വിരൽ അമർത്തരുത്, ലോഷൻ ഒഴിവാക്കുക...; ഗ്ലൂക്കോമീറ്റർ ശരിയായി ഉപയോഗിക്കാൻ 8 ടിപ്സ്
നമ്മുടെ നാട്ടിൽ പ്രമേഹമുള്ള ധാരാളം പേരുണ്ട്. പ്രമേഹ രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും ആളുകളിൽ പ്രമേഹത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനുമായി എല്ലാവർഷവും നവംബറിൽ 'ലോക പ്രമേഹ ദിനം' ആചരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നിരവധി മരുന്നുകൾ ലഭ്യമാണ്, എന്നാൽ പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും ഫലപ്രദം സ്വയം നിരീക്ഷണമാണ്.
രോഗികൾക്ക് തങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നിരീക്ഷിക്കാനും സഹായിക്കുന്ന നിരവധി ഉപകരണങ്ങൾ ലഭ്യമാണെങ്കിലും, ഏറ്റവും സാധാരണവും താങ്ങാനാവുന്നതുമായ ഓപ്ഷൻ ഗ്ലൂക്കോമീറ്ററാണ്. മിക്കവാറും എല്ലാ പ്രമുഖ ഫാർമസ്യൂട്ടിക്കൽ ബ്രാൻഡുകളും ഗ്ലൂക്കോമീറ്ററുകൾ നിർമ്മിക്കുന്നുണ്ട്. ഏകദേശം 1200 രൂപ വിലയിൽ മികച്ച ഗ്ലൂക്കോമീറ്ററുകൾ വാങ്ങാൻ ലഭ്യവുമാണ്.

ഒരു പ്രമേഹരോഗിക്ക്, അവർക്ക് ടൈപ്പ് 1 അല്ലെങ്കിൽ ടൈപ്പ് 2 പ്രമേഹം ഉണ്ടെങ്കിലും, അവരുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ട ഒരു വിലപ്പെട്ട ഉപകരണമാണ് ഗ്ലൂക്കോമീറ്റർ. വാങ്ങുന്നത് ഏത് ബ്രാൻഡിന്റെ ഗ്ലൂക്കോമീറ്റർ ആയാലും, കൃത്യമായ റീഡിങ് ലഭിക്കുന്നതിന് അത് ശരിയായ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്. ഗ്ലൂക്കോമീറ്റർ ശരിയായ രീതിയിൽ ഉപയോഗിക്കാൻ സഹായിക്കുന്ന ചില ടിപ്സ് പരിചയപ്പെടാം.
1) ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് മോതിര വിരൽ ഉപയോഗിക്കുക: ആളുകൾക്ക് അവർക്ക് സൗകര്യപ്രദമായ ഏത് വിരൽ ഉപയോഗിച്ചും ഗ്ലൂക്കോമീറ്റർ വഴി പ്രമേഹം പരിശോധിക്കാം. എന്നാൽ കൂടുതൽ സൗകര്യപ്രദമായി ഗ്ലൂക്കോ മീറ്റർ ഉപയോഗിക്കുന്നതിന് മോതിര വിരൽ ആണ് കൂടുതൽ അനുയോജ്യം എന്നാണ് പൊതുവെ പറയപ്പെടുന്നത്.
2) ചെറുചൂടുള്ള വെള്ളത്തിൽ വിരൽ വൃത്തിയാക്കുക: നമ്മുടെ കൈകളിൽ ടൺ കണക്കിന് ബാക്ടീരിയകളും പൊടിയും അവശിഷ്ടങ്ങളും ഉണ്ടാകും. ഗ്ലൂക്കോമീറ്റർ ഉപയോഗിക്കും മുൻപ് കൈ ചെറു ചൂടുള്ള വെള്ളത്തിൽ വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. ഇത് അനാവശ്യ ബാക്ടീരിയകളെ നീക്കം ചെയ്യുകയും രക്തക്കുഴലുകൾ വികസിപ്പിക്കുകയും ചെയ്യും. മികച്ചതും കൂടുതൽ കൃത്യവുമായ ഫലം ലഭിക്കാൻ ഇത് സഹായിക്കും.
3) ആന്റിസെപ്റ്റിക് ലോഷൻ ഉപയോഗിക്കുന്നത് ഒഴിവാക്കുക: രക്തം എടുക്കുന്നതിന് മുൻപ് ചിലർ, ആൽക്കഹോൾ ഗേജ് അല്ലെങ്കിൽ ആന്റിസെപ്റ്റിക് ലോഷൻ പുരട്ടുന്നത് പലപ്പോഴും കാണാറുണ്ട്. ഈ പ്രക്രിയ ചുറ്റുമുള്ള പ്രദേശത്തെ കോശങ്ങളെ നശിപ്പിക്കുകയും ഫലത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഇത് ഒഴിവാക്കണം എന്ന് വിദഗ്ധർ നിർദേശിക്കുന്നു.
4) സ്ട്രിപ്പിലെ മാർക്ക് വരെ രക്തം എത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക: കൃത്യമായ പരിശോധനയ്ക്കായി ഗ്ലൂക്കോമീറ്ററിൽ രക്തമെടുക്കുന്ന അളവിനായി ഒരു മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യ ശ്രമത്തിൽ തന്നെ ഈ മാർക്ക് വരെ രക്തം എത്തിയിട്ടുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കിൽ ഫലം അത്ര കൃത്യമായിരിക്കില്ല എന്നാണ് പറയപ്പെടുന്നത്.

5) ടെസ്റ്റ് സ്ട്രിപ്പുകൾ കാലഹരണപ്പെടുന്നു, അതിനാൽ കാലഹരണ തീയതി പരിശോധിക്കുക: മറ്റ് പലതിനും എന്നപോലെ ഗ്ലൂക്കോ മീറ്റർ സ്ട്രിപ്പുകൾക്കും എക്സ്പയറി ഡേറ്റ് ഉണ്ട്. ഇക്കാര്യം മിക്കവരും മനസിലാക്കാറില്ല. ഗ്ലൂക്കോമീറ്റർ സ്ട്രിപ്പുകൾ വാങ്ങുമ്പോൾ അവ കാലഹരണപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം. അതേപോലെ അവ ഉപയോഗിക്കുമ്പോഴും കാലാവധി കഴിഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കണം.
6) വിരൽ അമർത്തുന്നത് ഒഴിവാക്കുക: പലരും രക്തമെടുക്കുന്നതിനായി വിരലുകൾ ഞെരുക്കാറുണ്ട്. ഗ്ലൂക്കോമീറ്ററുകൾ വളരെ കുറച്ച് രക്തം മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഇതിനുള്ള രക്തം കുത്തുമ്പോൾ കിട്ടിയില്ല എങ്കിൽ കുത്തിയിടത്ത് ഞെക്കി രക്തം വരുത്തുന്നത് ഒഴിവാക്കണം. വിരൽ ഞെക്കുമ്പോൾ ടിഷ്യു ദ്രാവകം പുറത്തുവിടുന്നത് ഫലത്തെ ബാധിക്കും. അൽപ്പം ഞെക്കിപ്പിടിക്കേണ്ട ആവശ്യമുണ്ടെങ്കിൽത്തന്നെ, കുത്തുന്ന സ്ഥലത്തുനിന്ന് അൽപ്പം അകലെ ഇത് ചെയ്യുക.

7) സ്മാർട്ട് ഗ്ലൂക്കോമീറ്ററുകൾ പരിഗണിക്കുക: ഒരു ആപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്മാർട്ട് ഗ്ലൂക്കോമീറ്ററുകൾ ഇന്ന് ലഭ്യമാണ്. ഇത് എല്ലാ ബ്ലഡ് ഗ്ലൂക്കോസ് റീഡിങ്ങും മികച്ച രീതിയിൽ സംഭരിക്കും. റിസൾട്ട് സ്വയം വിശകലനം ചെയ്യാനും ആവശ്യമെങ്കിൽ ഈ ഡാറ്റ ഡോക്ടർമാരുമായി പങ്കുവയ്ക്കാനും സ്മാർട്ട് ഗ്ലൂക്കോമീറ്ററുകൾ സഹായിക്കുന്നു.
8) താപനിലയും ഈർപ്പവും റീഡിങ്ങിനെ ബാധിക്കും: കാലാവസ്ഥ ഗ്ലൂക്കോമീറ്റർ റീഡിങ്ങിനെ ബാധിക്കാറുണ്ട്. മികച്ച റീഡിങ്ങിനും കൃത്യമായ ഫലങ്ങൾക്കുമായി സ്ട്രിപ്പുകൾ അടച്ചതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. അതേപോലെ വിരലുകൾ വൃത്തിയാക്കിയ ശേഷം അവ ഉണങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം വേണം ഗ്ലൂക്കോമീറ്റർ ഉപയോഗിക്കാൻ എന്ന് വിദഗ്ധർ നിർദേശിക്കുന്നു.


Click it and Unblock the Notifications








