വല്ലവരും പറയുന്നത് കേട്ട് എടുത്ത് ചാടരുത്! ആമസോണിൽ ഓർഡർ ചെയ്യും മുമ്പ് ഇത് ശ്രദ്ധിക്കൂ
ലോഗോ പറയുന്നത് പോലെ, A-Z പ്രൊഡക്ടുകൾ വിൽക്കുന്ന മുൻനിര ഓൺലൈൻ റീട്ടെയിലർ ആണ് ആമസോൺ. വിലകുറഞ്ഞ പോർട്ടബിൾ ചാർജർ മുതൽ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ വരെ വാങ്ങാൻ ഒരുങ്ങുന്ന ഏത് ആളും ആദ്യം തിരഞ്ഞെടുക്കുന്ന ഓൺലൈൻ സ്റ്റോർ ആണ് ആമസോൺ. എന്നാൽ ഒരേ ഉത്പന്നം ഒന്നിൽ കൂടുതൽ ഉള്ളത്കൊണ്ട് തന്നെ തിരഞ്ഞെടുക്കാൻ പ്രോഡക്റ്റ് റേറ്റിങ് നോക്കുന്നവരാണ് പലരും. മോശമില്ലാത്ത റേറ്റിങ് കണ്ടാൽ ഇത് അടിപൊളി പ്രോഡക്ട് എന്ന് ഉറപ്പിക്കും.
എന്നാൽ ആമസോൺ റിവ്യൂകൾ പലതും വ്യാജമാണ് എന്നതാണ് സത്യം. സമ്മാന കാർഡുകൾ, സൗജന്യ ഉൽപ്പന്നങ്ങൾ മുതലായവ നൽകി വിൽപനക്കാർ മറ്റ് ആളുകളെ കൊണ്ട് ചെയ്യിപ്പിക്കുന്ന ഫേക്ക് റേറ്റിംഗുകളും നിരവധി ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? യഥാർത്ഥ റേറ്റിങ് ഏത് ഫേക്ക് റേറ്റിങ് ഏത് എന്ന് മനസിലാക്കാൻ ബുദ്ധിമുട്ട് ആണ്.

എന്നിരുന്നാലും മുന്നറിയിപ്പോ സൂചനകളോ കിട്ടുമ്പോൾ നിങ്ങൾക്ക് ഫേക്ക് ആയിരിക്കാമെന്ന് അറിയാനും അതിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും. അതിന് സഹായിക്കുന്ന ചില ടിപ്പുകൾ ആണ് ഈ ലേഖനത്തിൽ പറയുന്നത്. സ്വയം വിഡ്ഢിയാകാതെ, ഈ ടിപ്പുകൾ ഉപയോഗിച്ച് നല്ല പ്രൊഡക്ടുകൾ മാത്രം സ്വന്തമാക്കാൻ ശ്രമിക്കൂ.
നിങ്ങൾ ആമസോണിൽ ഷോപ്പിംഗ് നടത്തുകയാണെങ്കിൽ, ചില വ്യാജ റിവ്യൂകൾ കാണാനുള്ള സാധ്യത കൂടുതൽ ആണ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് റിവ്യൂകളിൽ (consumer electronics reviews) 11 മുതൽ 15 ശതമാനം വരെ വ്യാജമാണെന്ന് അടുത്തിടെ യുകെ സർക്കാർ റിപ്പോർട്ട് ചെയ്തിരുന്നു.
ഫേക്ക് റിവ്യൂകളിൽ ഭൂരിഭാഗവും പോസിറ്റീവ് റിവ്യൂകളാണ്. ഒരു ഉൽപ്പന്നത്തിൻ്റെ റാങ്കിംഗും വിസിബിലിറ്റിയും കൂടുക എന്നതാണ് 5 സ്റ്റാർ റേറ്റിങ്സ് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഉപയോക്താക്കളെ വാങ്ങാൻ പ്രേരിപ്പിക്കുക എന്ന ഉദ്ദേശവും ഇതുകൊണ്ട് ഉണ്ട് എന്നത് പച്ചയായ സത്യമാണ്. പ്രൊഡക്ടുകൾ വിറ്റ് പോകാൻ പ്രേരിപ്പിക്കേണ്ടത് വിൽക്കുന്നവരുടെ ജോലി ആണ്. നല്ല രീതിയിലും മോശം രീതിയിലും ഈ ജോലി ചെയ്യാനാകും.
പണവും മറ്റ് നിരവധി നേട്ടങ്ങളും ലഭിച്ച നിരൂപകർ (reviewers) വിശ്വസിക്കും വിധം ഫേക്ക് റിവ്യൂകൾ ഇടാറുണ്ട്. പ്രൊഡക്ടിന്റെ ഫോട്ടോ, വിശദ വിവരങ്ങൾ തുടങ്ങി നിരവധി ട്രിക്കുകൾ ഉപയോഗിച്ചാണ് അവർ റിവ്യൂ നൽകുന്നത്. ഒരു ഉൽപ്പന്നത്തിന് അഞ്ചിൽ നാല് സ്കോർ നൽകി ആളുകളെ വിശ്വസിപ്പിക്കാൻ ഇവർ ശ്രമിക്കാറുണ്ട്.
ചില വിൽപ്പനക്കാർ അവരുടെ പ്രൊഡക്ടുകളുമായി മത്സരിക്കുന്ന ഉൽപ്പന്നങ്ങളെ വിമർശിച്ച് കൊണ്ട് നെഗറ്റീവ് റിവ്യൂകൾ നൽകാനും പെയ്ഡ്നിരൂപകരെ ഏർപ്പാടാക്കാറുണ്ട്. വെറും ഒരു സ്റ്റാർ നൽകി കൊണ്ട് ഉൽപനത്തെ നിലവാരമില്ലാത്തതായി കാണിക്കുകയും മറ്റ് പ്രൊഡക്ടുകൾ നല്ലതെന്ന രീതിയിൽ മെൻഷൻ ചെയ്ത് തരംതാഴ്ത്തുകയും ചെയുന്ന റിവ്യൂകൾ ആണ് ഇത്തരം ആൾക്കാർ നൽകുന്നത്. അവർ മെൻഷൻ ചെയ്യുന്ന പ്രൊഡക്ടുകൾ അവർക്ക് പണം നൽകുന്ന വില്പനക്കാരുടേതാണ് എന്നത് ഊഹിക്കാവുന്നതാണ്.
ഈ ഫേക്ക് റിവ്യൂകൾ എങ്ങനെ തിരിച്ചറിയാം? മിക്ക വ്യാജ റിവ്യൂകളും താങ്ങാനാവുന്ന വിലയും അറിയപ്പെടാത്ത ബ്രാൻഡുകളുടെ പ്രോഡക്റ്റും ആയിരിക്കും. അത്തരം പ്രൊഡക്ടുകളുടെ റിവ്യൂകൾ ആമസോണിൽ മാത്രമേ ഉണ്ടാകൂ. ഇത്തരം ബ്രാൻഡുകളുടെ റിവ്യൂകൾ മറ്റ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ കാണുവാൻ സാധിക്കുന്നില്ലെങ്കിൽ അത്തരം പ്രൊഡക്ടുകൾ ഒഴിവാക്കുന്നതാണ് നല്ലത്.
വളരെ ഉയർന്ന ശതമാനം 5 സ്റ്റാർ റേറ്റിങ്, പരിധിയിൽ കൂടുതൽ പ്രൊഡക്ടിനെ പ്രശംസിക്കുക, വിശദാംശങ്ങളുടെ അഭാവം, മത്സരിക്കുന്ന ഉൽപ്പന്നങ്ങളുടെ പരാമർശങ്ങൾ, ഒരേ തീയതികളിൽ ഒന്നിലധികം റിവ്യൂകൾ, Customers also bought എന്ന സെക്ഷനിൽ പ്രൊഡക്ടുമായി ബന്ധമില്ലാത്ത മറ്റ് ഉത്പന്നങ്ങൾ എന്നിവയെല്ലാം അത് ഫേക്ക് റിവ്യൂകൾ ആണെന്ന് ഉറപ്പിക്കാൻ സാധിക്കുന്ന പോയിന്റുകളാണ്. നിയമാനുസൃതമായ റിവ്യൂകളിലും ചിലപ്പോൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ കുറച്ച് കൂടി ആഴത്തിൽ പരിശോധിക്കേണ്ടതായി ഉണ്ട്.
മറ്റ് ഓൺലൈൻ സൈറ്റുകളിലോ ആപ്പുകളിലോ ഉൽപ്പന്നത്തിൻ്റെ റിവ്യൂകൾ ഉണ്ടോ എന്ന് നോക്കുക. അവ കണ്ടെത്താനാകുമെങ്കിൽ അടുത്ത ഒരു പരീക്ഷണവും കൂടി ചെയ്യുക. റിവ്യൂകളിൽ കാണുന്ന കുറച്ച് ചിത്രങ്ങളെ ആശ്രയിക്കുന്നതിന് പകരം ഒരു ഉൽപ്പന്നത്തെ അടുത്തറിയാൻ റിവ്യൂ വെബ്‌സൈറ്റുകളും യൂട്യൂബ് വീഡിയോകളും ഉപയോഗപ്രദമാകും.
ബ്രാൻഡ് ഓൺലൈനിൽ നോക്കുക. കമ്പനിക്ക് ഔദ്യോഗിക വെബ്സൈറ്റ് ഇല്ലെങ്കിൽ, അത് ഒരു മുന്നറിയിപ്പ് അടയാളമായി എടുക്കുക. പ്രൊഡക്ടിന്റെ ബ്രാൻഡ് നെയിമിലുള്ള സോഷ്യൽ മീഡിയ പേജുകൾ കണ്ടെത്താൻ കഴിയുമോ എന്ന് നോക്കുക. ആ പേജുകളിൽ അവരും അവരെ ഫോളോ ചെയ്യുന്നവരും എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് നോക്കുക. ഈ പേജുകളിൽ നെഗറ്റീവ് റിവ്യൂകളോ പ്രോഡക്ട് പ്രശ്നങ്ങൾ വിശദീകരിക്കുന്ന മറ്റ് പോസ്റ്റുകളോ ഇല്ലെങ്കിൽ നിങ്ങൾക്ക് ആ പ്രോഡക്ട് വാങ്ങാവുന്നതാണ്.
എന്നാൽ എന്ത് പ്രോഡക്ട് വാങ്ങുന്നതിന് മുമ്പും ഇത്രയും പരീക്ഷണങ്ങൾ നടത്തുവാൻ കഴിഞ്ഞു എന്ന് വരില്ല. മാത്രവുമല്ല ഒരു ഓൺലൈൻ പർച്ചേസിങ്ങിന് ഇത്രയും സമയം ചിലവഴിക്കാനും നിങ്ങൾക്ക് ചിലപ്പോൾ താല്പര്യം ഉണ്ടായിരിക്കില്ല. അങ്ങനെ ഉള്ള സാഹചര്യത്തിൽ ഫേക്ക് റിവ്യൂ അറിയാനായി ചില ടൂളുകൾ ഉപയോഗിക്കാവുന്നതാണ്.
Fakespot എന്ന ടൂൾ ക്രോം എക്സ്റ്റെൻഷനായും മൊബൈൽ ആപ്പ് ആയും ഉപയോഗിക്കാനാകും. നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊഡക്ടിന്റെ വില്പനക്കാരന്റെ സെല്ലർ ഹിസ്റ്ററിയും നിയമാനുസൃതമായ റിവ്യൂകളും മാത്രം കാണിക്കുന്ന ടൂൾ ആണ് ഇത്. Review Meta എന്ന മറ്റൊരു ടൂളും ഫേക്ക് റിവ്യൂകൾ അറിയാൻ സഹായകമാകും. നിങ്ങൾക്ക് റിവ്യൂ അറിയേണ്ട പ്രൊഡക്ടിന്റെ URL പേസ്റ്റ് ചെയ്താൽ ഫേക്ക് റിവ്യൂകൾ ഫിൽട്ടർ ചെയ്ത് റിയൽ റിവ്യൂകൾ നൽകുന്നതാണ്.


Click it and Unblock the Notifications








