ഹാക്കർമാർക്ക് പിടി കൊടുക്കല്ലേ! യുപിഐ പിൻ വേഗം മാറ്റിക്കോ! ചെയ്യേണ്ടത് ഇത്രമാത്രം
ഇപ്പോൾ പണമിടപാടുകൾ ഭൂരിഭാഗവും ഓൺലൈൻ വഴിയാണ്. പച്ചക്കറി വാങ്ങുന്നത്, മറ്റ് സാധനങ്ങൾ വാങ്ങുന്നത്, എന്തിന് വാഹനം ബുക്ക് ചെയ്യുന്നതിന് വരെ ക്യാഷ്‌ലെസ് മോഡ് ആയിക്കഴിഞ്ഞു. ക്യാഷ്‌ലെസ് പെയ്മെന്റിന് യുപിഐയെ ആശ്രയിക്കുന്നവരാണ് കൂടുതലും. ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലാണെങ്കിലും എന്താണ് യുപിഐ എന്ന് പലർക്കും അറിയില്ല.
എന്താണ് യുപിഐ? റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്ത ലൈവ് പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഒരു പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ ആണ് യുപിഐ ലക്ഷ്യമിടുന്നത്.

ഉപയോക്താക്കൾക്ക് മൊബൈൽ നമ്പറോ വിപിഎയോ ഉപയോഗിച്ച് ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണംമയക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇടപാടുകൾ ചെയ്യാനുള്ള സംവിധാനം, റിവാർഡ് പോയിന്റുകൾ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ എന്നിവയെല്ലാം യുപിഐ സംവിധാനത്തെ കൂടുതൽ ജനപ്രിയമാക്കുകയാണ് ചെയ്യുന്നത്. അതോടൊപ്പം മെർച്ചന്റ് പെയ്മെന്റ് പോലുള്ള ഒട്ടനവധി സൗകര്യങ്ങള്‍ ഈ ആപ്പിൽ ഉണ്ട്.
ഈ ഇടപാടുകൾ സുരക്ഷിതമാക്കാൻ വേണ്ടി നിങ്ങൾക്ക് മാത്രമറിയാവുന്ന ഒരു യുപിഐ പിൻ ക്രിയേറ്റ് ചെയ്യേണ്ടതായിട്ടുണ്ട്. ഈ യുപിഐ പിൻ ഇടയ്ക്കിടെ മാറ്റുന്നത് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട വഴിയാണ്. അതുകൂടാതെ നിങ്ങളുടെ ഏതെങ്കിലും ഓൺലൈൻ പേയ്‌മെന്റ് ആപ്പിലേക്ക് സംശയാസ്പദമായി ആരെങ്കിലും ആക്സസ് ചെയ്തുവെന്ന് തോന്നുന്നു എങ്കിൽ വേഗം തന്നെ യുപിഐ പിൻ മാറ്റേണ്ടതാണ്.

യുപിഐ പേയ്മെന്റുകൾ എങ്ങനെ സുരക്ഷിതമാക്കാം? ഓർത്തിരിക്കാൻ എളുപ്പവും മറ്റുള്ളവർക്ക് ഊഹിക്കാൻ പ്രയാസമുള്ളതുമായിരിക്കണം യുപിഐ പിൻ. ഒരു കാരണവശാലും യുപിഐ പിൻ ആരുമായും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. യുപിഐ പിൻ മറക്കുന്ന സാഹചര്യം കണക്കിലെടുത്ത് മറ്റ് ആളുകളുമായി പിൻ ഷെയർ ചെയ്ത് അബദ്ധത്തിൽ ചാടിയവർ ഏറെയാണ്. പിൻ മറന്നാൽ ആപ്പിലെ നിർദ്ദേശങ്ങൾ പാലിച്ച് അവ റീസെറ്റ് ചെയ്യാവുന്നതാണ്.
യുപിഐ പിൻ നിരന്തരം അപ്ഡേറ്റ് ചെയ്യുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. സുരക്ഷിതമല്ലെന്ന് കരുതുന്നെങ്കിൽ പിൻ മാറ്റേണ്ടത് എങ്ങനെ എന്ന് നോക്കാം. Google Pay, PhonePe, Paytm എന്നിവയാണ് പണമിടപാട് നടത്താൻ പ്രധാനമായും ഉപയോഗിക്കുന്ന UPI ആപ്പുകൾ. ഓരോ ആപ്പുകളും വ്യത്യസ്‌ത രീതിയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ പിൻ മാറ്റുന്ന രീതികളും വ്യത്യസ്തമാണ്.

ഗൂഗിൾ പേയിൽ യുപിഐ പിൻ മാറ്റുന്നതിനായി: ഗൂഗിൾ പേ ആപ്പ് തുറക്കുക. മുകളിൽ വലതുവശത്തുള്ള ഫോട്ടോയിൽ ടാപ്പ് ചെയ്യുക. ശേഷം ബാങ്ക് അക്കൗണ്ട് ടാപ്പ് ചെയ്ത് എഡിറ്റ് ചെയ്യേണ്ട ബാങ്ക് അക്കൗണ്ട് ക്ലിക്ക് ചെയ്യുക. 3 ഡോട്ടുകൾ ഉള്ള ഓപ്‌ഷനിൽ ക്ലിക്ക് ചെയ്ത് Change UPI PIN എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.
നിലവിൽ ഉള്ള യുപിഐ പിൻ നൽകിയതിന് ശേഷം continue ടാപ്പ് ചെയ്യുമ്പോൾ പുതിയ യുപിഐ പിൻ നൽകാൻ ആവശ്യപ്പെടും. ആർക്കും എളുപ്പത്തിൽ ഊഹിക്കാൻ സാധികാത്ത പിൻ നൽകിയതിന് ശേഷം വീണ്ടും അതേ പിൻ നൽകി confirm ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ പുതിയ യുപിഐ പിൻ ആക്റ്റീവ് ആകുന്നതാണ്.
ഫോൺപേയിൽ യുപിഐ പിൻ മാറ്റുന്നതിനായി: ഫോൺപേ ആപ്പിലെ പ്രൊഫൈൽ പിക്ച്ചറിൽ ക്ലിക്ക് ചെയ്യുക. Payment Methods ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യുക. Reset UPI PIN ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന ഡെബിറ്റ്/എടിഎം കാർഡ് വിശദാംശങ്ങൾ നൽകുക. അക്കൗണ്ടുമായി ബന്ധപ്പെട്ട ഫോൺ നമ്പറിൽ വരുന്ന ഒറ്റിപി നൽകി നിലവിൽ ഉള്ള യുപിഐ പിൻ നൽകിയതിന് ശേഷം പുതിയ യുപിഐ പിൻ നൽകാവുന്നതാണ്.

പേടിഎമ്മിൽ യുപിഐ പിൻ മാറ്റുന്നതിനായി: പേടിഎം ആപ്പ് ഓപ്പൺ ചെയ്ത് മുകളിൽ ഇടത് വശത്തെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക. പ്രൊഫൈൽ സെറ്റിങ്സ് ഓപ്‌ഷനിൽ പോയി സെക്യൂരിറ്റി ആൻഡ് പ്രൈവസി ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. change UPI pin എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തതിന് ശേഷം നിലവിലെ പിൻ നൽകുക. ശേഷം പുതിയ പിൻ എന്റർ ചെയ്ത് കൺഫേം ആക്കുക.


Click it and Unblock the Notifications








