വൈദ്യുതി ഉപയോഗം നിയന്ത്രിക്കാനും കറണ്ട് ബില്ല് കുറയ്ക്കാനും അറിഞ്ഞിരിക്കാം | Electricity Bill
വേനൽക്കാലം ചുട്ടു പൊള്ളുകയാണെന്ന് മലയാളികളോട് ആരും പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ. വീടിന് പുറത്തും അകത്തുമൊന്നും സമാധാനത്തോടെ ഇരിക്കാൻ കഴിയാത്ത അവസ്ഥ. വേനൽക്കാലത്ത് എസി, ഫാൻ, ഫ്രിഡ്ജ് എന്നിവയുടെയെല്ലാം ഉപയോഗവും കുതിച്ചുയരുന്നതോടെ Electricity Bill -ും മാനം തൊടും. എന്നാൽ സിംപിളായ ചില ശീലങ്ങൾ വളർത്തിയെടുത്താൽ ഇത് പരിഹരിക്കാവുന്നതാണ്.
ഉപയോഗത്തിലില്ലാത്തപ്പോൾ വീട്ടുപകരണങ്ങൾ ഓഫ് ചെയ്യുകയെന്നത് നാം ഏറ്റവും അടിസ്ഥാനപരമായി ശീലിക്കേണ്ട കാര്യമാണ്. ഇതൊക്കെ ഞങ്ങൾക്ക് അറിയാവുന്നതല്ലേ എന്ന് ചിന്തിക്കുന്നതിന് മുമ്പ് വീട്ടിൽ എത്ര ലൈറ്റുകളും ഫാനുകളും വെറുതേ ഓൺ ആയിക്കിടക്കുന്നുണ്ടെന്ന് ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. അപ്പോൾ ലൈറ്റുകളും ഫാനുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗത്തിലില്ലാത്തപ്പോൾ ഓഫ് ചെയ്തിടുന്നത് ശീലമാക്കി മാറ്റുക.

ഇന്ന് പല വീട്ടുപകരണങ്ങൾക്കുമുള്ള ഒരു ഫീച്ചറാണ് സ്റ്റാൻഡ്ബൈ മോഡ്. പെട്ടെന്ന് വർക്കിങ് മോഡിലേക്ക് മാറ്റാമെന്നതാണ് ഇതിന്റെ പ്രത്യേകത. സംഭവം കൊള്ളാമെങ്കിലും സ്റ്റാൻഡ്ബൈ മോഡിലും വൈദ്യുതി ഉപയോഗിക്കപ്പെടുന്നുണ്ട്, റണ്ണിങ് മോഡിലേതിനെക്കാളും കുറവാണെന്ന് മാത്രമാണ് ആശ്വാസം. ഉപകരണം സ്റ്റാൻഡ്ബൈ മോഡിലിട്ടിട്ട് അതേക്കുറിച്ച് മറന്ന് പോകുന്നതും സാധാരണയാണ്. അതിനാൽ ഉപകരണങ്ങൾ സ്റ്റാൻഡ്ബൈ മോഡിൽ ഇടാതിരിക്കുന്നതാണ് ഉചിതം. അതായത് ടിവി, എസി, വാഷിങ് മെഷീൻ എന്നിവയെല്ലാം പൂർണമായും ഓഫാക്കുക.
വീട്ടിൽ ഒരു സ്മാർട്ട് ഹോം സെറ്റപ്പ് കൊണ്ട് വരുന്നത് വൈദ്യുതി ബില്ലിൽ കുറച്ചെങ്കിലും ലാഭമുണ്ടാക്കിത്തരും. സ്മാർട്ട് ലൈറ്റുകൾ, സ്‌മാർട്ട് പ്ലഗ്, സ്‌മാർട്ട് സ്വിച്ചുകൾ മുതലായ സ്‌മാർട്ട് ഹോം ആക്സസറീസ് ഉപയോഗിച്ച് ഈ സ്മാർട്ട് ഹോം സെറ്റപ്പ് ഓട്ടോമേറ്റ് ചെയ്യാൻ സാധിക്കും. സ്മാർട്ട് ഹോം സെറ്റപ്പിൽ ലിങ്ക്ഡ് ആയിട്ടുള്ള ഉപകരണങ്ങൾ ഒരു നിശ്ചിത സമയത്ത് തനിയെ ഓൺ ആകാനും ഓഫാകാനും കഴിയുന്ന വിധത്തിൽ നമുക്ക് ഷെഡ്യൂൾ ചെയ്യാൻ സാധിക്കും.
ഉദാഹരണമായി പറഞ്ഞാൽ രാത്രിയിൽ എസിയുടെ ഓൺ ഓഫ് ടൈം ഷെഡ്യൂൾ ചെയ്യാൻ ഒരു സ്‌മാർട്ട് പ്ലഗ്ഗോ യൂണിവേഴ്‌സൽ വൈഫൈ റിമോട്ടോ യൂസ് ചെയ്യാം. തണുപ്പ് കിട്ടാൻ എസി രാത്രി മുഴുവൻ പ്രവർത്തിപ്പിക്കേണ്ട കാര്യമില്ല. ഉറങ്ങിക്കഴിഞ്ഞ് ഒരു നിശ്ചിത സമയത്ത് എസി ഓഫ് ചെയ്യാനും വേണമെങ്കിൽ വീണ്ടും ഓൺ ചെയ്യാനുമൊക്കെ ഷെഡ്യൂൾ ചെയ്യാൻ കഴിയും. അതുപോലെ, സ്‌മാർട്ട് ലൈറ്റുകൾ വൈകുന്നേരം ഓട്ടോമാറ്റിക്കായി ഓൺ ചെയ്യാനും രാവിലെ ഓഫ് ചെയ്യാനും സെറ്റ് ചെയ്യാം.
അടുക്കളയിലെ ചില ഉപകരണങ്ങൾ ഒരുപാട് വൈദ്യുതി ഉപയോഗിക്കുന്നവയാണ്. അവ വിവേകത്തോടെ ഉപയോഗിക്കാൻ ശീലിക്കണം. മൈക്രോവേവ്, ഇലക്ട്രിക് കെറ്റിൽ, എയർ ഫ്രയറുകൾ തുടങ്ങിയവയെല്ലാം നല്ല പോലെ കറണ്ട് ഉപയോഗിക്കും. ഏതാണ്ട് എസിയും ഗെയ്‌സറുകളുമൊക്കെ ഉപയോഗിക്കുന്ന അളവിലുള്ള വൈദ്യുതി ഈ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതായി കാണാം. അതിനാൽ ഇത്തരം ഉപകരണങ്ങൾ ഒരുപാട് നേരം ഉപയോഗിക്കരുത്.
ഇന്ന് മിക്കവാറും ഗേറ്റഡ് സൊസൈറ്റികളും അപ്പാർട്ട്മെന്റുകളുമൊക്കെ കറണ്ട് കട്ട് ഉണ്ടായാൽ പവർ ബാക്ക് നൽകുന്നുണ്ട്. സാധാരണ വൈദ്യുതി നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ ബാക്കപ്പിന് കൂടുതൽ ചിലവ് വരും. അതിനാൽതന്നെ ബാക്കപ്പ് പവർ ഉപയോഗിച്ച് വൈദ്യുതി ഉപയോഗം കൂടുതൽ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. വീട്ടിലെ വൈദ്യുതി ഉപയോഗം നിരീക്ഷിക്കാൻ വൈഫൈ സപ്പോർട്ടുള്ള എനർജി മീറ്റർ ഉപയോഗിക്കുന്നതും നല്ലതാണ്.
പിന്നെ എപ്പോഴും പറയാറുള്ളത് പോലെ എനർജി എഫിഷ്യന്റ് ആയിട്ടുള്ള ഉത്പന്നങ്ങൾ സെലക്റ്റ് ചെയ്യുക. കഴിയുമെങ്കിൽ 5 സ്റ്റാർ റേറ്റിങ്ങുള്ള ഉപകരണങ്ങൾ തന്നെ വാങ്ങാൻ ശ്രമിക്കണം. സ്റ്റാർ റേറ്റിങ് കൂടിയ പ്രോഡക്റ്റ്സ് കുറച്ച് വൈദ്യുതി മാത്രമാണ് ഉപയോഗിക്കുക. എസി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, ടിവി തുടങ്ങിയവയ്ക്കും ഇത് ബാധകമാണെന്നും യൂസേഴ്സ് അറിഞ്ഞിരിക്കണം.


Click it and Unblock the Notifications








