ഇനി കാണാം ആപ്പിളിന്റെ മാജിക്, പുതിയ ഐപാഡുകൾക്ക് നൽകുക മാജിക് കീബോർഡ്; സവിശേഷതകൾ നിരവധി
പുതിയ ഐപാഡുകൾക്ക് മാജിക് കീബോർഡുകൾ നൽകാൻ തയ്യാറായി ആപ്പിൾ. ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2024ൽ മാജിക് കീബോർഡുകൾ അടങ്ങിയ ഐപാഡുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപാഡുകളുടെ പ്രൊ പതിപ്പുകളിൽ ആയിരിക്കും മാജിക് കീബോർഡുകൾ ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഇതുവരെ പുറത്തിറങ്ങിയിട്ടില്ലാത്ത M3 ചിപ്പും OLED സ്ക്രീനുകളും ഐപാഡുകളിൽ സ്ഥാനം പിടിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഈ കീബോർഡിന്റെ പണിപ്പുരയിലാണ് ആപ്പിൾ. കീബോർഡിന് ചുറ്റുമുള്ള പ്രദേശം അലുമിനിയം കൊണ്ട് കവർ ചെയ്യുമെന്നും ഈ റിപ്പോർട്ടിൽ അവകാശപ്പെടുന്നു. എന്നിരുന്നാലും ഭാരവ്യത്യാസം നിസ്സാരമായിരിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. അലുമിനിയത്തിന് പുറമെ മറ്റേന്തെങ്കിലും ചിലവേറിയ വസ്തുക്കൾ കൂടി ഇതിൽ ഉപയോഗിച്ചാൽ സാധനത്തിന്റെ വില വർധിക്കാനും സാധ്യതയുണ്ട്.

നിലവിൽ, ഐപാഡ് പ്രോ 11 ഇഞ്ചിനുള്ള മാജിക് കീബോർഡിന്റെ വില 29,999 രൂപ ആണ് 12.9 ഇഞ്ച് ഐപാഡ് പ്രോയുടെ വിലയാകട്ടെ 33,900 രൂപയും വരാനിരിക്കുന്ന കീബോർഡ് ആക്സസറിക്ക് കൂടുതൽ മാക് പോലെയുള്ള ഒരു വലിയ ട്രാക്ക്പാഡ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 11 ഇഞ്ച്, 13 ഇഞ്ച് എന്നിവയിലും ആപ്പിൾ ഒഎൽഇഡി ഡിസ്‌പ്ലേകൾ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. 2024 രണ്ടാം പകുതിയോടെ മാജിക് കീബോർഡ് അടങ്ങിയ ഐപാഡുകൾ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത ഐപാഡ് പ്രോ മോഡൽ അവതരിപ്പിക്കുന്നതിന് മുമ്പ് ആപ്പിൾ പുതിയ ഐപാഡ് എയർ അല്ലെങ്കിൽ ഐപാഡ് മിനി മോഡലുകൾ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഗുർമാന്റെ റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ആപ്പിളിന്റെ പുതിയ ഐഫോൺ 15 സീരീസുകൾ ഈ മാസം 12 പുറത്തിറക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആപ്പിൾ ആസ്ഥാനമായ കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ ആയിരിക്കും ലോഞ്ച് ഇവന്റ് നടക്കുക. പുതിയ ആപ്പിൾ വാച്ച് സീരീസും ചടങ്ങിൽ അവതരിപ്പിക്കും.

അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 15 സീരീസ് ഫോണുകളെക്കുറിച്ച് നിരവധി വാർത്തകളും പരക്കുന്നുണ്ട്. വമ്പൻ അപ്ഗ്രേഡ് തന്നെ ഇത്തവണ ആപ്പിൾ ഒരുക്കിയിട്ടുണ്ട് എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. ഫോണുകളുടെ പ്രോ വേരിയന്റുകൾക്ക് പുതിയ ട്രിപ്പിൾ ക്യാമറ സിസ്റ്റം ലഭിക്കാൻ സാധ്യത ഉണ്ട്. പ്രോ മാക്‌സ് മോഡലിൽ ഒരു പെരിസ്‌കോപ്പ് ലെൻസ് ഫീച്ചർ ചെയ്യുമെന്ന് സൂചനയുണ്ട്. ഇതിന് പുറമെ സി-ടൈപ് ചാർജിങ് പോർട്ടും പുതിയ ഫോണിന്റെ സവിശേഷതയാണ്.
ഇത്തവണ പുതിയ ഐഫോൺ പുറത്തിറങ്ങുമ്പോൾ ഇന്ത്യയിലും കാര്യങ്ങൾ വ്യത്യാസമായിരിക്കും. സാധാരണയായി ഫോൺ അന്താരാഷ്ട്രാ മാർക്കറ്റിൽ എത്തി നാളുകൾ കഴിഞ്ഞാണ് ഇന്ത്യയിലെത്തുക. എന്നാൽ ഇത്തവണ ഇന്ത്യയിലും ഫോൺ നേരത്തെ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ഐഫോണുകളുടെ നിർമാണം ഇന്ത്യയിൽ നടക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന കാരണം. ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ ഇന്തയിൽ ആരംഭിച്ച ശേഷം ആദ്യമായി നടക്കുന്ന ഐഫോൺ ലോഞ്ച് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഐഫോണുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിന് പുറമെ ഇവ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കപ്പെടും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഇത് രാജ്യത്തിന് തന്നെ വലിയ നേട്ടമായിരിക്കും. നിലവിൽ ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ ഐഫോൺ പ്ലാന്റിലാണ് ഫോണിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ട് ഇരിക്കുന്നത്. ഫോക്സ്കോൺ എന്ന കമ്പനിയാണ് ഫോൺ നിർമ്മിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന ഐഫോണുകളുടെ അളവ് കൂട്ടാനാണ് ആപ്പിൾ ശ്രമിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതാദ്യമായാണ് ലോഞ്ച് ചെയ്യുന്നതിന് മുൻപ് തന്നെ ഒരു ഐഫോൺ മോഡൽ ഇന്ത്യയിൽ നിർമിക്കപ്പെടുന്നത്. ആയതിനാൽ തന്നെ സെപ്തംബർ 12ന് നടക്കുന്ന ലോഞ്ച് ഇവന്റിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഫോണുകൾ ഇടം പിടിക്കാനുള്ള സാധ്യതകളും ഉണ്ട്. നേരത്തെ യുഎസ്, യൂറോപ്പ്, യുകെ വിപണികളിലെ ആളുകൾക്ക് ആഗോള ലോഞ്ചിനൊപ്പം ഏറ്റവും പുതിയ ഐഫോണുകളിലേക്ക് ആക്‌സസ് ലഭിക്കുമ്പോൾ ഒരു മാസത്തോളം കാത്തിരുന്നാൽ മാത്രമായിരുന്നു ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇവ ലഭിച്ചിരുന്നത്.


Click it and Unblock the Notifications