ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ അടിപൊളിയാക്കാൻ 10 മാർഗങ്ങൾ
ഫീച്ചറുകളും സ്പെക്സും കൊണ്ട് നിറഞ്ഞവയാണ് ഇപ്പോൾ വിപണിയിൽ എത്തുന്ന സ്മാർട്ട്ഫോണുകൾ എല്ലാം തന്നെ. ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാൻ സൗകര്യം നൽകുന്നവയാണ് ഈ ഫീച്ചറുകളും സെറ്റിങ്സും ഓപ്ഷനുകളും. എല്ലാ ഡിവൈസുകളും ഒരു ഡിഫോൾട്ട് സെറ്റിങ്സുമായിട്ടാകും വിൽപ്പനയ്ക്ക് എത്തുക. പുതിയ സ്മാർട്ട്ഫോൺ വാങ്ങിയാൽ ഉടൻ സജീവമാക്കേണ്ടതും മാറ്റം വരുത്തേണ്ടതുമായ ചില ഓപ്ഷനുകളും സെറ്റിങ്സും എല്ലാ സ്മാർട്ട്ഫോണുകളിലും ലഭ്യമാണ്. ഇത് വഴി ഡിവൈസിന്റെ പെർഫോമൻസ്, ബാറ്ററി ലൈഫ് എന്നിവയെല്ലാം വർധിപ്പിക്കാൻ ആകും.

ഡാർക്ക് മോഡ് എനേബിൾ ചെയ്യുക
എല്ലാ പുതിയ സ്മാർട്ട്‌ഫോണുകളും സിസ്റ്റം വൈഡ് ഡാർക്ക് മോഡ് ഫീച്ചറുമായാണ് വരുന്നത്. നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ഉപയോഗവും ബാറ്ററി ലൈഫും മെച്ചപ്പെടുത്താൻ ഡാർക്ക് മോഡ് ആക്റ്റിവേറ്റ് ചെയ്യുന്നത് സഹായിക്കും. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ അമോലെഡ് പാനൽ ഉണ്ടെങ്കിൽ ഡാർക്ക് മോഡ് അക്റ്റിവേറ്റ് ചെയ്യുന്നത് ബാറ്ററി ലൈഫ് മെച്ചപ്പെടുത്തും. കൂടാതെ ഡാർക്ക് മോഡ് സ്മാർട്ട്ഫോൺ കുറഞ്ഞ വെളിച്ചത്തിൽ ഉപയോഗിക്കുന്നത് കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു.

ഓട്ടോ സ്ക്രീൻ ബ്രൈറ്റ്നസ് ഓപ്ഷൻ ഡിസേബിൾ ചെയ്യുക
ഓട്ടോ ബ്രൈറ്റ്‌നസ് ഫീച്ചറിനെക്കുറിച്ചുള്ള ഏറ്റവും വലിയ മിഥ്യാധാരണ ബാറ്ററി ആയുസ് വർധിപ്പിക്കാൻ സഹായിക്കുന്നു എന്നതാണ്. ഏറ്റവും പ്രകാശമാനമായ അന്തരീക്ഷത്തിൽ ഏറ്റവും ബ്രൈറ്റ് ആയ സ്ക്രീൻ ഓഫർ ചെയ്യുന്നതിനാണ് ഓട്ടോ സ്ക്രീൻ ബ്രൈറ്റ്നസ് / ആഡാപ്റ്റീവ് ബ്രൈറ്റ്നസ് ഓപ്ഷൻ സ്മാർട്ട്ഫോണുകളിൽ നൽകിയിരിക്കുന്നത്. ഇങ്ങനെ ഡിസ്പ്ലേ കൂടുതൽ ബ്രൈറ്റ് ആകുന്തോറും ബാറ്ററി ഉപയോഗവും കൂടുന്നു. അതിനാൽ, ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുന്നതിന് ഡിസ്‌പ്ലേയുടെ ബ്രൈറ്റ്നസ് കുറച്ച് വയ്ക്കുന്നതാണ് എപ്പോഴും നല്ലത്.

ബാറ്ററി ഒപ്റ്റിമൈസേഷൻ
മിക്കവാറും എല്ലാ സ്മാർട്ട്ഫോണുകളും ബാറ്ററി ഒപ്റ്റിമൈസേഷൻ അല്ലെങ്കിൽ അഡാപ്റ്റീവ് ബാറ്ററി ഫീച്ചർ ഓഫർ ചെയ്യുന്നുണ്ട്. ഫീച്ചർ അടിസ്ഥാനപരമായി നമ്മുടെ ഫോണിന്റെ ഉപയോഗം മോണിറ്റർ ചെയ്യുകയും ബാറ്ററി ഓട്ടോമാറ്റിക്കായി ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്നു. സ്‌മാർട്ട്‌ഫോണിന്റെ ബാറ്ററി ലൈഫ് നല്ല രീതിയിൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ദീർഘകാലത്തേക്ക് ബാറ്ററിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ബാറ്ററി ഒപ്റ്റിമൈസേഷൻ ഫീച്ചർ സഹായിക്കുന്നു.

ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുക
നിങ്ങളുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിൽ ഇൻസ്‌റ്റാൾ ചെയ്‌തിരിക്കുന്ന മിക്കവാറും എല്ലാ ആപ്പുകളും റാം, സ്‌റ്റോറേജ്, ബാറ്ററി എന്നിവയുൾപ്പെടെയുള്ള റിസോഴ്സുകൾ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ടാവും. കൂടാതെ, സമയബന്ധിതമായ നോട്ടിഫിക്കേഷൻസ് കാണിക്കുന്നതിനോ വേഗത്തിൽ ലോഡ് ചെയ്യുന്നതിനോ ഈ ആപ്പുകളിൽ മിക്കവയും ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്നു. നിങ്ങൾ ഉപയോഗിക്കാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നത് സിസ്റ്റത്തിൽ നിന്നുള്ള ലോഡ് കുറയ്ക്കുകയും അത് സ്മാർട്ട്ഫോണിന്റെ മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും.

ഓട്ടോമാറ്റിക് ബാക്കപ്പ് എനേബിൾ ചെയ്യുക
എപ്പോഴാണ് ഫോണിന് എന്തെങ്കിലും കുഴപ്പം സംഭവിക്കുന്നതെന്ന് പറയാൻ കഴിയില്ല. ഓട്ടോമാറ്റിക് ബാക്കപ്പ് ആക്റ്റിവേറ്റ് ചെയ്യുന്നത് ഇത്തരം സാഹചര്യത്തിൽ നമ്മുടെ ഡാറ്റ സുരക്ഷിതമാക്കും. ഓട്ടോമാറ്റിക് ബാക്കപ്പ് ഫീച്ചർ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്‌റ്റുകൾ, സന്ദേശങ്ങൾ തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഡാറ്റയും സേവ് ചെയ്യപ്പെടുന്നു എന്ന് ഉറപ്പ് വരുത്തുന്നു. ആൻഡ്രോയിഡ് ഡിവൈസിലെ ഡിഫോൾട്ട് ബാക്കപ്പ് ഫീച്ചർ എല്ലാം ബാക്കപ്പ് ചെയ്യുന്നില്ല എന്നതാണ് മനസിൽ സൂക്ഷിക്കേണ്ട കാര്യം. വാട്സ്ആപ്പ് ബാക്കപ്പ് ഓപ്‌ഷൻ, ഗൂഗിൾ ഫോട്ടോസ് എന്നിവയെല്ലാം നിങ്ങൾ നേരിട്ട് ആക്റ്റിവേറ്റ് ചെയ്യേണ്ടവയാണ്.

ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ
സ്‌മാർട്ട്‌ഫോൺ എപ്പോഴാണ് നഷ്‌ടപ്പെടുന്നത് എന്ന് പറയാൻ കഴിയില്ല. ഈ സാഹചര്യത്തിൽ ഏറ്റവും അധികം യൂസ് ആകുന്ന ഫീച്ചർ ആണ് ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ. ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നത് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ ട്രാക്ക് ചെയ്യാനും കണ്ടെത്താനും ഡാറ്റ ഇറേസ് ചെയ്യാനും പൂർണമായ ബാക്കപ്പ് എടുക്കാനും സഹായിക്കും. സാംസങ് സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുകയാണെങ്കിൽ കമ്പനിയ്‌ക്ക് സ്വന്തമായി ഫൈൻഡ് മൈ മൊബൈൽ സേവനമുണ്ടെന്ന കാര്യം അറിഞ്ഞിരിക്കണം. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ താൽക്കാലികമായി ലോക്ക് ചെയ്യൽ, സമീപകാല കോൾ ലോഗുകൾ വീണ്ടെടുക്കൽ തുടങ്ങിയ ഫീച്ചറുകളും സാംസങിന്റെ ഫൈൻഡ് മൈ മൊബൈൽ സേവനത്തിൽ ഉണ്ട്.

ക്യുക്ക് സെറ്റിങ്സ് പാനലിൽ മാറ്റങ്ങൾ വരുത്തുക
ഒരു ഫീച്ചർ വളരെ വേഗം ആക്റ്റിവേറ്റ് ചെയ്യാനും ഡിസേബിൾ ചെയ്യാനും സഹായിക്കുന്ന സംവിധാനമാണ് ആൻഡ്രോയിഡിന്റെ ക്യുക്ക് സെറ്റിങ്സ് പാനൽ. വളരെ ഉപയോഗപ്രദമായ സംവിധാനം കൂടിയാണ് ഇത്. യൂസറിന്റെ ആവശ്യകതകൾക്ക് അനുസരിച്ച് ക്യുക്ക് സെറ്റിങ്സ് പാനലിൽ ഓപ്ഷനുകൾ ചേർക്കാനും പുനക്രമീകരിക്കാനും ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് സാധിക്കുന്നു.

ഡിജിറ്റൽ വെൽബീയിങ് എനേബിൾ ചെയ്യുക
ആപ്പ് ഉപയോഗംട്രാക്ക് ചെയ്യാൻ ഡിജിറ്റൽ വെൽബീയിങ് ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നത് ആപ്പ് ഉപയോഗത്തിന്റെ ട്രാക്ക് സൂക്ഷിക്കാൻ നിങ്ങളെ അനുവദിക്കും. ഓരോ ആപ്പിലും നിങ്ങൾ ദിവസവും എത്ര സമയം ചെലവഴിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ഡിജിറ്റൽ വെൽബീയിങ് ഫീച്ചർ കാണിച്ച് തരും. നിങ്ങളെ ഉറങ്ങാൻ ഓർമ്മിപ്പിക്കുന്നതിനായി ഒരു നിശ്ചിത സമയത്ത് സ്‌ക്രീൻ സ്വയമേവ കറുപ്പും വെളുപ്പും ആക്കുന്ന ബെഡ്‌ടൈം മോഡ് പോലുള്ള ഓപ്ഷനുകളും ഡിജിറ്റൽ വെൽബീയിങ് ഫീച്ചറിൽ ഉൾപ്പെടുന്നു.

ആൻഡ്രോയിഡ് സ്മാർട്ട്ഫോണിനെ വിൻഡോസിലേക്ക് ലിങ്ക് ചെയ്യുക
ഏറ്റവും പുതിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ കാണുന്ന ഫീച്ചറുകളിൽ ഒന്നാണ് യുവർ ഫോൺ സപ്പോർട്ട്. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ വിൻഡോസ് 10, വിൻഡോസ് 11 ഡിവൈസുകളുമായി ലിങ്ക് ചെയ്യാൻ സഹായിക്കുന്നു. ഒരു വിൻഡോസ് ഉപകരണവുമായി സ്മാർട്ട്‌ഫോണിനെ ലിങ്ക് ചെയ്യുന്നത് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷനുകളും കോളുകളും സ്വീകരിക്കാനും ലാപ്‌ടോപ്പുകളിലും പിസികളിലും സ്മാർട്ട്‌ഫോണിന്റെ ഗാലറി ആക്‌സസ് ചെയ്യാനും സഹായിക്കുന്നു.

ഹോം സ്‌ക്രീൻ അലങ്കോലപ്പെടാതെ സൂക്ഷിക്കുക
വൃത്തിയുള്ള ഹോം സ്‌ക്രീൻ കൊണ്ട് സ്മാർട്ട്ഫോണിന്റെ പ്രകടനത്തിലോ ബാറ്ററി ലൈഫിലോ നേരിട്ടുള്ള പ്രയോജനങ്ങൾ ഒന്നും തന്നെ ഇല്ല. ഹോം സ്‌ക്രീൻ അലങ്കോലപ്പെടാതെ സൂക്ഷിക്കുക എന്ന് പറയുമ്പോൾ ഹോം സ്ക്രീനിലെ ആപ്പുകൾ ഓർഗനൈസ് ചെയ്യണമെന്നും ആവശ്യമില്ലാത്തത് ഒഴിവാക്കണം എന്നുമാണ് ഉദ്ദേശിക്കുന്നത്. ഇത് വഴി എല്ലാ ആപ്പുകളും വളരെപ്പെട്ടെന്ന് കണ്ടെത്താനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും സാധിക്കും.


Click it and Unblock the Notifications








