മുൻപ് വിറ്റത് 600,000 എണ്ണം, വീണ്ടും തരംഗമാകാൻ നത്തിങ് ഇയർ (2) വയർലെസ് ഇയർബഡ് എത്തി!
വിപണിയിൽ വൻ തരംഗമുണ്ടാക്കി കടന്നുപോയ നത്തിങ് ഇയർ (1) വയർലെസ് ഇയർബഡിന്റെ പിൻഗാമിയായി നത്തിങ് ഇയർ (2) വയർലെസ് ഇയർബഡ് ഇന്തൻ വിപണിയിലെത്തി. പ്രേക്ഷകർക്ക് ഗംഭീര ഓഡിയോ അനുഭവം നൽകുന്നതിനായി മികച്ച ഫീച്ചറുകളും ടെക്നോളജികളും സമന്വയിപ്പിച്ചാണ് നത്തിങ് ഇയർ (2) ഇയർബഡ്സ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്.
നത്തിങ് ഇയർ (1) ന്റെ 600,000 യൂണിറ്റുകൾ വിറ്റഴിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്. അത്രമേൽ ജനപ്രീതി നേടിയ നത്തിങ് ഇയർ (1) ന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ നത്തിങ് ഇയർ (2). ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനും LHDC 5.0 സാങ്കേതികവിദ്യയും ഈ ഇയർബഡിന്റെ മികവിന്റെ സൂചകങ്ങളായി എടുത്തുകാട്ടപ്പെടുന്നു.

മികച്ച ശബ്‌ദ നിലവാരത്തിനായി പുതിയ ഡ്യുവൽ-ചേംബർ ഡിസൈനും രണ്ട് ഉപകരണങ്ങൾക്കിടയിൽ സുഗമമായി പ്രവർത്തിക്കാൻ ഡ്യുവൽ കണക്ഷൻ പിന്തുണയും നത്തിങ് ഇയർ (2) വയർലെസ് ഇയർബഡിലുണ്ട്. ലണ്ടൻ ആസ്ഥാനമായുള്ള കമ്പനി തങ്ങളുടെ പുതിയ നത്തിങ് ഇയർ (2) ഇന്ത്യയിൽ 9,999 രൂപ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
മാർച്ച് 28 മുതൽ ഫ്ലിപ്കാർട്ട്, മിന്ത്ര, മറ്റ് തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെയാണ് ഈ പുത്തൻ നത്തിങ് ഉപകരണം ലഭ്യമാകുക. എൽഎച്ച്ഡിസി 5.0 ബ്ലൂടൂത്ത്, എഎൻസി, സുതാര്യമായ ഡിസൈൻ എന്നിവയാണ് പുതിയ നത്തിങ് പ്രോഡക്ടിന്റെ ചില പ്രധാന ഹൈലൈറ്റുകൾ ആയി വിലയിരുത്തപ്പെടുന്നത്.
ആക്ടീവ് നോയിസ് ക്യാൻസലേഷന്റെ (ANC) പിന്തുണയോടെയാണ് നത്തിങ് ഇയർ (2) വരുന്നത്. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച നോയിസ് ക്യാൻസലേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇയർ (2) രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എൽഎച്ച്ഡിസി 5.0 സാങ്കേതികവിദ്യയുടെ പിന്തുണയും പുതിയ നത്തിങ് ഇയർ ഇയർബഡ്സിന്റെ മികവ് കൂട്ടുന്നു.

ഉയർന്ന റെസലൂഷനുള്ള ട്രാക്കുകൾ കേൾക്കാൻ എൽഎച്ച്ഡിസി 5.0 സാങ്കേതികവിദ്യ സഹായിക്കുന്നു. 1 എംബിപിഎസ് വരെ വേഗത്തിൽ 24 ബിറ്റ്/192 kHz വരെ ഫ്രീക്വൻസികൾ കൈമാറാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും. കോളുകൾ ചെയ്യാനായി എഐ നോയിസ് റിഡക്ഷൻ അൽഗോരിതം സംയോജിപ്പിച്ച നത്തിങ്സ് ക്ലിയർ വോയ്സ് സാങ്കേതികവിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
വോയ്‌സ് വ്യക്തതയും പശ്ചാത്തല ശബ്‌ദവും ഫിൽട്ടർ ചെയ്യാൻ ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നത്തിങ് എക്‌സ് ആപ്പിലൂടെ ഉപയോക്താക്കൾക്ക് അവരുടേതായ വ്യക്തിഗത സൗണ്ട് പ്രൊഫൈൽ സൃഷ്ടിക്കാനുള്ള ഓപ്ഷൻ നൽകുന്നു എന്നതാണ് ഈ ഇയർബഡ്സിന്റെ മറ്റൊരു സവിശേഷത. ഓരോ ഇയർബഡിലും മൂന്ന് മൈക്രോഫോണുകളാണ് കമ്പനി നൽകിയിരിക്കുന്നത്.
2.5W വരെ വയർലെസ് ചാർജിങ് പിന്തുണയുമായാണ് നത്തിങ് ഇയർ(2) എത്തുന്നത്. പുതിയ ഇയർ (2) ഇയർഫോണുകൾക്ക് 36 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് നൽകാനാകുമെന്നും അതിവേഗ ചാർജിങ് സംവിധാനം ഉപയോഗിച്ചാൽ 10 മിനിറ്റ് ചാർജിൽ 8 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.

ട്രാക്കുകൾ മാറ്റാനും നോയ്‌സ് ക്യാൻസലേഷൻ മോഡുകൾ മാറ്റാനും വോളിയം ക്രമീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതിന് പിഞ്ച് ടച്ച് കൺട്രോൾ ഓപ്ഷനും നത്തിങ് ഇയർ (2) ഇയർബഡ്സിന്റെ പ്രധാന സവിശേഷതകളിൽ പെടുന്നു. വയർലെസ് ഇയർബഡ്സ് IP54 വാട്ടർ റെസിസ്റ്റന്റ് ആണ്. ചാർജിങ് കേസ് IP55 ആണ്. യുഎസ്ബി ടൈപ്പ് സി വഴി കേസ് ടോപ്പ്-അപ്പ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
ഡ്യുവൽ കണക്ഷൻ, പേഴ്‌സണൽ സൗണ്ട് പ്രൊഫൈൽ, നൂതനമായ ക്ലിയർ വോയ്‌സ് ടെക്‌നോളജി, ആക്റ്റീവ് നോയ്‌സ് റദ്ദാക്കൽ തുടങ്ങിയ ആകർഷകമായ ഫീച്ചറുകളാൽ നിറഞ്ഞതാണ് നത്തിങ് ഇയർ (2). ഈ മികച്ച ഫീച്ചറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച വയർലെസ് ഇയർബഡുകളിൽ ഒന്ന് എന്ന വിശേഷണത്തിന് നത്തിങ് ഇയർ (2) വിനെ അർഹമാക്കുന്നു.


Click it and Unblock the Notifications








