ഹലോ..കമ്പിളി പുതപ്പ്..! സ്പാം കോളുകൾ ഇങ്ങെനെ ഒഴിവാക്കേണ്ട..ഈ ഫീച്ചർ ഉപയോഗിക്കൂ
നിങ്ങൾ ഒരു മീറ്റിംഗിലോ പ്രധാനപ്പെട്ട ജോലിയിലോ മറ്റെന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ ആണെങ്കിൽ അനാവശ്യ കോളുകളും സന്ദേശങ്ങളും ലഭിക്കുന്നത് അലോസരപ്പെടുത്തും. ചിലപ്പോൾ നിങ്ങൾക്ക് ചില നഷ്ടങ്ങൾ വരെ അതുകൊണ്ട് സംഭവിച്ചേക്കാം. ഫോൺ ഓഫാക്കുന്നതിലൂടെ നിങ്ങൾക്ക് സ്പാം കോളുകൾ ഒഴിവാക്കാമെങ്കിലും, ഇത് ഒരു മികച്ച പരിഹാരമല്ല. കാരണം നിങ്ങൾക്ക് പതിവായി ഫോൺ ഓഫാക്കി വെച്ച് ജീവിക്കാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കില്ല. എല്ലാ സ്പാം കോളുകളും എടുക്കുന്നതിന് മുന്നേ അറിയാനുള്ള വഴിയും ഇല്ല. ഈ പ്രേശ്നനങ്ങൾ തടയാൻ ഒരു ശാശ്വത പരിഹാരം അനിവാര്യം ആണ്.
അതിന് ഉപയോക്താക്കളെ സഹായിക്കുന്നതിന്, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സ്പാം കോളുകൾ ശാശ്വതമായി തടയാൻ കഴിയുന്ന ഡിഎൻഡി എന്ന പ്രത്യേക സേവനം നൽകുന്നുണ്ട്. ഇത് പ്രവർത്തനക്ഷമം ആക്കുന്നതിലൂടെ, നിങ്ങൾക്ക് സ്പാം കോളുകൾ എളുപ്പത്തിൽ തടയാനാകും. നിങ്ങളൊരു ജിയോ ഉപയോക്താവാണെങ്കിൽ, സ്പാം കോളുകൾ ഒഴിവാക്കുകയും പ്രധാനപ്പെട്ട കോളുകൾ മാത്രമേ ലഭിക്കൂ എന്ന് ഉറപ്പാക്കാനും MyJio ആപ്പിൽ നിന്ന് DND (Do Not Disturb) സേവനം ഓണാക്കാവുന്നതാണ്.

വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ്, നിങ്ങൾ ഡിഎൻഡിയെക്കുറിച്ച് അറിഞ്ഞിരിക്കണം. ട്രായ് ഡിഎൻഡിയെ രണ്ട് വ്യത്യസ്ത ഓപ്ഷനുകളായി തരംതിരിച്ചിട്ടുണ്ട്. ഭാഗിക ഡിഎൻഡി (Partial DND), ഫുൾ ഡിഎൻഡി (Full DND). ചില പ്രമോഷണൽ കോളുകളും സന്ദേശങ്ങളും ആവശ്യം ഉള്ളവർക്ക്, ഭാഗിക DND സേവനം ഉപയോഗിക്കാം. ഈ ഫീച്ചർ ചില പ്രൊമോഷണൽ കോളുകളും ടെക്‌സ്‌റ്റുകളും അനുവദിക്കും.
അതേ സമയം പൂർണ്ണമായ DND ഒരു പരിധി വരെ എല്ലാം തടയും. എന്നിരുന്നാലും, സ്‌പാമർമാർ വർഷങ്ങൾ കടക്കും തോറും കൂടുതൽ സ്‌മാർട്ടായിട്ടുണ്ട്. പൂർണ്ണമായ DND പ്രാപ്‌തമാക്കിയിട്ടും ചില പ്രൊമോഷണൽ കോളുകളും സന്ദേശങ്ങളും സിസ്റ്റത്തിന് കണ്ടെത്താനാകാത്തതിനാൽ അത് തുടർന്നും വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ, ട്രൂകോളർ പോലുള്ള കോളർ ഐഡൻ്റിഫിക്കേഷൻ ആപ്പുകളുടെ സഹായം തേടേണ്ടി വരും.
ഈ ട്രൂകോളർ ആപ്പ് ഉൽപ്പന്ന ഡെലിവറിയുമായി ബന്ധപ്പെട്ട കോളുകളും, അനാവശ്യ സ്പാം കോളുകളും ഫിൽട്ടർ ചെയ്ത് ആവശ്യമായ കോളുകൾ മാത്രം എടുക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾക്ക് ഒരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വരുമ്പോൾ ആരായിരിക്കാം എന്ന് സംശയിക്കുന്ന സാഹചര്യങ്ങളിൽ ഈ ആപ്പ് വളരെ ഉപകാരപ്രദമാണ്.
ജിയോയിൽ DND എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം. ആദ്യം, പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിളിൻ്റെ ആപ്പ് സ്റ്റോറിൽ നിന്നോ MyJio ആപ്പ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് നിങ്ങളുടെ ജിയോ നമ്പർ ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക. ശേഷം സെറ്റിംഗ്സ് ഓപ്പൺ ആക്കി സർവീസ് സെറ്റിംഗ്സ് (Service settings) ക്ലിക്ക് ചെയ്ത് ഡു നോട്ട് ഡിസ്റ്റർബ് (Do not disturb) ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
അപ്പോൾ നിങ്ങൾക്ക് നാല് വിഭാഗങ്ങൾ കാണാം. പ്രമോഷണൽ കമ്മ്യൂണിക്കേഷൻസ് ബ്ലോക്ക്ഡ് (promotional communications blocked), കസ്റ്റം പ്രീഫെറെൻസ് (custom preferences),ഡീ-രജിസ്‌ട്രേഷൻ (De-registration). കോളുകളും സന്ദേശങ്ങളും സ്വീകരിക്കുന്നതിൽ നിന്ന് നിങ്ങൾ തടയാൻ ആഗ്രഹിക്കുന്ന വിഭാഗം തിരഞ്ഞെടുത്ത് സേവ് ആക്കുക. ഇപ്പോൾ നിങ്ങൾ തിരഞ്ഞെടുത്ത വിഭാഗത്ത് നിന്നുള്ള സ്പാം കോളുകൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല.
ഇതുപോലെ, നിങ്ങളുടെ മറ്റ് സിം കാർഡുകളിലും DND സജീവമാക്കാം. DND സേവനം ഉപയോഗിക്കുന്നത് അനാവശ്യ കോളുകളുടെയും സന്ദേശങ്ങളുടെയും എണ്ണം ഗണ്യമായി കുറയ്ക്കുകയും കൂടുതൽ ഉൽപ്പാദനക്ഷമവും തടസ്സമില്ലാത്തതുമായ ദിവസം ഉറപ്പാക്കുകയും ചെയ്യും. DND പ്രവർത്തനക്ഷമമാക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം, നിങ്ങൾക്ക് ചില പ്രധാന അറിയിപ്പുകൾ ചിലപ്പോൾ നഷ്‌ടമായേക്കാം.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ഫോൺ ലോഞ്ചുകൾ എന്നിവ എല്ലാം അറിയാൻ gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








