ഫോൺ അവശനാണോ? തളർച്ചമാറ്റാൻ 5 മിനിറ്റ്പോലും വേണ്ട, ഒറ്റക്കാര്യം ശ്രദ്ധിച്ചാൽ മതി!
ഇന്ന് ഏതാണ്ട് എല്ലാവരുടെ പക്കലും സ്മാർട്ട്ഫോണുകളുണ്ട്. എന്നാൽ എല്ലാവരും ഉപയോഗിക്കുന്നത് ഏറ്റവും പുതിയ ഫോണുകളോ, ഏറ്റവും മികച്ച ഫീച്ചറുകൾ അടങ്ങിയ ഫോണുകളോ ആയിരിക്കണമെന്നില്ല. യാതൊരു കേടുപാടുകളോ പോറലോ ഇല്ലാതെ വർഷങ്ങളായി ഒരു ഫോൺ തന്നെ ഉപയോഗിക്കുന്ന ധാരാളം ആളുകളുണ്ട്. ഇപ്പോഴും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ അവർ മുന്നോട്ടുപോകുന്നു.
എന്നാൽ പഴയ ഫോൺ ആയാലും പുതിയ ഫോൺ ആയാലും ചില സ്മാർട്ട്ഫോണുകൾ ഉടമകളെ ഏറെ ബുദ്ധിമുട്ടിക്കുന്നത് നാം കാണാറുണ്ട്. എന്തെങ്കിലും ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ ഒരുപാട് സമയമെടുക്കുക, പലപ്പോഴും സ്റ്റക്ക് ആയി നിൽക്കുക തുടങ്ങിയ പ്രശ്നങ്ങൾ പഴയ-പുതിയ വ്യത്യാസമില്ലാതെ മിക്ക സ്മാർട്ട്ഫോണുകളിലും കാണാറുണ്ട്.

പലപ്പോഴും ഫോൺ സ്റ്റോറേജ് നിറഞ്ഞതുമൂലമാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പുതിയ ഫോണുകളെ അപേക്ഷിച്ച് പഴയ ഫോണുകളിലാണ് സ്റ്റോറേജ് പ്രശ്നം മൂലം പ്രശ്നങ്ങൾ കൂടുതൽ നേരിടുക. ഏറെ നാൾ മുമ്പ് വാങ്ങിയതിനാൽ അന്ന് നിലവിലുണ്ടായിരുന്ന ഫീച്ചറുകളൊക്കെയായിട്ടായിരിക്കും എത്തുക. അന്ന് പണം കുറവായതിനാൽ കുറഞ്ഞ സ്റ്റോറേജ് മോഡൽ ആയിരിക്കാം നാം തെരഞ്ഞെടുത്തത്.
അത് വളരെപ്പെട്ടെന്ന് നിറയും. അതുപോലെ തന്നെ ഏറെ സ്റ്റോറേജ് ഉണ്ടെങ്കിലും ദീർഘനാളത്തെ ഉപയോഗത്തിനിടയ്ക്ക് ഫോണിൽ വന്നുനിറഞ്ഞ ഫയലുകൾ മൂലം ഉണ്ടായിരുന്ന സ്റ്റോറേജ് തിങ്ങി നിറയാറുണ്ട്. പുതിയ ഫോണുകൾ ധാരാളം സ്റ്റോറേജ് ഓപ്ഷനുമായിട്ടാന് എത്തുന്നത്. എന്നാൽ ഇന്ന് നാം കൈകാര്യം ചെയ്യുന്ന ഫയലുകളുടെ വലിപ്പവും കൂടിയിരിക്കുന്നു.

സിനിമകളുടെ കാര്യമെടുത്താൽ 5ജി ഫ്രീയായി കിട്ടുന്നതിനാൽ മിക്കവരും മികച്ച ക്ലാരിറ്റിയിൽ സിനിമ ആസ്വദിക്കുന്നതിനായി ഉയർന്ന ഫയൽ സൈസ് ആകും ഡൗൺലോഡ് ചെയ്യുക. കൂടാതെ ഇപ്പോൾ എടുക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ സൈസ് കൂടിയവയാണ്. ഇതൊക്കെ നമ്മുടെ ഫോണിന്റെ സ്റ്റോറേജ് പെട്ടെന്ന് നിറയ്ക്കുന്നു. സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ പെർഫോമൻസിനെ ദോഷകരമായി ബാധിക്കുന്നു.
പലരുടെയും സ്മാർട്ട്ഫോൺ ഉറക്കം തൂങ്ങാനുള്ള പ്രധാന കാരണം സ്റ്റോറേജ് നിറയുന്നുമൂലം ഉള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ്. അനാവശ്യ ഫയലുകൾ ഡിലീറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻ സാധിക്കും എന്ന് എല്ലാവർക്കും അറിയാം. സിനിമയും ചിത്രങ്ങളുമൊന്നും ഇല്ലാത്ത ഫോണുകളിലും ഇതേ സ്റ്റോറേജ് പ്രശ്നം അനുഭവപ്പെടാറുണ്ട്. വാട്സ്ആപ്പ് ആണ് ഇവിടെ വില്ലനാകുന്നത്.
അനാവശ്യ ഫയലുകൾ നമ്മുടെ ഫോണിൽ ഏറ്റവുമധികം വന്നുനിറയുന്നത് വാട്സ്ആപ്പിലൂടെയാണ്. അതിനാൽ സ്റ്റോറേജ് പ്രശ്നം മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ ആദ്യം കളയേണ്ടത് വാട്സ്ആപ്പിൽ കെട്ടിക്കിടക്കുന്ന അനാവശ്യ ഫയലുകളാണ്. ഇന്ത്യക്കാരുടെ ജീവിതത്തിൽ ഇന്ന് വാട്സ്ആപ്പിനോളം സ്ഥാനമുള്ള മറ്റൊരു ആപ്ലിക്കേഷൻ ഇല്ല എന്നുതന്നെ പറയാം. കൈയിൽ കിട്ടുന്നതെല്ലാം വാട്സ്ആപ്പിലൂടെ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്ന ധാരാളം പേരുണ്ട്.
അതിനാൽത്തന്നെ പലരുടെയും സ്മാർട്ട്ഫോണുകളിൽ ഫോർവേഡ് മെസേജുകളുടെ രൂപത്തിൽ എത്തുന്ന ചിത്രങ്ങളും വീഡിയോകളും കുന്നോളം വരും. കുറച്ചേറെ ആക്ടീവ് ഗ്രൂപ്പുകളിലെ അംഗമാണെങ്കിൽ അതിൽ വന്ന് നിറയുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും കണക്കുകാണില്ല. പതിവായി വീഡിയോകൾ, ചിത്രങ്ങൾ, ഗുഡ്മോണിങ് മെസേജുകൾ എന്നിവ അയയ്ക്കുന്ന സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ആ വഴിക്കും ഫോണിൽ ഡാറ്റകൾ വന്നുനിറയും.
ഇത്തരത്തിൽ പല വഴികളിലൂടെ വാട്സ്ആപ്പ് വഴി എത്തുന്ന ഫയലുകൾ ഫോണിന്റെ സ്റ്റോറേജിന്റെ വലിയൊരു ഭാഗം കവരുകയും നമ്മുടെ ഫോണിനെ ഒരു മന്ദതയിലേക്ക് നയിക്കുകയും ചെയ്യുന്നു. മതിയായ സ്റ്റോറേജിന്റെ അപര്യാപ്തത മൂലമാണ് പല സ്മാർട്ട്ഫോണുകളും വളരെ സ്ലോ ആകുന്നത്. അതിനാൽത്തന്നെ വാട്സ്ആപ്പിലൂടെ വന്നുചേരുന്ന അനാവശ്യ ഫയലുകൾ നീക്കേണ്ടത് സ്മാർട്ട്ഫോണുകളുടെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യവുമാണ്.

വാട്സ്ആപ്പിലെ അനാവശ്യ ഫയലുകൾ നീക്കം ചെയ്യാനുള്ള വഴി: ആദ്യം വാട്സ്ആപ്പ് തുറന്നതിന് ശേഷം സെറ്റിങ്സ് എടുക്കുക. ശേഷം സ്റ്റോറേജ് ആൻഡ് ഡേറ്റ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ഫയലുകൾ തിരഞ്ഞ് കണ്ട് പിടിക്കാനും അവ ഡിലീറ്റ് ചെയ്യാനുമുള്ള ഓപ്ഷനുകൾ കാണാം.
നമ്മുടെ വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഡിവൈസ് സ്റ്റോറേജിൽ എത്ര മാത്രം സ്പേസ് ഉപയോഗിക്കുന്നുണ്ടെന്നതിന്റെ ഗ്രാഫിക്കൽ റെപ്രസെന്റേഷനും ഇവിടെ നൽകിയിട്ടുണ്ടാകും. (ഏറ്റവും കൂടുതൽ ഡാറ്റയുള്ള ചാറ്റുകൾ പ്രത്യേകം വേർതിരിച്ച് നൽകിയിട്ടുണ്ട്. ഒരുപാട് തവണ ഫോർവേഡ് ചെയ്തിട്ടുള്ള മെസേജുകൾ, വലിയ ഫയലുകൾ എന്നിങ്ങനെ വേർ തിരിച്ചും ഫയലുകളും ചാറ്റുകളുമൊക്കെ ലിസ്റ്റ് ചെയ്തിട്ടുണ്ട്).
തുടർന്ന് ഡിലീറ്റ് ചെയ്യുന്നതിനായി ഓരോ ഫയലും സെലക്ട് ചെയ്യുക. ശേഷം ഡിലീറ്റ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. വാട്സ്ആപ്പ് ഫോട്ടോകളും വീഡിയോകളും ഗാലറിയിലേക്ക് തനിയെ സേവാകുന്ന സെറ്റിങ്സ് ഓഫാണെന്ന് ഉറപ്പാക്കുകവഴി അനാവശ്യ ഫയലുകൾ നമ്മുടെ ഫോണിൽ വന്നുനിറയുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.


Click it and Unblock the Notifications