വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു: പുതിയ സവിശേഷതകളും, വിലയും
ഏറെ നാളായി സ്മാർട്ട് വാച്ച് പ്രേമികൾ കാത്തിരുന്ന പുതിയ വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ ചൈനയിൽ അവതരിപ്പിച്ചു. ഇത് സ്റ്റാൻഡേർഡ് വൺപ്ലസ് വാച്ചുമായി താരതമ്യപ്പെടുത്തുമ്പോൾ ചില മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നതായി കാണാം. പേര് സൂചിപ്പിക്കുന്നത് പോലെ, വൺപ്ലസ് വാച്ചിൻറെ ഈ എഡിഷൻ സൈബർപങ്ക് 2077 വീഡിയോ ഗെയിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്നവയാണ്. കൂടാതെ, വൺപ്ലസ് 8 ടി സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ സ്മാർട്ട്‌ഫോണിൻറെ ആക്ഷൻ-ആർപിജി ടൈറ്റിലുമായി ഈ സ്മാർട്ട് വാച്ച് വരുന്നു. ചാർജറായി മാറ്റാവുന്ന ഒരു സ്പെഷ്യൽ സ്റ്റാൻഡുമായാണ് വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ വാച്ച് വരുന്നത്. കീനു റീവ്സ് ശബ്ദം നൽകിയ ജോണി സിൽവർഹാൻഡ് എന്നറിയപ്പെടുന്ന ജനപ്രിയ ഇൻ-ഗെയിം കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് യന്ത്രമനുഷ്യൻറെ കൈപോലെ കാണപ്പെടുന്ന ഈ സ്റ്റാൻഡ്.

വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ വില
വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷന് സിഎൻവൈ 1,299 (ഏകദേശം 14,800 രൂപ) വില നൽകിയിരിക്കുന്നു. ഈ വൺപ്ലസ് വാച്ച് ഇപ്പോൾ രാജ്യത്ത് പ്രീ-ഓർഡറുകൾക്കായി ലഭ്യമായി കഴിഞ്ഞു. ജൂൺ 1 മുതൽ ഈ സ്മാർട്ട് വാച്ച് വിൽപ്പനയ്‌ക്കെത്തും. വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ എപ്പോൾ അന്താരാഷ്ട്ര വിപണിയിൽ എത്തുമെന്ന കാര്യം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ വൺപ്ലസ് സ്മാർട്ട് വാച്ചിൻറെ സ്റ്റാൻഡേർഡ് എഡിഷന് സിഎൻവൈ 999 (ഏകദേശം 11,400 രൂപ), ചൈനയിൽ സിഎൻവൈ 1,599 (ഏകദേശം 18,200 രൂപ) കോബാൾട്ട് ലിമിറ്റഡ് എഡിഷനും വിൽക്കുന്നു. ഇന്ത്യയിൽ ഈ സ്മാർട്ട് വാച്ചിൻറെ സ്റ്റാൻഡേർഡ് എഡിഷൻ മാത്രമായി 14,999 രൂപയ്ക്ക് വിൽപ്പന നടത്തുന്നു.

വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ സവിശേഷതകൾ
വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ സ്മാർട്ട് വാച്ച് സ്റ്റാൻഡേർഡ് എഡിഷൻറെ അതേ സവിശേഷതകളാണ് വഹിക്കുന്നത്, എന്നാൽ കുറച്ച് മാറ്റങ്ങൾ ഇതിന് മികവേകിയിട്ടുണ്ട്. സൈബർപങ്ക് 2077 തീമിന് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്യ്ത എക്‌സ്‌ക്ലൂസീവ് ഡയൽ, ബൂട്ട് ആനിമേഷൻ, ചാർജിംഗ് ആനിമേഷൻ, തീംഡ് ഇന്റർഫേസ് എന്നിവയുമായാണ് ഇത് വരുന്നത്. ഫാസ്റ്റ് ചാർജറായി മാറ്റാവുന്ന സിൽവർഹാൻഡ് വാച്ച് ഹോൾഡറുമായും ഇത് വരുന്നു.

വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷനിൽ 326 പിപി പിക്‌സൽ ഡെൻസിറ്റിയുള്ള 1.39 ഇഞ്ച് എച്ച്ഡി (454x454 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയും, സുരക്ഷാ നൽകുവാൻ 2.5 ഡി കർവ്ഡ് ഗ്ലാസ് സുരക്ഷയും ഇതിൽ നൽകിയിരിക്കുന്നു. സ്റ്റാൻഡേർഡ് എഡിഷൻ പോലെ 316 എൽ സ്റ്റെയിൻലെസ് സ്റ്റീലിൽ ഉപയോഗിച്ചണ് ഇതിൻറെ ഡയൽ നിർമ്മിച്ചിരിക്കുന്നത്, പക്ഷേ സിലിക്കൺ സ്ട്രാപ്പിനൊപ്പം വരുന്നു. വാർപ്പ് ചാർജ് ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 402 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട് വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണ ഉപയോഗത്തിലൂടെ 14 ദിവസം വരെ ചാർജ് നീണ്ടുനിൽക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫിറ്റ്‌നെസ് ആവശ്യങ്ങൾക്കായി വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷനിൽ 110 ലധികം വർക്ക്ഔട്ട് മോഡുകൾ ഉണ്ട്. ഇൻബിൽറ്റ് സെൻസറുകൾ ഉപയോഗിച്ച് ജോഗിംഗ്, റണ്ണിംഗ് പോലുള്ള വർക്ക് ഔട്ടുകളും ഇതിന് ഓട്ടോമാറ്റിക്കായി കണ്ടെത്താനാകും. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വരുന്ന സവിശേഷതകളായ SpO2 മോണിറ്ററിംഗ്, സ്ട്രെസ് ഡിറ്റക്ഷൻ, ബ്രീത്തിങ്, വേഗത്തിലുള്ള ഹൃദയമിടിപ്പ് അലേർട്ടുകൾ, റിമൈൻഡറുകൾ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്. കമ്പനി ബ്ലൂടൂത്ത് വി 5, സ്റ്റാൻഡലോൺ ജിപിഎസ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 5 എടിഎം വാട്ടർ റെസിസ്റ്റൻസിനൊപ്പം ഐപി68 സർട്ടിഫൈഡ് ബിൽഡും ഉണ്ട്. വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷന് സ്ട്രാപ്പ് ഇല്ലാതെ 45 ഗ്രാം ഭാരവും, സ്ട്രാപ്പിനൊപ്പം 65 ഗ്രാം ഭാരവും വരുന്നു.


Click it and Unblock the Notifications








