ഒന്നൂടി സൂക്ഷിച്ച് നോക്ക്, എന്നിട്ട് പറ ആര് ആരെ കോപ്പിയടിച്ചെന്ന്! ആപ്പിൾ ഇയർബഡ്സിന് നത്തിങ് ഛായ
ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ ജനശ്രദ്ധ നേടിയെടുത്തവയാണ് നത്തിങ് ഇയർ-1, നത്തിങ് ഫോൺ (1 ) എന്നീ നത്തിങ് ഡിവൈസുകൾ. പിന്നീട് ഈ നിരയിലേക്ക് നത്തിങ് ഇയർ (2) വയർലെസ് ഇയർബഡ്സും ഇടംപിടിച്ചു. ആരെയും ആകർഷിക്കുന്ന സുതാര്യമായ ഡിസൈൻ ആണ് ഈ നത്തിങ് ഡിവൈസുകളെയെല്ലാം ജനശ്രദ്ധയിലെത്തിച്ചത്.
അതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള സുതാര്യമായ ഡിസൈൻ നത്തിങ് ഉൽപ്പന്നങ്ങളുടെ മുഖമുദ്രയായി മാറി. വൺ പ്ലസിന്റെ സഹസ്ഥാപകനായ കാൾ പെയ് 2020 ൽ ആണ് നത്തിങ് ആരംഭിക്കുന്നത്. നത്തിങ് ഇയർ-1, നത്തിങ് ഫോൺ (1 )എന്നീ രണ്ട് ഉല്പന്നങ്ങൾ മാത്രമാണ് ആദ്യം നത്തിങ്ങിന്റേതായി ഉണ്ടായിരുന്നത്.

സ്മാർട്ട്ഫോണിന്റെയും ഇയർബഡ്സിന്റെയും രൂപഭാഷയിൽ നത്തിങ് ഡിവൈസുകൾ കൊണ്ടുവന്ന മാറ്റം ടെക് ലോകത്തിന്റെയാകെ അംഗീകാരവും പ്രശംസയും പിടിച്ചുപറ്റി. എന്നാൽ ആ ഘട്ടത്തിൽ തന്നെ ടെക്നോളജി രംഗത്തെ ഭീമൻ കമ്പനിയായ ആപ്പിളിനെ കോപ്പിയടിക്കാനാണ് യുകെ ആസ്ഥാനമായുള്ള നത്തിങ് ശ്രമിക്കുന്നത് എന്ന് ചിലർ ആരോപണം ഉന്നയിച്ചു.
എന്നാൽ രണ്ട് വർഷത്തിനിപ്പുറം, കാര്യങ്ങൾ നേരെ തിരിഞ്ഞ് മറിഞ്ഞു. ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളിൽ മുൻ നിരയിലുള്ള ആപ്പിൾ നത്തിങ്ങിനെ കോപ്പിയടിച്ചിരിക്കുന്നു എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം. ടെക് ലോകത്ത് കോപ്പിയടി ആരോപണങ്ങൾക്ക് അത്ര പ്രസക്തി നൽകേണ്ടതില്ല. ഏറ്റവും മികച്ചത് എല്ലാവരിലേക്കും എത്തുന്നതിൽ കോപ്പിയടി ആരോപിക്കേണ്ടതില്ല.

എങ്കിലും എന്തും തലനാരിഴകീറി പരിശോധിച്ച് വിമർശിക്കുന്ന ചിലർ ഇതിനോടകം ആപ്പിളിനെതിരേ രംഗത്തെത്തിക്കഴിഞ്ഞു. ഉടൻ പുറത്തിറങ്ങുന്ന ആപ്പിൾ ബീറ്റ്‌സ് സ്റ്റുഡിയോ ബഡ്‌സ് + നത്തിങ് ഇയർബഡ്സിന്റെ കോപ്പിയടി ഡിസൈൻ ആണ് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. 2014-ൽ ആണ് ഒരു വമ്പൻ തുക മുടക്കി ആപ്പിൾ ബീറ്റ്‌സിനെ ഏറ്റെടുത്തത്.
ഇപ്പോൾ അടുത്തുതന്നെ ബീറ്റ്സിന്റെ ഏറ്റവും പുതിയ ബീറ്റ്‌സ് സ്റ്റുഡിയോ ബഡ്‌സ് + ഔദ്യോഗികമായി ലോഞ്ച് ചെയ്യാനിരിക്കുകയാണ്. ഇതിന് മുമ്പ് തന്നെ അബദ്ധത്തിൽ ആമസോണിൽ ഇയർബഡുകൾ ലിസ്റ്റ് ചെയ്യപ്പെട്ടു. ഇതോടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ലോഞ്ച് തീയതിയും വിലയും സഹിതം ആപ്പിൾ ഇയർബഡുകളുടെ വിശദാംശങ്ങൾ പൂർണ്ണമായും പുറത്തായി.
ആമസോണിലൂടെ പുറത്തുവന്ന വിവരങ്ങളിൽ പുത്തൻ ഇയർബഡ്സിന്റെ ചിത്രങ്ങളടക്കം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ അബദ്ധം തിരിച്ചറിഞ്ഞതോടെ ഈ ലിസ്റ്റിങ് വിവരങ്ങൾ പൂർണമായും പിൻവലിച്ചു. എങ്കിലും ഇനി ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത വിധത്തിൽ അതിനകം തന്നെ വരാൻ പോകുന്ന ബീറ്റ്‌സ് സ്റ്റുഡിയോ ബഡ്‌സ് + ഇയർബഡ്സിന്റെ വിവരങ്ങൾ പാട്ടായിരുന്നു.

നത്തിങ് ഇയർ (1), ഇയർ (2) ഇയർബഡുകളിൽ കാണുന്നത് പോലെ സുതാര്യമായി അകം കാണുന്ന വിധത്തിലുള്ള ഡിസൈനിലും ബീറ്റ്‌സ് സ്റ്റുഡിയോ ബഡ്‌സ്+ എത്തുന്നു എന്നതാണ് ലിസ്റ്റിങ്ങിനിടെ വെളിയിൽ വന്ന പ്രധാന വിവരങ്ങളിലൊന്ന്. ഇതോടെയാണ് ആപ്പിൾ നത്തിങ്ങിനെ കോപ്പിയടിച്ചു എന്ന ആരോപണവുമായി ചിലർ രംഗത്തെത്തിയത്.
എന്നാൽ ആപ്പിൾ കോപ്പിയടി നടത്തി എന്ന് ആക്ഷേപിക്കേണ്ടതില്ലെന്നും നത്തിങ് ഡിസൈനിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാകാം ഡിസൈൻ തയാറാക്കിയത് എന്നുമാണ് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നത്. മൊത്തത്തിൽ നോക്കിക്കണ്ടാൽ സ്റ്റുഡിയോ ബഡ്‌സ്+ 2021-ൽ പുറത്തിറങ്ങിയ ഒറിജിനൽ സ്റ്റുഡിയോ ബഡ്‌സുമായി സാമ്യമുള്ളതാണ്. വെള്ള നിറത്തിലുള്ള സുതാര്യ ഡിസൈന് പുറമെ, കറുപ്പ്, ഐവറി കളർ ഓപ്ഷനുകളിലും ഈ ഇയർബഡ്സുകൾ പുറത്തിറങ്ങുന്നുണ്ട്.
ബീറ്റ്‌സ് സ്റ്റുഡിയോ ബഡ്‌സ്+ മേയ് 18-ന് ലോഞ്ച് ചെയ്യും എന്നാണ് ആമസോണിൽ വന്ന വിവരങ്ങളിൽനിന്ന് വ്യക്തമായത്. 169.95 ഡോളർ ആണ് വില. ആപ്പിൾ ഡിവൈസുകൾക്കൊപ്പം ആൻഡ്രോയിഡ് ഡിവൈസുകളിലും കണക്ട്ചെയ്യാനുള്ള സൗകര്യം ഈ ഇയർബഡ്സിൽ ഉണ്ടാകും. വൺ-ടച്ച് പെയറിങ്, ഡിവൈസുകൾക്കിടയിൽ ഓട്ടോമാറ്റിക്കായി സ്വിച്ചുചെയ്യൽ, സിരി സപ്പോർട്ട്, ഫൈൻഡ് മൈ ഡിവൈസ് സപ്പോർട്ട് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളും ഇതിലുണ്ടാകും.


Click it and Unblock the Notifications








