വാട്സ്ആപ്പ് വഴി ബാങ്ക് അക്കൗണ്ട് ബാലൻസ് അറിയാം, സേവ് ചെയ്യേണ്ട നമ്പറുകൾ ഇതാ
വാട്സ്ആപ്പ് (WhatsApp) വെറും ചാറ്റിങ്/മെസേജിങ് ആപ്പ് മാത്രമല്ലാതായിട്ട് ഏറെ നാളായി. വീഡിയോ കോളുകൾ ഉൾപ്പെടെ ചെയ്യാനും വിവിധ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും തുടങ്ങി നിരവധി കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കും എന്ന് നമുക്കറിയാം. വാട്സ്ആപ്പിന്റെ ഇത്തരം വിവിധ സേവനങ്ങളിൽ ബാങ്കിങ് ഇടപാടുകളും ഇടംപിടിച്ചിരിക്കുന്നു.
കുറച്ചു നാൾ മുമ്പുവരെ ബാങ്കിങ് (banking) ഇടപാടുകൾ ഏറ്റവും തലവേദന പിടിച്ച ഒരു ജോലിയായിരുന്നു, എന്നാൽ ബാങ്കുകൾ ഓൺലൈൻ സേവനങ്ങൾ ആരംഭിച്ചതോടെ അതുവരെ നാം കണ്ടുവന്ന ബാങ്കിങ് രീതികൾ പാടെ മാറി. ഒരു സ്മാർട്ട്ഫോൺ കൈയിലുണ്ടെങ്കിൽ ആർക്കും എവിടിരുന്നും ബാങ്കിങ് ഇടപാടുകൾ നടത്താം എന്ന നിലയെത്തി.

ഓൺലൈൻ പേയ്മെന്റ് ഇടപാടുകൾക്ക് സഹായിക്കുന്ന വിവിധ യുപിഐ ആപ്പുകളും ബാങ്കുകളുടെ തന്നെ സ്വന്തം ആപ്പുകളും ധാരാളമുണ്ട്. എന്നാൽ ഇവയ്ക്കെല്ലാം ഇടയിൽ വാട്സ്ആപ്പും ചില ബാങ്കിങ് സേവനങ്ങൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സൗകര്യമാണ് ബാലസ് ചെക്കിങ്. അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടെന്ന് വാട്സ്ആപ്പിൽ വെറുതേ ഒരു ഹായ് അയച്ചുകൊണ്ട് അറിയാൻ സാധിക്കും.
ബാലൻസ് അറിയാൻ മാത്രമല്ല, പണം അയയ്ക്കുന്നത് മുതൽ മിനി സ്റ്റേറ്റ്മെന്റ് പരിശോധിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളും വാട്സ്ആപ്പിലൂടെ ലഭ്യമാണ്. എങ്കിലും ഏറെപ്പേർക്കും ഇതിൽ ഉപകാരപ്പെടുക ബാലൻസ് ചെക്കിങ് സൗകര്യമാണ്. ഗൂഗിൾ പേ പോലുള്ള ആപ്പുകളിൽ ബാലൻസ് നോക്കാൻ ശ്രമിച്ചാൽ നെറ്റ്വർക്ക് തകരാറുകൾ മൂലം ലഭ്യമാകണമെന്നില്ല. എന്നാൽ വാട്സ്ആപ്പിൽ അത്തരം പ്രശ്നങ്ങൾ പൊതുവെ കുറവാണ്.

ഏറ്റവും സുരക്ഷിതവും വളരെ നിസാരമായി കാര്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നതുമായ ഒരു പ്ലാറ്റ്ഫോം തന്നെയാണ് വാട്സ്ആപ്പ്. നമ്മുടെ നാട്ടിൽ ഏറ്റവും അധികം പേർ ആശ്രയിക്കുന്ന ബാങ്കുകളിൽ ഒന്നാണ് എസ്ബിഐ. അതേപോലെ സ്വകാര്യമേഖലയിൽ ശക്തമായി വളർന്നുവരുന്ന ബാങ്കുകൾ ആണ് എച്ച്ഡിഎഫ്സിഐ, ഐസിഐസി എന്നിവ. ഈ ബാങ്കുകളുടെ സേവനം വാട്സാപ്പിൽ എങ്ങനെ ലഭ്യമാകും എന്ന് പരിചയപ്പെടാം.
എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിങ്: രാജ്യത്ത് ഏറ്റവും അധികം ഉപഭോക്താക്കൾ ഉള്ള ബാങ്കായ എസ്ബിഐ ഏതാനും നാൾ മുമ്പ് വാട്സ്ആപ്പുമായി ചേർന്ന് ബാങ്കിങ് സേവനങ്ങൾ നൽകാൻ ആരംഭിച്ചു. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ ഉപയോഗിച്ച് എസ്ബിഐ ബാങ്കിങ് സൗകര്യം ഉപയോഗിക്കാൻ സാധിക്കും.
എസ്ബിഐ വാട്സ്ആപ്പ് ബാങ്കിങ് ഉപയോഗിക്കുന്നതിനായി ആദ്യ ഘട്ടം എന്നനിലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽനിന്ന് 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്‌ക്കുക. രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽനിന്ന് വാട്സ്ആപ്പിലേക്ക് ഒരു മെസേജ് ലഭിക്കും.

നമ്പർ സേവ് ചെയ്തശേഷം വാട്സ്ആപ്പ് ചാറ്റ് ഓപ്പൺ ചെയ്ത് ഈ നമ്പറിലേക്ക് 'Hi' എന്ന് മെസേജ് അയയ്ക്കുക. അപ്പോൾ മൂന്ന് ഓപ്ഷനുകൾ അടങ്ങുന്ന ഒരു മറുപടി മെസേജ് ലഭിക്കും. ഗെറ്റ് ബാലൻസ്, ഗെറ്റ് മിനിസ്റ്റേറ്റ്മെന്റ്, ഷോ മോർ ഓപ്ഷൻസ് എന്നീ ഓപ്ഷനുകൾ അടങ്ങുന്നതാണ് മറുപടി മെസേജ്.
ഇതിൽ ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കാൻ ആ ഓപ്ഷനിൽ തൊട്ടാൽ മാത്രം മതി. ഒരു ചാറ്റ് ചെയ്യുന്ന അത്രയും സിംപിളാണ് വാട്സ്ആപ്പിലെ എസ്ബിഐ ബാങ്കിങ്. അതിനാൽത്തന്നെ ഇപ്പോൾ നിരവധി പേർ ബാലൻസ് അറിയാനും മിനി സ്റ്റേറ്റ്മെന്റ് നോക്കാനും വാട്സ്ആപ്പിലെ ഈ സേവനമാണ് ഉപയോഗപ്പെടുത്തിവരുന്നത്.
ഐസിഐസിഐ ബാങ്കിങ്: ഐസിഐസിഐ ബാങ്കിന്റെ വാട്സ്ആപ്പ് സേവനങ്ങൾക്കായി 8640086400 എന്ന നമ്പർ കോണ്ടാക്ട് ലിസ്റ്റിൽ സേവ് ചെയ്യുക. തുടർന്ന് ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്നും ഈ നമ്പറിലേക്ക് Hi എന്ന് മെസേജ് അയയ്ക്കുക. തുടർന്ന് ലഭ്യമാകുന്ന മെനുവിൽ നിന്ന് ആവശ്യമുള്ള സേവനം തെരഞ്ഞെടുക്കുക.
എച്ച്‌ഡിഎഫ്‌സി ബാങ്കിങ്: എച്ച്ഡിഎഫ്സിയുടെ വാട്സ്ആപ്പ് ചാറ്റ് ബാങ്കിങ് വഴി 90-ൽ അധികം സേവനങ്ങൾ ഇരുപത്തിനാലു മണിക്കൂറും ലഭ്യമാകും. ഈ സേവനങ്ങൾ ലഭ്യമാകാൻ, 70700 22222 എന്ന നമ്പർ കോൺടാക്റ്റിലേക്ക് സേവ് ചെയ്തശേഷം ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്ന് Hi എന്ന് മെസേജ് അയച്ച് ബാങ്കിങ് സേവനങ്ങൾ ആസ്വദിക്കാം.


Click it and Unblock the Notifications