ക്യൂആർ കോഡ് തട്ടിപ്പ് വ്യാപകമാകുന്നു; ഗൂഗിൾപേ, ഫോൺപേ ഉപയോക്താക്കൾ ശ്രദ്ധിക്കുക, രക്ഷപെടാൻ ഇതാണ് മാർഗം
രാജ്യത്ത് വലിയ രീതിയിൽ ക്യൂആർ കോഡ് തട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ട്. ഇത്തരത്തിൽ നിരവധി കേസുകൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ആതിനാൽ തന്നെ ഗൂഗിൾ പേ, ഫോൺ പേ പോലുള്ള യുപിഐ ആപ്പുകളിലൂടെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമിടപാട് നടത്തുവർ സൂക്ഷിക്കേണ്ടതാണ്.
അടുത്തിടെ ഇക്കണോമിക് ടൈംസ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റ് 11ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു പ്രൊഫസർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായിരുന്നു. തന്റെ വാഷിംഗ് മിഷൻ ഓൺലൈനിലൂടെ വിൽക്കാൻ ശ്രമിക്കവെയാണ് ഇയാൾ തട്ടിപ്പിനിരയായത്. 63,000 രൂപയാണ് ഇയാൾക്ക് നഷ്ടപ്പെട്ടത്. പ്രഫസറുടെ പരസ്യം കണ്ട് തട്ടിപ്പുകാരൻ ഇയാൾക്ക് ഒരു ക്യൂആർ കോഡ് അയച്ചു നൽകിയിരുന്നു. ഇത് സ്കാൻ ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടത്.

എങ്ങനെയാണ് ഇയാൾക്ക് പണം നഷ്ടപ്പെട്ടത് എന്ന് പരിശോധിക്കാം. പണമിടപാടിനുള്ള നിയമാനുസൃതമായ കോഡുകളാണ് ക്യൂആർ കോഡുകൾ. എന്നാൽ തട്ടിപ്പുകാർ ഇപ്പോൾ വ്യാജ ക്യൂആർ കോഡുകളും നിർമ്മിക്കുന്നുണ്ട്. ഇതിൽ ഇരയുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ മോഷ്ടിക്കുന്ന മാൾവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നു. ഇതോടെ സംഭവം അറിയാതെ കോഡ് സ്കാൻ ചെയ്യുന്ന ഉപഭോക്താക്കളുടെ ബാങ്ക് വിവിരങ്ങൾ അടക്കം ഉള്ളവ തട്ടിപ്പുകാർക്ക് ലഭിക്കും. പിന്നീട് ഈ വിവിരങ്ങൾ വെച്ച് ഇവർ പണം തട്ടിയെടുക്കും.
ഒരു ക്യൂആർ കോഡ് ഒറിജിനൽ ആണോ വ്യാജം ആണോ എന്നതാണ് വരുന്ന കാലങ്ങളിൽ ഉപഭോക്താക്കൾ നേരിടാൻ പോകുന്ന പ്രധാന പ്രശ്നം. ഇത്തരം കോഡുകൾ വ്യാജമോണോ യഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാൻ സാധിക്കില്ല എന്നത് തന്നെയാണ് തട്ടിപ്പുകാർക്ക് ധൈര്യം നൽകുന്നത്. ഇവിടെ തന്നെയാണ് പ്രശ്നം ഗുരുതരം ആകുന്നത്. ഇന്ന് ഭൂരിഭാഗം ആളുകളും പലയിടങ്ങളിലും ക്യൂആർ കോഡ് വഴിയാണ് പണമിടപാട് നടത്തുന്നത്. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഇത്തരം കോഡുകളോട് ഉപഭോക്താക്കൾ അകലം പാലിക്കേണ്ടതാണ്.

സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുകയാണെങ്കിൽ പേയ്മെന്റിനായി ഇത്തരം കോഡുകൾ ഒഴിവാക്കുക. ഇതിന് പുറമെ വാട്സ്ആപ്പ്, ടെലഗ്രാം, മെയിൽ വഴി ഒക്കെ വരുന്ന ക്യൂആർ കോഡുകളും ഉപഭോക്താക്കൾ ഒഴിവാക്കേണ്ടതാണ്. ഇത്തരക്കാരോട് അകലം പാലിക്കുക എന്നത് തന്നെയാണ് ഇങ്ങനെയുള്ള തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാനുള്ള ആദ്യ മാർഗം. ഇവയിൽ നിന്ന് പൂർണമായും എങ്ങനെ രക്ഷനേടാമെന്ന് നമ്മുക്ക് പരിശോധിക്കാം.
സംരക്ഷിതമായ ലൊക്കേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യൂആർ കോഡുകൾ മാത്രമേ നിങ്ങൾ ഉപയോഗിക്കാവു. ഇല്ലാത്തപക്ഷം നിങ്ങൾ തട്ടിപ്പിന് ഇരയാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. നിങ്ങൾ അധികം പരിജയമില്ലാത്തതോ അല്ലെങ്കിൽ സംശയം തോന്നുന്ന സാഹചര്യങ്ങളിലോ പണം അടയ്ക്കേണ്ടി വരുമ്പോൾ ക്യൂആർ കോഡ് രീതി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും രീതിയിൽ പണമിടപാട് നടത്തുക. സുരക്ഷിതമായ ഓൺലൈൻ സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാനും ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇമെയിൽ വഴി പണം അടയ്ക്കേണ്ട സാഹചര്യം വന്നാൽ എപ്പോഴും ജാഗ്രത പാലിക്കേണ്ടതാണ്. ഇമെയിൽ വിലാസം, മെയിലിന്റെ ഫോർമാൽറ്റ്, ബിൽ ചെയ്ത തുക എന്നിവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുക. ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമെ ഇത്തരത്തിൽ പണം അയക്കാവു. 2- ഘടക പ്രാമാണീകരണം നടത്തിയതിന് ശേഷം മാത്രമെ നിങ്ങൾ പെയ്മെന്റ് ആപ്പുകൾ ഉപയോഗിക്കാവു എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഒറ്റ ടാപ്പ് പേയ്‌മെന്റുകൾ ഒരിക്കലും പ്രവർത്തനക്ഷമമാക്കരുത്.
ഉപഭോക്താക്കളുടെ ഇ വാലറ്റുകളിൽ വലിയ തുകകൾ നിക്ഷേപിക്കുന്ന ശീലവും ഉപഭോക്താക്കൾ ഉപേക്ഷിക്കേണ്ടതാണ്. എപ്പോഴും ആവിശ്യത്തിനുള്ള ചെറിയ തുകകൾ മാത്രം ഇവിടെ നിക്ഷേപിക്കുക. നിങ്ങൾക്ക് സംശയം തോന്നുന്ന ക്യൂആർ കോഡുകൾ ഡൗൺലോഡ് ചെയ്യുന്നത് നല്ലതായിരിക്കും. ഇതുമായി പൊലീസിന് പരാതി നൽകിയാൽ കൂടുതൽ ഉപഭോക്താക്കളെ ഇത്തരത്തിൽ പറ്റിക്കപ്പെടും മുമ്പ് തട്ടിപ്പുകാരെ പിടികൂടാൻ സാധിക്കുന്നതാണ്. ആപ്പുകളിലും ഫോണുകളിലും സുരക്ഷാ അപ്ഡേറ്റുകൾ വരുമ്പോൾ ഇവ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ സുരക്ഷ വർധിപ്പിക്കും.


Click it and Unblock the Notifications








