എങ്ങും വ്യാജ ആപ്പുകൾ; സുരക്ഷിതമായിരിക്കാൻ അറിഞ്ഞിരിക്കാം | Fake Apps And Website Scams
ദിനം പ്രതിയെന്നോണം സൈബർ തട്ടിപ്പുകൾ കൂടി വരുന്ന കാലമാണിത്. ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സ്കാമേഴ്സിന്റെ വലയിൽ വീഴുന്നവരുടെ എണ്ണവും വർധിക്കുന്നു. സൈബർ ലോകത്ത് ആളുകളെ പറ്റിക്കാനായി പുതിയ പുതിയ തന്ത്രങ്ങളും ഗൂഢ സംഘങ്ങൾ മെനഞ്ഞ് കൊണ്ടിരിക്കുന്നു. കോടികളാണ് ഓരോ ദിവസവും സൈബർ ക്രിമിനലുകൾ തട്ടിയെടുക്കുന്നത്.
Fake Apps And Websites ഉപയോഗിച്ച് ആളുകളുടെ വിവരങ്ങൾ കൈക്കലാക്കി പണം തട്ടുന്നത് ഇന്നത്തെ പ്രധാന സൈബർ തട്ടിപ്പുകളിൽ ഒന്നാണ്. ഐആർസിടിസിയും എസ്ബിഐയും പോലെയുള്ള സ്ഥാപനങ്ങളുടെ പേരിൽ വരെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും ഉണ്ടാക്കി പണം തട്ടിയെടുത്ത കഥകൾ നാം കേട്ടിട്ടുണ്ട്. സ്വയം ജാഗ്രത പുലർത്തുകയെന്നത് മാത്രമാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ കഴിയുക. ഓൺലൈനിൽ സുരക്ഷിതമായിരിക്കാനും വ്യാജ വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും തിരിച്ചറിയാനുമുള്ള ഏതാനും ടിപ്സ് നോക്കാം.

ആപ്പ് സ്റ്റോറുകൾ : ആപ്പുകൾ ഏത് സോഴ്സിൽ നിന്നും ഡൌൺലോഡ് ചെയ്യുന്നുവെന്നത് നിർണായകമാണ്. ഗിൾ പ്ലേ സ്റ്റോറും ആപ്പിൾ ആപ്പ് സ്റ്റോറുമൊക്കെയാണ് വിശ്വസനീയമായ ആപ്പ് സ്റ്റോറുകൾ. നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഇത്തരം ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്ലിക്കേഷനുകൾ ഡൌൺലോഡ് ചെയ്യുക. പ്ലേ സ്റ്റോറിൽ പോലും മാൽവെയർ ആപ്പുകൾ കടന്ന് കൂടാറുണ്ട്. അപ്പോൾ പിന്നെ തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളുടെ കാര്യം പറയേണ്ടതില്ലല്ലോ. എപികെ ഇൻസ്റ്റാൾ ചെയ്യുന്നതും അത്രയ്ക്ക് സുരക്ഷിതമല്ലെന്നതാണ് യാഥാർഥ്യം.
സെക്യുവർ കണക്ഷൻ : ഇന്റർനെറ്റിൽ ബ്രൌസ് ചെയ്യുന്ന സമയത്ത് വൈബ്സൈറ്റുകളുമായുള്ള കണക്ഷൻ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. വെബ്സൈറ്റിൽ പ്രവേശിക്കുമ്പോൾ അഡ്രസ് ബാറിൽ ഒരു പാഡ് ലോക്ക് ഐക്കൺ കാണുന്നുണ്ടോയെന്ന് പരിശോധിക്കണം. ഇത് കണക്ഷൻ സുരക്ഷിതമാണെന്നത് സൂചിപ്പിക്കുന്നു. പാഡ് ലോക്ക് ഐക്കണിന്റെ സാന്നിധ്യം യൂസേഴ്സിന്റെ വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നും ഹാക്കർമാർക്ക് കൈക്കലാക്കാൻ കഴിയില്ലെന്നുമാണ് സൂചിപ്പിക്കുന്നത്.

യുആർഎൽ വെരിഫിക്കേഷൻ : നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റിൽ വ്യക്തിപരവും സാമ്പത്തികപരവുമൊക്കെയായ വിവരങ്ങൾ നൽകുന്നതിന് മുമ്പ് ഒരിക്കൽ കൂടി വെബ്സൈറ്റിന്റെ യുആർഎൽ പരിശോധിക്കുക. അത് നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിച്ച വെബ്സൈറ്റിന്റെ തന്നെയാണോയെന്ന് ഉറപ്പിക്കണം. യഥാർഥ വെബ്സൈറ്റിന് സമാനമായ രീതിയിലുള്ള യുആർഎല്ലുകളുമായി വ്യാജ വെബ്സൈറ്റുകൾ തയ്യാറാക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഒറ്റ നോട്ടത്തിൽ ഈ യുആർഎല്ലുകൾക്കിടയിലുള്ള വ്യത്യാസം കണ്ണിൽപ്പെടുകയുമില്ല.
ഡിവൈസ് ഒഎസും ബ്രൌസറും അപ്ഡേറ്റ് ചെയ്യുക : നിങ്ങൾ ഉപയോഗിക്കുന്ന ഡിവൈസിന്റെ ഒഎസും ബ്രൗസറും ലേറ്റസ്റ്റ് വേർഷനാണെന്ന് ഉറപ്പ് വരുത്തുക. ഡിവൈസുകൾ സുരക്ഷിതമാക്കാൻ കമ്പനികൾ സമയബന്ധിതമായി സെക്യൂരിറ്റി അപ്‌ഡേറ്റുകൾ പുറത്ത് വിടുന്നുണ്ട്. ഇവ നൽകുന്ന അധിക ലെയർ സെക്യൂരിറ്റി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. പലരും സോഫ്റ്റ്വെയർ അപ്ഡേറ്റിന് മടിക്കുന്ന പ്രവണത കണ്ട് വരാറുണ്ട്. ഇത് അപകടകരമാണെന്നതാണ് യാഥാർഥ്യം.

ഗൂഗിൾ സെർച്ച് റിസൽട്സിനെ കണ്ണുമടച്ച് വിശ്വസിക്കരുത് : നമ്മൾ ഗൂഗിളിൽ സെർച്ച് ചെയ്താണ് പല വെബ്സൈറ്റുകളുടെയും ലിങ്കുകൾ കണ്ടെത്തുന്നത്. എന്നാൽ ഇങ്ങനെ സെർച്ച് ചെയ്ത് ആദ്യം കിട്ടുന്ന വെബ്സൈറ്റുകൾ എല്ലാം ആധികാരികമാണെന്ന് കരുതരുത്. ഗൂഗിൾ സെർച്ച് റിസൽട്ട്സിൽ കൃത്രിമ വഴികളിലൂടെ ഉയർന്ന റാങ്ക് സ്വന്തമാക്കുന്ന തട്ടിപ്പുകാരുമുണ്ട്. അതിനാൽ എപ്പോഴും സൈറ്റിന്റെ ലിങ്കും മറ്റ് വശങ്ങളും കൃത്യമായി പരിശോധിക്കണം.
സൈറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്താൻ അവയിലെ കോൺടാക്റ്റ് വിവരങ്ങളും സഹായിക്കും. യഥാർഥ വെബ്സൈറ്റുകളിൽ ഇമെയിൽ അഡ്രസ്, ഫോൺ നമ്പറുകൾ എന്നിവയെല്ലാം ഉണ്ടാകും. വ്യാജ വെബ്സൈറ്റുകളിൽ ഇതിനുള്ള സാധ്യത കുറവാണ്. അത് പോലെ വ്യാജ വെബ്സൈറ്റുകളിൽ അക്ഷരത്തെറ്റുകളും വ്യാകരണപിശകുകളും ഒക്കെ കൂടുതലായി ഉണ്ടാകാം. എന്നാൽ ഇവയൊന്നും ഉറപ്പ് പറയാൻ കഴിയുന്ന കാര്യമല്ല. ഒറിജിനൽ വെബ്സൈറ്റുകളെ വെല്ലുന്ന ഫേക്ക് സൈറ്റുകൾ ഉണ്ടാക്കുന്നവർക്ക് അക്ഷരത്തെറ്റുകൾ പരിഹരിക്കുന്നതും വ്യാജ കോൺടാക്റ്റ്സ് നൽകുന്നതും ഒന്നും വലിയ തലവേദനയല്ലല്ലോ.


Click it and Unblock the Notifications