90's കിഡ്സിന്റെ 'ആഢംബര' ഗാഡ്ജറ്റ്! പുത്തൻ വാക്മാൻ പുറത്തിറക്കി സോണി, വിലകേട്ടാൽ ഓടും

ഇന്ന് നമുക്കുചുറ്റുമുള്ള യുവതലമുറയെ ശ്രദ്ധിച്ചാൽ സ്മാർട്ട്ഫോണും എയർപോഡും സ്മാർട്ട് വാച്ചും ടാബ്ലെറ്റും ലാപ്ടോപ്പും എന്നുവേണ്ട പുത്തൻ കാലത്തിന്റെ എതാണ്ട് എല്ലാ സ്മാർട്ട് ഉപകരണങ്ങളും അവരുടെ പക്കൽ കാണാനാകും. കുറഞ്ഞ പക്ഷം സ്മാർട്ട്ഫോൺ എങ്കിലും ഇല്ലാത്ത യുവാക്കളും യുവതികളും തീരെ കുറവാണ്. 1990 നോട് അടുത്ത കാലഘട്ടങ്ങളിൽ ജനിച്ചവരെ ഇന്ന് നാം 90's കിഡ്സ് എന്ന് വിശേഷിപ്പിക്കാറുണ്ട്.
90's കിഡ്സിന്റെ ബാല്യകാലം ഏറ്റവും നൊസ്റ്റാൾജിയ നിറഞ്ഞതായിരുന്നു എന്ന് പൊതുവെ പറയാറുണ്ട്. അതെന്താണ് മറ്റാർക്കും ബാല്യവും നൊസ്റ്റാൾജിയയും ഒന്നുമില്ലേ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ടെക്നോളജിയും മറ്റും നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നുകൊണ്ടിരുന്ന കാലഘട്ടത്തിൽ വളർന്നുവന്നവരാണ് 90's കിഡ്സ്. പഴമയുടെയും പുതുമയുടെയും പാരമ്പര്യം അവകാശപ്പെടുന്നവർ ആണവർ!
സെൽഫിയോടെ തുടക്കം...
ഇന്ന് ജനിച്ചുവീഴുന്ന കുഞ്ഞ് വീട്ടുകാരുമായുള്ള സെൽഫിയോടെയാണ് ജീവിതത്തിലേക്ക് കടക്കുന്നത്. ലേബർ റൂമിന് വെളിയിൽനിന്നുതന്നെ അവർ ടെക്നോളജിയുമൊത്തുചേർന്നുള്ള ജീവിതയാത്ര ആരംഭിക്കുന്നു. എന്നാൽ 90's കിഡ്സിന്റെ നല്ലപ്രായത്തിൽ ഈ പറയുന്ന ഗാഡ്ജറ്റ് വിപ്ലവം ഒന്നും ഉണ്ടായിട്ടില്ല. 90's കിഡ്സ് വളരുന്ന ഘട്ടത്തിലാണ് വിസിആറും പിന്നീട് സിഡിയും ഒക്കെ മലയാളികളിലേക്ക് എത്തിത്തുടങ്ങിയത്. 90's കിഡ്സിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു വാക്മാൻ വേണം എന്നുള്ളത്. ചെവിയിൽ ഹെഡ്ഫോണും തിരുകി വാക്മാൻ നിക്കറിന്റെ പോക്കറ്റിലിട്ട് ഗമ കാണിച്ച് നടക്കാൻ കൊതിച്ചിരുന്നവർ ഏറെ. അന്ന് 90's കിഡ്സിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാഡ്ജറ്റ് വാക്മാൻ ആയിരുന്നു എന്ന് പറയാം.

90's കിഡ്സ് വിളയാടും കാലം...
ഇപ്പോൾ ചില 90's കിഡ്സിനെപ്പറ്റിയുള്ള പലവിധ ചർച്ചകളും ട്രോളുകളും മറ്റും സാമൂഹിക മാധ്യമങ്ങളിലും മറ്റും നടക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽത്തന്നെ 90's കിഡ്സിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാഡ്ജറ്റ് ആയ വാക്മാൻ പുത്തൻ പരിഷ്കാരങ്ങളോടെ പുറത്തിറക്കിയിരിക്കുകയാണ് സോണി. എന്‍ഡബ്ല്യു-സെഡെക്‌സ്707 എന്നാണ് ഈ പുതിയ സോണി വാക്മാന്റെ പേര്. കിടിലൻ പരിഷ്കാരങ്ങളുമായി കാലത്തിനൊത്ത കോലത്തിലാണ് പുതിയ വാക്മാനെ സോണി പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഈ വാക്മാൻ ഏറ്റവും മികച്ച സൗണ്ട് ക്വാളിറ്റിയോടെയാണ് സോണി തയാറാക്കിയിരിക്കുന്നത്.
അധികം ആവേശഭരിതരാകേണ്ട!
എന്നാൽ വാക്മാൻ എന്ന് കേട്ട് 90's കിഡ്സ് അധികം ആവേശഭരിതരാകുകയോ വാങ്ങാൻ ചാടിപ്പുറപ്പെടുകയോ ചെയ്യുന്നതിന് മുമ്പ് അതിന്റെ വിലകൂടി ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ വാക്മാൻ വാങ്ങാൻ പോകുന്ന ഏത് 90's കിഡ്സും ചിലപ്പോൾ ചെവിയും പൊത്തി ഓടിയെന്നിരിക്കും. കാരണം ഒരു ഐഫോൺ വാങ്ങുന്ന വില വേണ്ടിവരും ഈ വാക്മാൻ വാങ്ങാൻ. കൃത്യമായി പറഞ്ഞാൽ 69,990 രൂപയാണ് എന്‍ഡബ്ല്യു-സെഡെക്‌സ്707 സോണി വാക്മാന്റെ ഇന്ത്യയിലെ വില. 90's കിഡ്സ് വളർന്ന് ഇപ്പോൾ ക്ഷുഭിതയൗവനങ്ങൾ ആയതുപോലെ സോണി വാക്മാനും പുതിയ കാലത്തിന്റെ ഫീച്ചറുകളുമായാണ് എത്തുന്നത്. അപ്പോൾ വിലയും അൽപ്പം കൂടും.

25 മണിക്കൂർ ബാറ്ററിലൈഫ്
25 മണിക്കൂർ ബാറ്ററിലൈഫ് ഈ വാക്മാന് കിട്ടും എന്നാണ് സോണി പറയുന്നത്. കുട്ടിക്കാലത്തെ ഓർമകൾ ചിലർക്ക് എങ്കിലും തിരികെ നൽകാൻ ഈ വാക്മാന് കഴിയുമെന്ന് സോണി തന്നെ പറയുന്നുണ്ട്. എങ്കിലും നൊസ്റ്റാൾജിയ്ക്കായി ഇത്രയും ഉയർന്ന വില നൽകാൻ എത്ര 90's കിഡ്സ് തയാറാകും എന്നതാണ് ചോദ്യം. 5 ഇഞ്ച് ഡിസ്‌പ്ലേ, ഹൈ-റെസ് ഓഡിയോ വയർലെസ് ഉള്ള ശബ്‌ദ പ്രോസസ്സിങ്, 25 മണിക്കൂർ വരെ ബാറ്ററി ലൈഫ് എന്നീ ഫീച്ചറുകളൊക്കെ അടങ്ങിയ എന്‍ഡബ്ല്യു-സെഡെക്‌സ്707 സോണി വാക്മാൻ ഓൺലൈനിലൂടെയാണ് വാങ്ങാൻ സാധിക്കുക. S-Master HX ഡിജിറ്റൽ ആംപ് സാങ്കേതികവിദ്യ പിന്തുണയുമായി, സ്ലിം ഡിസൈനിൽ എത്തുന്ന ഈ സോണിവാക്മാൻ കാണുന്ന ആർക്കും ഒന്ന് വാങ്ങണമെന്ന് തോന്നിപ്പോകും.


Click it and Unblock the Notifications