കൊതുക് കടിച്ച വേദനമാറ്റാൻ പുതിയ യുഎസ്ബി ടൈപ്പ്-സി ഡോംഗിൾ; ആമസോണിൽ വാങ്ങാൻ കിട്ടും!
നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ദിവസേന നടക്കുന്ന ഒരു പ്രക്രിയയാണ് കൊതുകുവേട്ട. കൊതുകിനെ പേടിച്ച് പല വീട്ടുകാരും സന്ധ്യയക്ക് മുൻപേ വീട്ടിലെ വാതിലുകളും ജനലുകളുമെല്ലാം അടച്ച് ഭദ്രമാക്കും. അതല്ലെങ്കിൽ കൊതുകുകളുടെ കടുത്ത ആക്രമണമാകും നേരിടേണ്ടിവരിക. കൊതുകിനെ തുരന്നാൽ വൈകുന്നേരം പുകയിടുന്ന വീടുകളും ധാരാളം.
കൊതുകിനെ കൊല്ലാൻ ഇലക്ട്രിക് ബാറ്റ് ഇറങ്ങിയതിന് ശേഷം അത് ഇല്ലാത്ത വീടുകൾ ഇല്ല എന്നതായിരുന്നു ഒരുകാലത്തെ അവസ്ഥ. ഇപ്പോൾ കൊതുകിനെ കൊല്ലാൻ വിവിധ കമ്പനികളുടെ ലിക്വിഡ് വേപൊറൈസറുകൾ എത്തിയതോടെ ബാറ്റുകളുടെ പണി കുറഞ്ഞു. കൊതുകിനെ കൊല്ലാൻ ഇങ്ങനെ പല പണികളും പയറ്റാൻ സാധിക്കും.

എന്നാൽ കൊതുകുകടി കൊണ്ടുകഴിഞ്ഞാൽ അതിന്റെ വേദനയും ചൊറിച്ചിലുമൊക്കെ മാറ്റാൻ എന്തുചെയ്യും. ഈ ചോദ്യത്തിനുള്ള ഒരു ഉത്തരം ജർമ്മൻ കമ്പനിയായ കാമേഡി (Kamedi) നൽകും. കാരണം കൊതുകും മറ്റ് പ്രാണികളും കടിക്കുമ്പോൾ ഉണ്ടാകുന്ന വേദന മാറ്റാനായി കാമേഡി ഒരു ഇലക്ട്രോണിക് ഡിവൈസ് പുറത്തിറക്കിയിട്ടുണ്ട്.
ഹീറ്റ് ഇറ്റ് എന്നാണ് കാമേഡി അവതരിപ്പിച്ചിട്ടുള്ള ആ ഡിവൈസിന്റെ പേര്. ഇത് ഒരു യുഎസ്ബി ടൈപ്പ്-സി ഡോംഗിൾ ആണ്. ഇത് ഉപയോഗിച്ച് കൊതുകുകടി മൂലമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്ന് കമ്പനി വിശദീകരിക്കുന്നു. കൊതുകുകൾ കടിക്കുന്നതുകൊണ്ടുണ്ടാകുന്ന വേദന മാത്രമല്ല, മറ്റ് പ്രാണികളുടെ കടികൾ ഏറ്റാലും ഹീറ്റ് ഇറ്റ് പ്രയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്.
ഹീറ്റ് ഇറ്റ് എന്ന ഈ ചെറിയ യുഎസ്ബി ടൈപ്പ്-സി ഡോംഗിൾ ഗാഡ്‌ജെറ്റ് നമ്മുടെ സ്മാർട്ട്ഫോണിന്റെ ടൈപ്പ്-സി പോർട്ടുമായി കണക്ട് ചെയ്യുകയും ചൂട് സൃഷ്ടിക്കുന്ന ഒരു ലോഹ പ്രതലം സൃഷ്ടിക്കുകയും ചെയ്യാം. ഇത് കടിയേറ്റ സ്ഥലത്ത് വച്ചാൽ ആശ്വാസം ലഭിക്കും എന്നാണ് കാമേഡി പറയുന്നത്.
ഈ ഹീറ്റ് ട്രീറ്റ്‌മെന്റിന്റെ ദൈർഘ്യം ഇഷ്‌ടാനുസൃതമാക്കാൻ ഇത് പ്ലഗ്-ഇൻ ചെയ്‌ത് ഇതോടൊപ്പമുള്ള ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ആപ്പ് ഉപയോഗിക്കണം. ഈ ആപ്പ് ശിശുസൗഹൃദമോ സെൻസിറ്റീവായതോ ആയ സ്കിൻ മോഡുകൾ വാഗ്ദാനം ചെയ്യുന്നു. അതനുസരിച്ച് താപനില ക്രമീകരിക്കുന്നു. കൊതുകുകടിയേറ്റ പ്രദേശത്ത് ഏകദേശം 51 ഡിഗ്രി സെൽഷ്യസ് (123.8 ഡിഗ്രി ഫാരൻഹീറ്റ്) ടാർഗെറ്റ് ചൂടിലൂടെ ആശ്വാസം നൽകുന്നു.
സ്വീഡിഷ് ജേണലായ ആക്റ്റ ഡെർമറ്റോ വെനറോളോജിക്കയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലൂടെ കാമേഡി ഇത് സംബന്ധിച്ച തങ്ങളുടെ അവകാശവാദങ്ങൾ മുന്നോട്ട് വയ്ക്കുന്നു. ഹീറ്റ് ഇറ്റ് ഉപയോഗിച്ച് നടത്തിയ പഠനം, പ്രാണികളുടെ കടിമൂലമുള്ള കുത്തലോ ചൊറിച്ചിലോ ഒഴിവാക്കുന്നതിൽ ഈ ഡിവൈസ് സൃഷ്ടിക്കുന്ന ഫലം അടയാളപ്പെടുത്തുന്നു.

പഠനത്തിന്റെ ഭാഗമായി 1,700 വ്യക്തികളിൽ 12,000-ലധികം ചികിത്സകൾ നടത്തി, ഹീറ്റ്ഇറ്റ് ചൊറിച്ചിലും വേദനയും ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തലുകൾ സ്ഥിരീകരിക്കുന്നു. കാമേഡിയുടെ ഈ യുഎസ്ബി ഡോംഗിൾ കാലങ്ങളായുള്ള ഒരു പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം വാഗ്ദാനം ചെയ്യുന്നു. ചില പരമ്പരാഗത രീതികൾ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
മുമ്പ് ചില ആളുകൾ കൊതുകുകടിയും മറ്റ് പ്രാണികളുടെ കടിയും മറ്റും മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ അത് പരിഹരിക്കുന്നതിനായി ചുട്ടുതിളയ്ക്കുന്ന വെള്ളത്തിലോ ചൂടുള്ള കപ്പിലോ മുക്കിയ ചൂടുള്ള സ്പൂണാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ ഹീറ്റ് ഇറ്റ് ഡോംഗിൾ കൂടുതൽ സൗകര്യപ്രദമായ ഒരു പരിഹാരം വാഗ്ദാനം ചെയ്യുന്നു.

വീടിന് വെളിയിലായിരിക്കുമ്പോഴും പ്രയോഗിക്കാം എന്നതാണ് ഈ ഡിജിറ്റൽ പരിഹാരത്തിന്റെ നേട്ടം. ചൂട് ഇഷ്ടത്തിന് അനുസരിച്ച് ക്രമീകരിക്കാൻ കഴിയും എന്നതിനാൽ സ്പൂണുകളെക്കാൾ ഫലപ്രദമാണ് ഈ യുഎസ്ബി ഡോംഗിൾ. ബഗ് സ്പ്രേകൾ പോലുള്ള പ്രതിരോധ മാർഗങ്ങൾ ഉണ്ടെങ്കിലും ഇത് അതിനെക്കാൾ കുറച്ചുകൂടി മെച്ചമാണ് എന്നാണ് കരുതപ്പെടുന്നത്.
അപ്രതീക്ഷിതമായി പ്രാണികളുടെയും കൊതുകുകളുടെയും മറ്റും കടിയേറ്റാൽ ആശ്വാസം വാഗ്ദാനം ചെയ്യുന്ന ഈ യുഎസ്ബി ഡോംഗിൾ പക്ഷേ ഇന്ത്യയിൽ ലഭ്യമാണോ എന്ന് വ്യക്തമല്ല. എന്നാൽ ആമസോൺ യുഎസിലും യുകെയിലും ഹീറ്റ് ഇറ്റ് യുഎസ്ബി ഡോംഗിൾ ലഭ്യമാണ്. ഈ ഡിവൈസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങളും എങ്ങനെ ഉപയോഗിക്കണം എന്ന വിശദമായ രീതികളും കമ്പനിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
Image Credit: Kamedi, Amazon


Click it and Unblock the Notifications








