ഫോൺ കവർ നോക്കൂ, മഞ്ഞ നിറമായില്ലേ, വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ!
ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിൽക്കപ്പെടുന്ന ഒരു സമയമാണിത്. ഫെസ്റ്റിവൽ സെയിലിനോട് അനുബന്ധിച്ച് വിവിധ ബ്രാൻഡുകൾ ആകർഷകമായ ഡീലുകൾ നൽകുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ നിരവധി പേർ കാത്തുനിൽക്കുന്നു. ഇങ്ങനെ വാങ്ങുന്ന സ്മാർട്ട്ഫോണുകൾക്കൊപ്പം സുരക്ഷയ്ക്കായി ഒരു പുറം കവറും (ഫോൺ കെയ്‌സ്) കിട്ടാറുണ്ട്.
സ്മാർട്ട്ഫോണിനൊപ്പം കിട്ടുന്ന ഫോൺ കെയ്സുകൾ പലപ്പോഴും സുതാര്യമായവയായിരിക്കും. കിട്ടുമ്പോൾ സുതാര്യമായ ഈ സ്ഥടികം പോലെ ഇരിക്കുന്ന കവറുകൾ കുറച്ച് നാൾ കഴിയുമ്പോഴേക്ക് മഞ്ഞ നിറത്തിലാകാറുണ്ട്. പലപ്പോഴും ഫോൺ ഉപയോഗിക്കുന്ന നാം അത് ശ്രദ്ധിക്കാറില്ല. ചുറ്റുമുള്ളവരുടെ ഫോണുകളിലേക്ക് നോക്കിയാൽ സുതാര്യമായിരുന്ന മൊബൈൽ കവറുകൾ ഇപ്പോൾ മഞ്ഞനിറത്തിലിരിക്കുന്നത് കാണാം.

സ്മാർട്ട്ഫോണുകളെ സംബന്ധിച്ചിടത്തോളം കവർ തീർച്ചയായും അനിവാര്യമാണ്. വൻ വീഴ്ചകളിൽ പലപ്പോഴും തുണയാകുന്നത് കവർ ആയിരിക്കും. എപ്പോഴും കൈയിൽ കൊണ്ടുനടക്കുന്ന സ്മാർട്ട്ഫോൺ കവർ വൃത്തിയായിരിക്കുകതന്നെ വേണം. ഇടയ്ക്കിടെ വൃത്തിയാക്കുന്നത് കവർ പെട്ടെന്ന് കളർമങ്ങുന്നത് ഒഴിവാക്കാനും കവറിനുള്ളിലെ അഴുക്കുകൾ കളയാനും സഹായിക്കും. കവർ വൃത്തിയാക്കാനുള്ള ചില ടിപ്സ് നോക്കാം.
സ്മാർട്ട്ഫോണിനൊപ്പം സൗജന്യമായി കിട്ടുന്ന സുതാര്യമായ ഫോൺ കവറുകൾ സിലിക്കൺ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വഴക്കം, വിലക്കുറവ്, ഭംഗി എന്നിവയെല്ലാം സിലിക്കൺ കവറുകളുടെ പ്രത്യേകതകളാണ്. ഉപയോഗം തുടങ്ങി കുറച്ചുനാൾ കഴിയുമ്പോൾ ഈ കവറുകളുടെ നിറം മാറുന്നതിന്റെ പ്രധാന കാരണം ഫോണിൽനിന്ന് പുറന്തള്ളുന്ന ചൂട് ആണ്. ഒപ്പം രാസവസ്തുക്കളും മറ്റുമായുണ്ടാകുന്ന സമ്പർക്കവും കവർ നിറംമാറ്റത്തിന് കാരണമാകുന്നു.
ഇത്തരത്തിൽ കവർ മാറിയാൽ ഉടൻ അടുത്ത കവർ വാങ്ങുന്നത് തുടർച്ചയായി പണച്ചെലവ് ഉണ്ടാക്കും. എന്നാൽ അത് ഇടയ്ക്കിടെ വൃത്തിയാക്കി ഉപയോഗിച്ചാൽ, കവർ മഞ്ഞയാകുന്നത് ഒരു പരിധിവരെ തടയാനും അതോടൊപ്പം തന്നെ ഉപപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനും സാധിക്കും. കവർ വൃത്തിയാക്കാൻ നിരവധി മാർഗങ്ങളുണ്ട്.
നമ്മുടെ മൊബൈൽഫോൺ കവർ ഏറ്റവും എളുപ്പത്തിൽ ലളതമായി വൃത്തിയാക്കാൻ ഡിഷ് സോപ്പിന്റെയും ചെറുചൂടുള്ള വെള്ളത്തിന്റെയും ലായനി ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം ചെറുചൂടുള്ള ഒരു കപ്പ് വെള്ളത്തിൽ രണ്ട് - മൂന്ന് തുള്ളി ഡിഷ് സോപ്പ് ( പാത്രം കഴുകുന്ന സോപ്പ് ) കലർത്തുക.
തുടർന്ന് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. പാടുകൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുക. ശേഷം കവർ കഴുകുക. ഫോൺ തിരിച്ച് കവറിൽ വയ്ക്കുന്നതിന് മുമ്പ് കവർ ഉണങ്ങിയ തൂവാല ഉപയോഗിച്ച് തുടച്ച് വെള്ളം മുഴുവൻ ഉണങ്ങി എന്ന് ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റൊരു മാർഗമാണ് റബ്ബിംഗ് ആൽക്കഹോൾ. മുറിവുകളും മറ്റും വൃത്തിയാക്കാൻ ഉപയോഗിക്കുന്ന റബ്ബിംഗ് ആൽക്കഹോൾ ഉപയോഗിച്ചും മൊബൈൽ കവർ വൃത്തിയാക്കാം. അതിനായി ഒരു മൈക്രോ ഫൈബർ തുണി റബ്ബിംഗ് ആൽക്കഹോളിൽ മുക്കുക. ശേഷം പാടുകളുള്ള സ്ഥലത്ത് ഉരയ്ക്കുക. എല്ലാ മൂലകളിലേക്കും തുണി എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും.
കവറിനുള്ളിലുള്ള ബാക്ടീരിയയെ നശിപ്പിക്കാനും ഇത് സഹായിക്കും. എന്നാൽ ചിലപ്പോൾ കവറിന്റെ കളർ നഷ്ടപ്പെടാൻ
റബ്ബിംഗ് ആൽക്കഹോൾ പ്രയോഗം കാരണമാകും. അതിനാൽ റബ്ബിംഗ് ആൽക്കഹോൾ നനച്ച തുണി ഉപയോഗിച്ച് കവർ മുഴുവൻ തുടയ്ക്കും മുമ്പ് ഒരു ചെറിയ പാച്ച് ടെസ്റ്റ് നടത്തുന്നത് നന്നായിരിക്കും. വൃത്തിയാക്കൽ കഴിഞ്ഞ് കവർ ഉണങ്ങിയ ശേഷമേ ഫോൺ അതിൽ ഇടാവൂ.

ഫോൺ കവർ വൃത്തിയാക്കാനുള്ള മറ്റൊരു മാർഗം ബേക്കിംഗ് സോഡ പ്രയോഗമാണ്. ഫോൺ കവർ ആദ്യം വൃത്തിയുള്ള ഒരു തൂവാലയിൽ മലർത്തി വച്ചശേഷം ഉള്ളിൽ ബേക്കിംഗ് സോഡ വിതറുക. കറകളുള്ള സ്ഥലങ്ങളിൽ അൽപ്പം കൂടുതൽ വിതറാം. ശേഷം പഴയ ഒരു ടൂത്ത് ബ്രഷ് എടുത്ത് തണുത്തവെള്ളത്തിൽ നനച്ച ശേഷം ഉരയ്ക്കുക. ഏറ്റവുമൊടുവിൽ ഫോൺ കവർ കഴുകിയെടുക്കുക.
കഴുകിയ കവർ ഒരു തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കകുകയും അകം നന്നായി ഉണങ്ങിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ഫോൺ കവറിലെ പാടുകൾ മാറ്റാൻ ബേക്കിംഗ് സോഡ മികച്ച രീതിയിൽ പ്രവർത്തിക്കും. പൊടിയും മറ്റും ഫോണിൽ അടിഞ്ഞുകൂടുന്നത് തടയാൻ രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഫോൺ കവറുകൾ വൃത്തിയാക്കാൻ സമയം കണ്ടെത്താവുന്നതാണ്.


Click it and Unblock the Notifications








