മൊബൈൽ മോഷണം പോയോ, നേരേ സിഇഐആർ വെബ് പോർട്ടലിലേക്ക് വിട്ടോ!
നമ്മുടെ മൊബൈൽ ഏതു സമയം വേണമെങ്കിലും മോഷ്ടിക്കപ്പെടാം. നഷ്ടപ്പെട്ടെ ഫോൺ കണ്ടെത്താൻ പലവിധ സംവിധാനങ്ങൾ മൊബൈൽ കമ്പനികൾ കൊണ്ടുവന്നിട്ടുണ്ട് എങ്കിലും എല്ലായ്പ്പോഴും ഇവയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞെന്നുവരില്ല. ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ മൊബൈൽ ദുരുപയോഗം ചെയ്യുന്നത് തടയാൻ ആശ്രയിക്കാവുന്ന സേവനമാണ് സിഇഐആർ വെബ് പോർട്ടൽ.
സിഇഐആർ വെബ് പോർട്ടൽ 2019 സെപ്റ്റംബർ 13 ന് ദാദ്ര & നഗർ ഹവേലി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആണ് ആദ്യം ആരംഭിക്കുന്നത്. തുടർന്ന് 2019 ഡിസംബർ 30 ന് ഡൽഹിയിലും എത്തി. ഇപ്പോൾ ഈ വെബ്പോർട്ടൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തനക്ഷമമായിരിക്കുകയാണ്.

മോഷ്ടിക്കപ്പെട്ട മൊബൈൽ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ, ഐഎംഇഐ നമ്പർ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാൻ സഹായിക്കും എന്നതാണ് സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌ട്രി എന്ന സിഇഐആർ (CEIR ) വെബ് പോർട്ടലിന്റെ പ്രത്യേകത. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഇന്ത്യയിലെ എല്ലാ മൊബൈൽ ഓപ്പറേറ്റർമാരുടെയും ഐഎംഇഐ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് സിഇഐആർ വെബ് പോർട്ടൽ രാജ്യവ്യാപകമായി പ്രവർത്തനസജ്ജമാക്കിയിരിക്കുന്നത്.
ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌ത മൊബൈൽ ഉപകരണങ്ങളുടെ വിവരങ്ങൾ എല്ലാ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കിടയിലും പങ്കിടുന്ന ഒരു കേന്ദ്ര സംവിധാനമായി സിഇഐആർ വെബ് പോർട്ടൽ പ്രവർത്തിക്കുന്നു. മൊബൈലിലെ സബ്‌സ്‌ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ (സിം) കാർഡ് മാറിയാലും ഒരു നെറ്റ്‌വർക്കിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌തിരിക്കുന്ന ഉപകരണങ്ങൾ മറ്റ് നെറ്റ്‌വർക്കുകളിൽ പ്രവർത്തിക്കില്ല എന്നതാണ് ഇതിന്റെ മെച്ചം.
മൊബൈൽ ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പടുകയോ ചെയ്ത ഏതൊരാൾക്കും തങ്ങളുടെ ഫോൺ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ സിഇഐആർ വെബ് പോർട്ടലിന്റെ സേവനം തേടാവുന്നതാണ്. മൊബൈലിലെ ഐഎംഇഐ ബ്ലോക്ക് ചെയ്യാൻ വെബ് പോർട്ടലിൽ സൗകര്യമുണ്ട്. ഇതിനായി ഉപയോക്താവ് സിഇഐആർ വെബ് പോർട്ടലിൽ ഒരു അഭ്യർത്ഥന ഫയൽ ചെയ്യേണ്ടതുണ്ട്.

എന്നാൽ ഐഎംഇഐ നമ്പർ ഉപയോഗിച്ച്, നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ മൊബൈൽ ഉപകരണം ബ്ലോക്ക് ചെയ്യാനുള്ള അഭ്യർഥന പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ അതിന് മുമ്പ് ചില രേഖകൾ കൈയിൽ കരുതേണ്ടതുണ്ട്. മൊബൈൽ നഷ്ടമായി എന്ന് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ പകർപ്പ്, മൊബൈൽ വാങ്ങിയ ഇൻവോയ്‌സ്, ഉപകരണത്തിന്റെ വിശദാംശങ്ങൾ ഐഡി പ്രൂഫും എന്നിവയാണ് ആ രേഖകൾ.
ബ്ലോക്ക് ചെയ്യാനുള്ള അഭ്യർഥന സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട/മോഷ്‌ടിക്കപ്പെട്ട ഉപകരണം ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഇന്ത്യയിലുള്ള ഒരു നെറ്റ്വർക്കിന്റെയും സിം ഈ മൊബൈലിൽ ഉപയോഗിക്കാൻ സാധിക്കില്ല. പിന്നീട് ഫോൺ തിരിച്ചുകിട്ടിയാൽ പോർട്ടലിൽ കയറി ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ ഉപയോക്താവിന് ബ്ലോക്ക് മാറ്റി ഫോൺ വീണ്ടും ഉപയോഗിക്കാൻ സാധിക്കും.

നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ മൊബൈൽ ഉപകരണങ്ങൾ ബ്ലോക്ക് ചെയ്യാൻ ceir.gov.in എന്ന വെബ് അഡ്രസ് ഉപയോഗിക്കാവുന്നതാണ്. തുടക്കത്തിൽ ഏതാനും സംസ്ഥാനങ്ങളിൽ മാത്രം ലഭ്യമായിരുന്ന സിഇഐആർ വെബ്പോർട്ടലിന്റെ സേവനം 2023 മാർച്ച് 15 മുതലാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും മൊബൈൽ ഉപയോക്താക്കൾക്കായി ടെലിക്കോം മന്ത്രാലയം ലഭ്യമാക്കിത്തുടങ്ങിയത്.
മോഷ്ടിച്ച മൊബൈൽ ബ്ലോക്ക് ചെയ്യാനും പിന്നീട് തിരിച്ചുകിട്ടിയാൽ അൺബ്ലോക്ക് ചെയ്യാനും ഈ വെബ്പോർട്ടൽ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. മോഷ്ടിക്കപ്പെട്ടതായി രജിസ്റ്റർ ചെയ്ത ഫോണിൽ മറ്റൊരു സിം ഇട്ട് ഉപയോഗിക്കാൻ ശ്രമിച്ചാൽ മൊബൈൽ നെറ്റ്വർക്ക് പുതിയ ഉപഭോക്താവിനെ തിരിച്ചറിയുകയും പോലീസിനെ അറിയിക്കുകയും ചെയ്യും എന്നാണ് വിവരം.


Click it and Unblock the Notifications







