ജിയോ പണിമുടക്കിയോ, സാരമില്ല എല്ലാം ശരിയാകും! നമ്പർ മാറാതെ BSNL വരിക്കാരനാകണോ അതിനും വഴിയുണ്ട്
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. മികച്ച പ്രവർത്തനമാണ് ഇന്ത്യയിൽ ജിയോ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ജിയോ വരിക്കാർ രാജ്യവ്യാപകമായി ചില ബുദ്ധിമുട്ടുകൾ നേരിടുകയുണ്ടായി. ജിയോ ഫൈബറിലും മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങളിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത് നിരവധി പേരെ പ്രതിസന്ധിയിലാക്കി. പ്രത്യേകിച്ച് ജിയോയുടെ ഇന്റർനെറ്റിനെ വിശ്വസിച്ച് വർക്ക് ഫ്രം ഹോമായി ജോലി ചെയ്തവർ നെറ്റ്വർക്ക് തകരാർ മൂലം ഒരു ജോലിയും നടക്കാതെ ആകെ പ്രതിസന്ധിയിലായി. മറ്റ് നിരവധി ജിയോ വരിക്കാരെയും ഈ തകരാർ നിരാശയിലാക്കി.
ഓൺലൈൻ സർവീസ് തകരാറുകൾ നിരീക്ഷിക്കുന്ന Downdetector എന്ന പ്ലാറ്റ്ഫോം പറയുന്നത് കഴിഞ്ഞ ദിവസം ഉച്ചയോടെ (1 മണി) ജിയോ വരിക്കാർക്ക് ഇന്റർനെറ്റ് പ്രശ്നങ്ങൾ നേരിട്ടുതുടങ്ങി. പിന്നീട് 1:41PM-ന് തകരാർ നേരിട്ടിരുന്നവരുടെ എണ്ണം പല ആയിരം മടങ്ങ് വർധിച്ചു. കേരളത്തിലും നിരവധി ജിയോ വരിക്കാർക്ക് പ്രശ്നങ്ങൾ നേരിട്ടു.

അടുത്തിടെയായി ജിയോ നെറ്റ്വർക്കിന്റെ കാര്യത്തിൽ ഏറെ പരാതികൾ ഉയരുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായത് അതിൽ നിന്ന് വ്യത്യസ്തമായ പ്രശ്നമായിരുന്നു. നിലവിൽ 5ജി വ്യാപനവുമായി ബന്ധപ്പെട്ട തിരക്കിലുള്ള ജിയോ സാധാരണക്കാരായ വരിക്കാരുടെ പരാതികൾ പരിഹരിക്കുന്നതിൽ അൽപ്പം പിന്നിലാണ് എന്ന് നിരവധി ആളുകൾ കമന്റുകളിലൂടെയും മറ്റും ഞങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നു.
ചിലയിടങ്ങളിൽ ചെറിയ പ്രശ്നങ്ങളൊക്കെ നേരിടുന്നുണ്ടെങ്കിലും ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ടെലിക്കോം സേവനങ്ങൾ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നത് ജിയോയാണ്. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളോടും അവയിലെ ആനുകൂല്യങ്ങളോടും കിടപിടിക്കുന്ന പ്ലാനുകൾ മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ പക്കൽ കാണില്ല. എന്നാൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ജിയോയെക്കാൾ മികച്ച പ്ലാനുകൾ നൽകുന്നുണ്ട് എന്നത് വേറെ കാര്യം.
ജിയോ നിലവിൽ 5ജി വ്യാപനത്തിൽ ഏറെ ദൂരം മുന്നേറിയിരിക്കുന്നു. എന്നാൽ ബിഎസ്എൻഎൽ ആകട്ടെ ഇപ്പോഴും 4ജി സേവനങ്ങൾ രാജ്യവ്യാപകമായി ആരംഭിക്കാൻ കഴിയാതെ സ്തംഭിച്ച് നിൽക്കുകയാണ്. ഇന്റർനെറ്റ് ആവശ്യങ്ങൾ ഉള്ളവർക്കാണ് ബിഎസ്എൻഎല്ലിന്റെ 4ജി അഭാവം കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ജിയോ ഏറ്റവും നമ്പർ 1 ആയിട്ടുള്ള കമ്പനിയാണ്, അതേസമയം ബിഎസ്എൻഎൽ ആകട്ടെ ഏറ്റവും പിന്നിലുള്ള കമ്പനിയും.
എങ്കിലും ഇന്റർനെറ്റ് ആവശ്യങ്ങൾ അധികമില്ലാത്ത സാധാരണക്കാരായ ആളുകളുടെ കാര്യമെടുത്താൽ അവർക്ക് അനുയോജ്യമായ പ്രീപെയ്ഡ് പ്ലാനുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കുക ബിഎസ്എൻഎല്ലിന്റെ പക്കലാണ്. ഇത് തിരിച്ചറിയുന്ന ഒരു വിഭാഗം ആളുകൾ ഉള്ളതുകൊണ്ടാണ് ഈ പൊതുമേഖലാ സ്ഥാപനം ഇപ്പോഴും നിലനിന്നുപോകുന്നത്.
ജിയോയെക്കാൾ മികച്ച കമ്പനിയൊന്നുമല്ല ബിഎസ്എൻഎൽ. എങ്കിലും താൽപര്യമുള്ള ഏത് ടെലിക്കോം കമ്പനിയുടെ വരിക്കാരനും ബിഎസ്എൻഎല്ലിലേക്ക് തങ്ങളുടെ സിം കാർഡ് നമ്പർ മാറാതെ തന്നെ പോർട്ട് ചെയ്യാൻ സാധിക്കും. മറ്റ് ടെലിക്കോം കമ്പനികൾ വരിക്കാരെ സ്വന്തമാക്കാൻ പലവിധ വാഗ്ദാനങ്ങൾ നൽകുമ്പോൾ, ബിഎസ്എൻഎൽ കാര്യമായ അവകാശവാദങ്ങളൊന്നും മുഴക്കുന്നില്ല.

നമ്പർ മാറാതെ തന്നെ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം കാർഡ് മറ്റ് കമ്പനികളുടെ കണക്ഷനുകളിലേക്ക് പോർട്ട് ചെയ്യുന്ന ധാരാളം പേരുണ്ട്. അത്തരം ആളുകൾക്ക് പ്രയോജനപ്പെടും വിധത്തിൽ, നമ്പർ മാറാതെ എങ്ങനെ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിം ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാം എന്ന് ഇവിടെ പരിചയപ്പെടാം.
സിം പോർട്ട് ചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നിലവിലെ ഓപ്പറേറ്ററുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം, ബിൽ അടയ്ക്കാൻ ബാക്കിയുണ്ടാവരുത്, മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്, മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (ഏതെങ്കിലും കോടതി കേസുമായി ബന്ധപ്പെട്ടത്), സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്
ഏത് നെറ്റ്വർക്കിൽ നിന്നും ഓഫ്ലൈനായി എളുപ്പത്തിൽ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനുള്ള വഴി: പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പറിൽനിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം. തുടർന്ന് യുപിസി കോഡ് ലഭിക്കാൻ "Port 10-അക്ക മൊബൈൽ നമ്പർ" എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയയ്ക്കുക.
ഉടൻ ഉപയോക്താവിന്റെ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന ഒരു മെസേജ് എത്തും. എംഎൻപിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതൽ 15 ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും. തുടർന്ന് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക. എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം.

ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ കൈയ്യിൽ കരുതണം, ഡിജിറ്റൽ KYC ചെയ്തുകഴിഞ്ഞാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും. എംഎൻപി റിക്വസ്റ്റ് അംഗീകരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും അറിയിക്കും. നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം കാർഡ് ഫോണിൽ ഇടുക.
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ 1800-180-1503 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.
മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ സിം ആക്ടീവ് ആകുന്നതിന് കുറഞ്ഞത് 3 ദിവസവും പരമാവധി 5 ദിവസവും എടുക്കും. അടുത്തുള്ള കസ്റ്റമർ സർവീസ് സെന്റർ, റീട്ടെയിലർ അല്ലെങ്കിൽ അംഗീകൃത ഫ്രാഞ്ചൈസി എന്നിവിടങ്ങളിൽ പോയാൽ നിങ്ങൾക്ക് ഏത് നെറ്റ്വർക്കിൽ നിന്നും ഓഫ്ലൈനായി എളുപ്പത്തിൽ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാം.


Click it and Unblock the Notifications








