ്യമായാൽ ലോകമെമ്പാടുമായുള്ള ദശലക്ഷക്കണക്കിന് പ്രമേഹ രോഗികൾക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച ഉപകരണമായി ആപ്പിൾ സ്മാർട്ട് വാച്ചുകൾ മാറും.


Click it and Unblock the Notifications








