അംബാനിയുടെ ജിയോ വരിക്കാരനാകാൻ താൽപര്യമുണ്ടോ? നമ്പർ മാറേണ്ട ആവശ്യമില്ല, കാര്യം സിംപിളാ
ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളിൽ ഭൂരിഭാഗവും മുകേഷ് അംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴിലുള്ള ജിയോയുടെ ഉപയോക്താക്കളാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി എന്ന സ്ഥാനം നിലവിൽ ജിയോയ്ക്ക് ആണ്. എയർടെൽ രണ്ടാമതും വൊഡാഫോൺ ഐഡിയ മൂന്നാമതും സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ നാലാമതും നിലകൊള്ളുന്നു. മികച്ച സേവനങ്ങൾ മാന്യമായ നിരക്കിൽ വാഗ്ദാനം ചെയ്യുന്ന ജിയോ 5ജി സേവനങ്ങളും തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജിയോ കഴിഞ്ഞാൽ എയർടെൽ മാത്രമാണ് രാജ്യവ്യാപകമായി 5ജി സേവനം നൽകുന്ന ടെലിക്കോം കമ്പനിയായിട്ടുള്ളത്. സ്പെക്ട്രം ഉണ്ടെങ്കിലും കാര്യമായ 5ജി അവതരിപ്പിക്കാൻ വിഐക്ക് കഴിഞ്ഞിട്ടില്ല. ബിഎസ്എൻഎൽ 5ജി ജൂലൈയ്ക്ക് ശേഷം എത്തിയേക്കും.
മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ജിയോ തങ്ങളുടെ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 14 ദിവസം വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കുന്ന പ്ലാൻ മുതൽ ഒരു വർഷ വാലിഡിറ്റിയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കുന്ന പ്ലാൻ വരെ ജിയോയ്ക്ക് ഉണ്ട്. ഇതിൽ പല പ്ലാനുകളും ഒടിടി സബ്സ്ക്രിപ്ഷനുകൾ അടക്കം വാഗ്ദാനം ചെയ്യുന്നു.

നിലവിൽ മറ്റ് ടെലിക്കോം കമ്പനികളുടെ വരിക്കാരായിട്ടുള്ളവർക്ക് ജിയോയിലേക്ക് മാറാൻ വളരെ ഈസിയാണ്. അതിനായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) സേവനം ഉപയോഗിച്ചാൽ മതി. ഇഷ്ടമുള്ള ടെലിക്കോം കമ്പനിയുടെ വരിക്കാരനാകാൻ ഉപയോക്താവിന് സൗകര്യം ഒരുക്കാൻ സർക്കാർ വളരെ നാളുകളായി ലഭ്യമാക്കിയിട്ടുള്ള ഒരു സേവനം ആണ് ഇത്.
ഡാറ്റ വേഗത സംബന്ധിച്ച പ്രശ്നങ്ങൾ, നിരക്ക് സംബന്ധിച്ച ഇഷ്ടക്കേടുകൾ, സേവനങ്ങളിലെ മടുപ്പ് എന്നിങ്ങനെ പലവിധ കാരണങ്ങളാൽ നിലവിലെ ടെലിക്കോം കമ്പനിയോട് അതൃപ്തിയുള്ള വരിക്കാർ ധാരാളമുണ്ട്. അത്തരം ആളുകൾക്ക് അവരുനെ നിലവിലുള്ള നമ്പർ മാറാതെ തന്നെ സൗകര്യപ്രദമെന്ന് തോന്നുന്ന മറ്റ് ടെലിക്കോം കമ്പനികളിലേക്ക് കണക്ഷൻ മാറ്റാൻ എംഎൻപി സൗകര്യം ഒരുക്കുന്നു.

ടെലിക്കോം നിരക്ക് കൂട്ടിയ സമയത്ത് എതാണ്ട് ഒരു കോടിയിലധികം ആളുകൾ ജിയോ ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നിവയുടെ വരിക്കാരായി തുടരുന്ന ടെലിക്കോം വരിക്കാർക്ക് എങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസ് ജിയോയിലേക്ക് പോർട്ട് ചെയ്യാമെന്ന് ഇവിടെ പരിചയപ്പെടാം.
നിലവിലുള്ള സിം ജിയോയിലേക്ക് പോർട്ട് ചെയ്യാനുള്ള വഴി: ഓൺലൈനായും ഓഫ്ലൈനായും സിം പോർട്ട് ചെയ്യാനുള്ള ഓപ്ഷനുകളുണ്ട്. ഇതിനായി ഒറിജിനൽ ഐഡന്റിറ്റി പ്രൂഫും അഡ്രസും കൈയ്യിലുണ്ടാകണം. അടുത്തുള്ള ജിയോ റീട്ടെയ്ലർ ഷോപ്പ് സന്ദർശിച്ച് ഓഫ്ലൈനായും മൈ ജിയോ ആപ്പിലൂടെയും ജിയോ വെബ്സൈറ്റ് സന്ദർശിച്ചും ഓൺലൈനായും ജിയോയിലേക്ക് പോർട്ട് ചെയ്യാം.
വെബ്സൈറ്റ് വഴി ജിയോയിലേക്ക് പോർട്ട് ചെയ്യുന്ന വിധം: ജിയോ വെബ്സൈറ്റിലെത്തി പേരും ഫോൺ നമ്പറും ടൈപ്പ് ചെയ്യുക. ശേഷം ജനറേറ്റ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്യുക. ആറക്ക ഒടിപി ഫോണിലെത്തും. വാലിഡേറ്റ് ഒടിപി എന്നതിൽ ക്ലിക്ക് ചെയ്ത് ഒടിപി വാലിഡേറ്റ് ചെയ്യുക. തുടർന്ന് വരുന്ന പേജിൽ കൃത്യം അഡ്രസ് നൽകുക. സിം ഡെലിവറി റിക്വസ്റ്റ് പൂർത്തീകരിക്കാനായി കൺഫേം ബട്ടൺ അമർത്തണം.

പിന്നീട് ജിയോ എക്സിക്യൂട്ടീവ് ഉപയോക്താവിനെ ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യും. ഈസമയത്ത് അഡ്രസ്, ഐഡി പ്രൂഫുകളോടൊപ്പം യുണീക് പോർട്ടിംഗ് (UPC) കോഡും നൽകേണ്ടതുണ്ട്. ഇതിനായി ഫോണിൽനിന്ന് "Port" എന്ന് ടൈപ്പ് ചെയ്ത് പോർട്ട് ചെയ്യാനുള്ള പത്തക്ക നമ്പർ സഹിതം 1900 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം. യുപിസി കോഡ് സ്വന്തമാക്കിയ ശേഷം ജിയോ സ്റ്റോറോ ജിയോ റീട്ടെയ്ലർ സ്റ്റോറോ സന്ദർശിച്ച് ഓഫ്ലൈനായും നമ്പർ പോർട്ട് ചെയ്യാം.
ജിയോ ആപ്പിലെത്തി ഗെറ്റ് എ ജിയോ സിം എന്ന ഓപ്ഷൻ പിന്തുടർന്നും നിലവിലെ മൊബൈൽ നമ്പർ ജിയോയിലേക്ക് പോർട്ട് ചെയ്യാൻ സാധിക്കും. 5ജി വ്യാപനം ഏതാണ്ട് പൂർത്തിയാകാറായെങ്കിലും ഇപ്പോഴും ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ 2ജിബിക്ക് മുകളിൽ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം സൗജന്യമായി നൽകുന്നുണ്ട്. ഇത് ആസ്വദിക്കാൻ ഉൾപ്പെടെ ആളുകൾക്ക് ജിയോയിലേക്ക് പോർട്ട് ചെയ്യാവുന്നതാണ്.


Click it and Unblock the Notifications








