എക്സ്ക്ലൂസീവ്: ഡോൾബി അറ്റ്‌മോസും ഡോൾബി വിഷനുമായി സ്മാർട്ട് ടിവി വിപണി പിടിക്കാൻ ഷവോമി
ഇന്ത്യയിലെ സ്മാർട്ട് ടിവി വിപണി വലിയ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന സമയമാണിത്. വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്നത് ചൈനീസ് ബ്രാൻഡുകൾ തമ്മിലും. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ടിവികൾ വിറ്റഴിക്കുന്ന ബ്രാൻഡുകളിൽ ഷവോമിയ്ക്കും റെഡ്മിക്കും മുൻനിര സ്ഥാനമുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യയ്ക്കൊപ്പം അടിപൊളി ഫീച്ചറുകളും താങ്ങാനാകുന്ന വിലയുമാണ് ഈ ബ്രാൻഡുകളുടെ പ്രത്യേകത. രാജ്യത്തെ സ്മാർട്ട് ടിവി വിപണിയിൽ വലിയ പ്രതീക്ഷകളാണ് ചൈനീസ് കമ്പനികൾക്കുള്ളതും. 2022ൽ പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളുമായി വിപണി പിടിക്കാൻ മത്സരം കടുപ്പിക്കുകയാണ് ബ്രാൻഡുകൾ.

സ്മാർട്ട് ടിവി വിപണിയിൽ വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷവോമി, ഡോൾബി കമ്പനികളുടെ ഔദ്യോഗിക വക്താക്കൾ. ഷവോമി ടിവികൾ ഉപയോഗിക്കുന്നവരിൽ നിന്നും ചില ട്രെൻഡുകൾ മനസിലാക്കാൻ കഴിയും. ആളുകൾ ഇഷ്ടപ്പെടുന്ന തരം കണ്ടന്റ്, ഏറ്റവും പോപ്പുലറായ ജോണർ, ആളുകൾ കൂടുതലായി കാണുന്ന ഭാഷ തുടങ്ങിയവയൊക്കെ ഇത്തരത്തിൽ മനസിലാക്കാൻ കഴിയുമെന്ന് ഷവോമിയുടെ പാർട്ണർഷിപ്പ് ആൻഡ് കണ്ടന്റ് ഓപ്പറേഷൻസിലെ അനിഷ മേത്ത പറയുന്നു.

ഷവോമിയുടെ 2022ലെ പാച്ച് വാൾ റിപ്പോർട്ട് സ്മാർട്ട് ടിവികൾ, കണ്ടന്റ് ഉപഭോഗം, ഉപഭോക്തൃ സ്വഭാവം എന്നിവയെ സംബന്ധിച്ച രസകരമായ ചില വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. കൊവിഡ് കാലം ആളുകളെ വീടിനുള്ളിൽ തന്നെ കഴിയാൻ നിർബന്ധിതരാക്കി. വീണ് കിട്ടിയ അവസരത്തിൽ യൂസേഴ്സ് തങ്ങളുടെ വീടുകളിലെ എന്റർടെയിൻമെന്റ്റ് യൂണിറ്റുകൾ അപ്ഡേറ്റ് ചെയ്യാനും തുടങ്ങി. ആൻഡ്രോയിഡ് ടിവികൾ, ഡോൾബി അറ്റ്‌മോസ്, ഡോൾബി വിഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾക്ക് ഇക്കാലത്ത് വ്യാപക പ്രചാരവും ലഭിച്ചു.

ഡോൾബി അറ്റ്‌മോസും പ്രാധാന്യവും
കാഴ്ചാനുഭവം വർധിപ്പിക്കുന്ന ഡോൾബി വിഷൻ പോലെയുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പുതിയ കാലത്തെ സ്മാർട്ട് ടിവികളുടെ ഹൈലൈറ്റ് ഫീച്ചറാണ്. ആൻഡ്രോയിഡ് ടിവികൾ ടെലിവിഷൻ എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതിയതോടെയാണ് ഡോൾബി സാങ്കേതികവിദ്യകൾക്ക് വീടുകളിലും വലിയ സ്വീകാര്യത ലഭിച്ചത്. കാഴ്ചാനുഭവം എന്നത് പോലെ തന്നെ സ്‌മാർട്ട് ടിവികളിലെ ഓഡിയോ അനുഭവവും പ്രാധാന്യം ഏറിയതാണ്. ഇവിടെയാണ് ഡോൾബി അറ്റ്‌മോസ് സാങ്കേതിക വിദ്യയ്ക്ക് പ്രസക്തിയേറുന്നത്.

ഡോൾബി ലബോറട്ടറീസ് വികസിപ്പിച്ചെടുത്ത ഒരു ഓഡിയോ സാങ്കേതികവിദ്യയാണ് ഡോൾബി അറ്റ്‌മോസ്. മെച്ചപ്പെട്ട സിനിമാറ്റിക് അനുഭവം സൃഷ്‌ടിക്കുന്നതിന് പല തിയേറ്ററുകളിലും ഉപയോഗിക്കുന്ന സറൗണ്ട് സൗണ്ട് സാങ്കേതികവിദ്യയാണിത്. ഹൈറ്റ് ചാനലുകൾ ആഡ് ചെയ്ത് നിലവിലുള്ള സറൗണ്ട് സൗണ്ട് സിസ്റ്റങ്ങളിലേക്ക് ഡോൾബി അറ്റ്‌മോസ് ടാപ്പ് ചെയ്യുന്നു. ഇങ്ങനെ സറൌണ്ട് സിസ്റ്റം കവർ ചെയ്യുന്ന സ്പേസിനെ ശബ്ദം എൻവലപ്പ് ചെയ്യുന്നു. സറൗണ്ട് സൗണ്ട് ടെക്‌നോളജി ഉപയോഗിച്ച് ഇമ്മേഴ്‌സീവ് അന്തരീക്ഷം സൃഷ്‌ടിക്കുന്നു എന്നതും അറ്റ്മോസ് സാങ്കേതികവിദ്യയുടെ മേന്മയാണ്.

ഡോൾബി അറ്റ്‌മോസ് സംഗീതത്തെയും ശബ്ദാനുഭവത്തെയും ഏറെ മെച്ചപ്പെടുത്തുന്നു. ഡെപ്തുള്ള ശബ്ദാനുഭവം പകരുന്ന വിപ്ലവകരമായ സ്പേഷ്യൽ ഓഡിയോ സാങ്കേതികവിദ്യ കൂടിയാണ് ഡോൾബി അറ്റ്മോസ്. ഒരു തിയേറ്ററിൽ സറൗണ്ട് സൗണ്ട് അനുഭവം സൃഷ്ടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഹാളിൽ ഉടനീളമുള്ള സ്പീക്കറുകൾ ഇതിന് സഹായിക്കുന്നു. എന്നാൽ സ്മാർട്ട് ടിവിയിൽ ഈ എക്സ്പീരിയൻസ് കൊണ്ട് വരുന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്. ഒരു ടിവിയിൽ രണ്ട് സ്പീക്കറുകൾ ആണ് ഉണ്ടാവുക എന്നതാണ് പ്രധാന വെല്ലുവിളി.

ഡോൾബി ടെക്‌നോളജിയുടെ പ്രാധാന്യം
ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യകളാൽ നിറഞ്ഞിരിക്കുകയാണ് സ്മാർട്ട് ടിവി വിപണി. എന്നാൽ ഓഡിയോ, വിഷ്വൽ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഡോൾബിയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. പ്രത്യേകിച്ചും ഡോൾബി അറ്റ്‌മോസിന്റെ സറൗണ്ട് സൗണ്ട് അനുഭവത്തിന്. ഡിജിറ്റൽ തിയേറ്റർ സിസ്റ്റം അഥവാ ഡിടിഎസ്, മൈക്രോസോഫ്റ്റ് സൗണ്ട് സിസ്റ്റം തുടങ്ങിയ എതിരാളികളും വിപണിയിൽ ഉണ്ട്. "കണ്ടന്റ് ക്രിയേഷന്റെ കാര്യത്തിലും കണ്ടന്റ് ഉപഭോഗത്തിലും ഡോൾബി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങൾ കണ്ടന്റ് ക്രിയേറ്റേഴ്സിൽ നിന്നാണ് ആരംഭിക്കുന്നത്, അതിനാൽ ഞങ്ങളുടെ സാങ്കേതികവിദ്യകളായ ഡോൾബി വിഷൻ, ഡോൾബി അറ്റ്‌മോസ് എന്നിവ ഉള്ളടക്കവുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ആത്യന്തികമായി ഉപഭോക്താക്കൾക്ക് ക്രിയേറ്റേഴ്സ് ആഗ്രഹിച്ച സമ്പൂർണ ഓഡിയോ വിഷ്വൽ അനുഭവം നൽകുന്നു." ഡോൾബി ലബോറട്ടറീസിന്റെ ജപ്പാൻ & എമർജിംഗ് മാർക്കറ്റ്സ് സീനിയർ റീജിയണൽ ഡയറക്ടർ ആഷിം മാത്തൂർ വിശദീകരിക്കുന്നു.

ഡോൾബി അറ്റ്‌മോസും ഷവോമി ടിവികളും
ഇവിടെയാണ് ഷവോമി മികവ് പുലർത്താൻ ലക്ഷ്യമിടുന്നത്. "ഷവോമി ടിവി 5എക്സിൽ തുടങ്ങി, ഞങ്ങൾ ഡോൾബി അറ്റ്മോസ് കൊണ്ട് വരാൻ തുടങ്ങി, ഇത് ഓഡിയോയിലെ പ്രീമിയം സാങ്കേതികവിദ്യയാണ്, ഡോൾബി അറ്റ്‌മോസ് നിങ്ങളെ വെർച്വൽ സറൗണ്ട് സൗണ്ട് സിസ്റ്റത്തിൽ ഉൾക്കൊള്ളിക്കുന്നു." ഷവോമി ടിവി വിഭാഗത്തിലെ സീനിയർ പ്രൊഡക്റ്റ് മാനേജർ സുദീപ് സാഹു പറയുന്നു. "ഡെഡിക്കേറ്റഡ് ചാനലുകൾ ആവശ്യമില്ലാതെ ഷവോമി ടിവിയിലെ 2 സ്പീക്കർ സംവിധാനം ഉപയോഗിച്ചാണ് ഇത് ഞങ്ങൾ സാധ്യമാക്കിയത്. ഡോൾബി അറ്റ്‌മോസ് ഉപയോഗിച്ച് ടിവിയിലെ രണ്ട് സ്പീക്കറുകൾ ഉപയോഗിച്ച് ഒരു ഡോം പോലെയുള്ള ഘടന സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിയും," അദ്ദേഹം കൂടുതൽ വിശദീകരിക്കുന്നു. ഡോൾബി അറ്റ്‌മോസ് ടെക്‌നോളജി ഷവോമിയെ സംബന്ധിച്ചിടത്തോളം ഒരു ഗെയിം ചേഞ്ചർ ആയിരുന്നു എന്ന് ഉറപ്പിക്കാവുന്നതാണ്.

ഏറ്റവും പ്രീമിയം ഫീച്ചറുകളോടെയാണ് കഴിഞ്ഞ വർഷം ഷവോമി ടിവി 5എക്സ് ലോഞ്ച് ചെയ്തത്. ഭാവി ലൈനപ്പുകളിൽ ഈ സേവനങ്ങൾ വിപുലീകരിക്കാനാണ് ഷവോമി ലക്ഷ്യമിടുന്നതെന്നും സാഹു വിശദീകരിക്കുന്നു. " ഇവ (ഡോൾബി അറ്റ്‌മോസ്) ഞങ്ങളുടെ ടിവി ലൈനപ്പുകളിലേക്ക്, റെഡ്മിയിലും ഷവോമിയിലും എത്തിക്കാൻ ശ്രമിക്കുന്ന ചില സാങ്കേതികവിദ്യകളാണ്," സാഹു തുടർന്നും പറയുന്നു. സ്മാർട്ട്‌ഫോണുകൾ മുതൽ ഐഒടി ഗാഡ്‌ജെറ്റുകൾ വരെയുള്ള സാങ്കേതികവിദ്യകളുടെ കാര്യത്തിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ബ്രാൻഡുകളിൽ ഒന്നാണ് ഷവോമി. ഷവോമി, റെഡ്മി സ്മാർട്ട് ടിവികളിലേക്ക് ഡോൾബി അറ്റ്മോസ് കൊണ്ട് വരുന്നത് ടെക് മേഖലയിലെ ഷവോമിയുടെ സ്ഥാനം ശക്തമായി നില നിർത്താൻ സഹായിക്കും എന്നത് തർക്കമില്ലാത്ത കാര്യമാണ്.


Click it and Unblock the Notifications