അണ്ടർവാട്ടർ ഫോട്ടോഗ്രഫി ഇത്രയ്ക്ക് സിമ്പിളായിരുന്നോ...? ഇതാ ചില പൊടിക്കൈകൾ, ഇനി നിങ്ങളും സ്റ്റാർ ആവും
ഫോട്ടോഗ്രഫി ഇഷ്ടമുള്ളവർക്ക് ഏറ്റവും പ്രധാനപ്പെട്ടത് ഒന്നാണ് വെള്ളത്തിന് അടിയിൽ നിന്ന് ഫോട്ടോ എടുക്കുക എന്നത്. വെള്ളത്തിന് അടിയിൽ നിന്ന് എടുക്കുന്ന ചിത്രങ്ങൾ അടിപൊളിയായിരിക്കും. എന്നാൽ ഫോണിന് തകരാർ സംഭവിക്കുമെന്നതിനാൽ പലരും ഈ ദൗത്യത്തിന് മുതിരാറില്ല. പക്ഷെ പ്രൊഫഷണൽ ഡൈവർമാർക്കും വിലയേറിയ വാട്ടർപ്രൂഫ് ക്യാമറകൾ ഉള്ളവർക്കും അണ്ടർവാട്ടർ ഫോട്ടോഗ്രഫി വളരെ എളുപ്പത്തിൽ സാധിക്കും. വാട്ടർപ്രൂഫ് ക്യാമറയില്ലാതെ നിങ്ങളുടെ സ്വന്തം സ്മാർട്ട് ഫോണിൽ അണ്ടർവാട്ടർ ഫോട്ടോകൾ എടുക്കണമെന്ന് ആഗ്രഹമുണ്ടോ..? അതിനൊക്കെ ചെറിയ സിമ്പിൾ വഴികളിലൂടെ സാധ്യമാക്കാം.
അതിനുമുമ്പ് ചില കാര്യങ്ങൾ കൂടി സൂചിപ്പിക്കട്ടെ, നിങ്ങളടെ IP68 ജല പ്രതിരോധ റേറ്റിംഗ് ഉണ്ടെങ്കിൽ പോലും ദീർഘനേരം അല്ലെങ്കിൽ ആഴത്തിലുള്ള വെള്ളം ഉപയോഗിക്കുമ്പോൾ അത് സുരക്ഷ ഉറപ്പുനൽകുന്നില്ല. അതിനാൽ തന്നെ അണ്ടർവാട്ടർ ഫോട്ടോഗ്രഫി ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും. അണ്ടർ വാട്ടർ ഫോട്ടോഗ്രഫിക്കായി ഏറ്റവും പ്രായോഗികവും ബജറ്റ് സൗഹൃദപരവുമായ പരിഹാരം ഒരു വാട്ടർപ്രൂഫ് ഫോൺ പൗച്ച് അല്ലെങ്കിൽ കേസ് ഉപയോഗിക്കുക എന്നതാണ്.

ഇവ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളായ ആമസോൺ, ഫ്‌ലിപ്കാർട്ട് തുടങ്ങിയവയിലും ലോക്കൽ മൊബൈൽ ഷോപ്പുകളിലും ലഭ്യമാണ്. ഈ സ്‌കെയിസുകളും പൗച്ചുകളും ഗ്ലാസ്‌ടൈപ്പ് ആയതിനാൽ അകത്തേക്ക് കാണാൻ സാധിക്കുന്നവയാണ്. ടച്ച്സ്‌ക്രീൻ ആക്സസ് നൽകുന്നതിനാൽ ഫോട്ടോ, വീഡിയോ എടുക്കുമ്പോൾ തടസ്സങ്ങൾ നേരിടാൻ സാധ്യതയില്ല.
ഒന്നിലധികം ലോക്കുകളോ ക്ലാസ്പുകളോ ഉപയോഗിച്ച് സുരക്ഷിതമായി ഇവ സീൽ ചെയ്തിട്ടുണ്ട്. അബദ്ധത്തിൽ താഴെ വീഴാതിരിക്കാൻ ഒരു ലാനിയാർഡ് ഉണ്ട്. ഫോൺ കെയ്‌സിലാക്കി വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഇതിന്റെ സീൽ സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ വെള്ളം കയറി ഫോണിന് തകരാർ സംഭവിക്കാൻ സാധ്യതയുണ്ട്.
അതിനാൽ തന്നെ ആദ്യം വെള്ളത്തിൽ ഒന്ന് മുക്കിനോക്കിയ ശേഷം ഫോട്ടോഗ്രഫി പരീക്ഷണം നടത്തിയാൽ മതി എന്ന് അർത്ഥം. ഏത് ഫോട്ടോ എടുക്കുമ്പോഴും വെളിച്ചം പ്രധാന ഘടകമാണ്. അണ്ടർ വാട്ടർ ഫോട്ടോഗ്രഫിയാണെങ്കിൽ വെളിച്ചം കിട്ടാക്കനിയാകും. സാധാരണ വെളിച്ചക്കുറവുണ്ടെങ്കിൽ ഫ്‌ലാഷ് ലൈറ്റ് ഒക്കെ ഇട്ടിട്ട് അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും.

വെള്ളത്തിനടിയിൽ ഫ്‌ലാഷ് ഇടാമെങ്കിലും വലിയ ഗുണം ലഭിക്കാൻ സാധ്യതയില്ല. അതിനാൽ തന്നെ ഫോട്ടോഗ്രാഫിക്കായി തിരഞ്ഞെടുക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. സൂര്യപ്രകാശം നല്ല രീതിയിൽ ലഭിക്കുന്ന സമയം തിരഞ്ഞെടുക്കുന്നത് നന്നാകും. രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയിൽ ഷൂട്ട് ചെയ്താൽ മികച്ച ഔട്ട്പുട്ട് ലഭിക്കും.
കൂടുതൽ വെളിച്ചം ലഭിക്കുന്തോറും ചിത്രങ്ങൾ കൂടുതൽ വ്യക്തവും അടിപൊളിയായിരിക്കും. അതുപോലെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഫോൺ വെള്ളത്തിലിറക്കുന്നതിന് മുമ്പ് ക്യാമറ ക്രമീകരണങ്ങൾ ഒപ്റ്റിമൈസ് ചെയ്യുക. ഫോൺ വാട്ടർപ്രൂഫ് കേസിൽ ആയിക്കഴിഞ്ഞാൽ എളുപ്പത്തിൽ ക്രമീകരണങ്ങൾ മാറ്റാൻ കഴിഞ്ഞേക്കില്ല. അതിനാൽ മുൻകൂട്ടി അവ ക്രമീകരിക്കുന്നതാണ് നല്ലത്.

അതുപോലെ പ്രധാനപ്പെട്ട കാര്യമാണ് ഫോട്ടോകൾ എടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഫോൺ പുറത്തെടുത്ത് ചാർജ് ചെയ്യാനുള്ള പ്രേവണത പൂർണ്ണമായും ഒഴിവാക്കണം. ആദ്യം കേസ് ചോർച്ചയ്ക്കായി പരിശോധിക്കുകയും ചാർജിംഗ് പോർട്ട്, സ്പീക്കറുകൾ, ബട്ടണുകൾ എന്നിവയ്ക്ക് ചുറ്റും ഈർപ്പം ഉണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക. ഈ ഭാഗങ്ങൾ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടക്കണം. ആന്തരിക ഷോർട്ട് സർക്യൂട്ടുകളോ കേടുപാടുകളോ ഒഴിവാക്കാൻ ചാർജ് ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ ഫോൺ അൽപ്പനേരം പുറത്ത് വയ്ക്കാൻ അനുവദിക്കുക. മികച്ച ഔട്ട്പുട്ടിന് വേണ്ടി ഫോൺ കേടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്നർത്ഥം.


Click it and Unblock the Notifications








