അയച്ച ഇമെയിലുകൾ തിരിച്ചുവിളിക്കാം; സമയപരിധി കൂട്ടി ജിമെയിൽ
ലോകത്തെ ഏറ്റവും ജനപ്രിയമായ ഇമെയിൽ സർവീസ് ഗൂഗിളിന്റെ ജിമെയിൽ ആണെന്നത് തർക്കമില്ലാത്ത വിഷയമാണ്. ഇമെയിൽ ഉപയോക്താക്കളിൽ ഏതാണ്ട് 90 ശതമാനവും ജിമെയിൽ തന്നെയാണ് മെയിലുകൾ അയയ്ക്കാനും മറ്റും ഉപയോഗിക്കുന്നത്. ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഏതൊരു ഡിവൈസിൽ നിന്നും ജിമെയിൽ ആക്സസ് ചെയ്യാനും കഴിയും. ജിമെയിലിന്റെ ജനപ്രീതിയ്ക്ക് കാരണം എന്തെന്ന് പിന്നീട് പരിശോധിക്കാം. ഇപ്പോൾ ഗൂഗിൾ തങ്ങളുടെ ഇമെയിൽ സർവീസിൽ കൊണ്ട് വന്ന പുതിയ അപ്ഡേറ്റിനെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണം എന്നും നോക്കാം. വെബ് ഐഒഎസ് ഉപയോക്താക്കൾക്കായി ജിമെയിലിലെ അൺഡൂ സെൻഡ് ഫീച്ചറാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. അയച്ച മെയിലുകൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വിളിക്കാൻ അല്ലെങ്കിൽ ക്യാൻസൽ ചെയ്യാൻ ഉപയോഗിക്കുന്ന ഫീച്ചർ ആണ് അൺഡൂ സെൻഡ് ഫീച്ചർ. ഇങ്ങനെ അയച്ച മെയിലുകൾ ഡിലീറ്റ് ചെയ്യുന്നതിന് വ്യത്യസ്തമായ ടൈം ഫ്രെയിമുകൾ സെറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ അപ്ഡേറ്റ്.

ആറ് വർഷത്തോളമായി ഈ ഫീച്ചർ നിലവിൽ ഉണ്ടെങ്കിലും അഞ്ച് സെക്കൻഡ് മാത്രമാണ് ഇങ്ങനെ അയച്ച മെയിലുകൾ ഡിലീറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നത്. ഈ ടൈം ഫ്രെയിമിനാണ് മാറ്റം കൊണ്ട് വരുന്നത്. പുതിയ അപ്ഡേറ്റ് സമയ ദൈർഘ്യം 10 സെക്കൻഡ്, 20 സെക്കൻഡ് അല്ലെങ്കിൽ 30 സെക്കൻഡ് ആയി വർധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കും. അൺഡൂ സെൻഡ് ഫീച്ചർ ഇപ്പോൾ വെബിനുള്ള ജിമെയിലിലും ജിമെയിൽ മൊബൈൽ ആപ്പിലും ലഭ്യമാണ്. പുതിയ അപ്ഡേറ്റ് പക്ഷെ വെബ്, ഐഒഎസ് യൂസേഴ്സിന് മാത്രമാണ് ഇപ്പോൾ ലഭ്യമാകുക. അപ്‌ഡേറ്റ് ചെയ്‌ത അൺഡൂ സെൻഡ് ഫീച്ചർ നിലവിൽ ജിമെയിൽ ആൻഡ്രോയിഡ് ആപ്പിൽ ലഭ്യമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ അപ്‌ഡേറ്റിന്റെ റോളൗട്ട് കമ്പനി പ്രഖ്യാപിച്ചത്.

ജിമെയിലിൽ അൺഡൂ സെൻഡ് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാം
അൺഡൂ സെൻഡ് ഫീച്ചറിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും മനസിലാക്കിയ സ്ഥിതിക്ക് ഈ ഫീച്ചർ എങ്ങനെയാണ് ആക്ടിവേറ്റ് ചെയ്യേണ്ടത് എന്ന് മനസിലാക്കാം. അതിന് താഴേപ്പറയുന്ന ഘട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.
- ആദ്യം നിങ്ങളുടെ ജിമെയിൽ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക. ശേഷം "സെറ്റിങ്സ്" പാനലിലേക്ക് പോകുക.
- ഇപ്പോൾ വെബ് പേജിന്റെ ഏറ്റവും താഴെയായി കാണുന്ന "സീ ആൾ സെറ്റിങ്സ്" എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- ഇവിടെ "അൺഡൂ സെൻഡ്" ഓപ്ഷൻ നിങ്ങൾക്ക് കാണാൻ കഴിയും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ശേഷം സെൻഡ് ക്യാൻസലേഷൻ പീരീഡുകളിൽ ഒന്ന് തിരഞ്ഞെടുക്കുക. 5 സെക്കൻഡ്, 10 സെക്കൻഡ്, 20 സെക്കൻഡ്, 30 സെക്കൻഡ് എന്നിങ്ങനെയാണ് ടൈം ഫ്രൈയിമുകൾ ഉള്ളത്. ഇതിലൊന്ന് സെലക്ട് ചെയ്യുക.
- അവസാനമായി താഴേക്ക് സ്ക്രോൾ ചെയ്ത് സേവ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
- ഐഒഎസ് ജിമെയിൽ ആപ്പ് ഉപയോക്താക്കൾ ആപ്പിന്റെ ഉള്ളിൽ നിന്ന് "സെറ്റിങ്സ്" പാനലിലേക്ക് പോകേണ്ടതുണ്ട്, ശേഷം "അൺഡൂ സെൻഡ്" ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക. ഇവിടെ നിന്നും ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാനും ഒരു റദ്ദാക്കൽ കാലയളവ് തിരഞ്ഞെടുക്കുന്നതിനും സാധിക്കും.

ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഇമെയിൽ സർവീസ്
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് അവരുടെ പ്രധാന ഇമെയിൽ അക്കൗണ്ടായി ജിമെയിൽ ഉപയോഗിക്കുന്നത്. ഈ ഭൂമിയിലെ ഏറ്റവും ജനപ്രിയ ഇമെയിൽ പ്ലാറ്റ്‌ഫോം ഏതെന്ന ചോദ്യത്തിനും മറ്റൊരു ഉത്തരം ഇല്ല. ജിമെയിലിന്റെ ഈ ജനപ്രീതിയ്ക്ക് കാരണമെന്തെന്ന് കൂടി നമ്മുക്ക് പരിശോധിക്കാം. ആദ്യം തന്നെ പറയട്ടെ ജിമെയിൽ സേവനങ്ങൾ സമ്പൂർണമായും സൌജന്യമാണ്. സർവീസിനായി യാതൊരു തരത്തിലുള്ള ഫീസും ഗൂഗിൾ ഈടാക്കുന്നില്ല. അക്കൌണ്ട് തുടങ്ങുന്നതിന് വളരെ എളുപ്പമാണെന്നതും ധാരാളം സ്റ്റോറേജ് സ്പേസ് ( അതും സൌജന്യമായി ) ലഭ്യമാണെന്നതും യൂസേഴ്സിനെ ജിമെയിലിലേക്ക് അടുപ്പിക്കുന്നു. ഒപ്പം നമ്മുടെ എല്ലാ ഡിവൈസുകളിലും തടസങ്ങളില്ലാതെ യൂസ് ചെയ്യാമെന്നതും ജിമെയിലിന്റെ പ്രത്യേകതയാണ്.

പുതിയ അക്കൌണ്ട് തുടങ്ങാൻ എന്തെളുപ്പം
പുതിയ ജിമെയിൽ അക്കൌണ്ട് തുടങ്ങാൻ അഞ്ച് മിനുറ്റ് പോലും വേണ്ടെന്നതും ആകർഷണീയമായ സവിശേഷതയാണ്. അതേ, അഞ്ച് മിനുറ്റിനുള്ളിൽ നിങ്ങൾക്ക് ഒരു പുതിയ ജിമെയിൽ അക്കൗണ്ട് സജ്ജീകരിക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. ഈ പ്രോസസ് കഴിയുന്നത്ര എളുപ്പമാക്കാൻ ഗൂഗിൾ വളരെ ശ്രദ്ധ നൽകിയിട്ടുണ്ട്. അക്കൌണ്ട് തുടങ്ങാൻ നിങ്ങൾക്ക് വേണ്ടത് ഒരു സജീവ ഇന്റർനെറ്റ് കണക്ഷനും കമ്പ്യൂട്ടറോ ഫോണോ തുടങ്ങി ഏതെങ്കിലും ഒരു ഡിവൈസും മതി. ആദ്യം ജിമെയിൽ വെബ്‌സൈറ്റിലേക്ക് പോവുക, ഓൺ-സ്‌ക്രീൻ നിർദ്ദേശങ്ങൾ പിന്തുടരുക, മൂന്ന് മുതൽ അഞ്ച് മിനുറ്റ് വരെയുള്ള സമയത്തിനുള്ളിൽ നിങ്ങൾക്ക് ഒരു പുതിയ അക്കൗണ്ട് ലഭിക്കുന്നതാണ്. ജിമെയിൽ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടുമായും അത് വഴി ഗൂഗിളിന്റെ മറ്റ് സേവനങ്ങളുമായും നിങ്ങളെ കണക്റ്റ് ചെയ്യുന്നു.

ഒരോ വെബ്സൈറ്റിനും ഓരോ സേവനങ്ങൾക്കും ഓരോ യൂസർ ഐഡി, ഓരോ പാസ്വേഡ് എന്നിങ്ങനെ നിരവധി യൂസർനെയിംസും പാസ്വേഡ്സും ഓർത്ത് വയ്ക്കുന്നത് ഒഴിവാക്കാൻ ജിമെയിൽ അക്കൌണ്ട് സഹായിക്കുന്നു. കൂടുതൽ കൂടുതൽ വെബ്‌സൈറ്റുകളും ആപ്പുകളും ഓൺലൈൻ സേവനങ്ങളും നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുമായി നേരിട്ട് സംയോജിപ്പിക്കാൻ കഴിയും. ഈ സൈറ്റുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കണക്‌റ്റ് ചെയ്‌താൽ മാത്രം മതിയാകും. കണക്റ്റ് ആയിക്കഴിഞ്ഞാൽ ജിമെയിലിന് ഉപയോഗിക്കുന്ന അതേ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ സൈറ്റുകളിലേക്കും ആപ്പുകളിലേക്കും ലോഗിൻ ചെയ്യാനാകും.

നിലവിൽ ഉള്ള എല്ലാ ഇമെയിൽ സർവീസുകളേക്കാളും സുരക്ഷിതമായ മെയിൽ പ്ലാറ്റ്ഫോം ആയിട്ടാണ് ജിമെയിലിനെ കണക്കാക്കുന്നത്. മറ്റെവിടെയും ലഭ്യമല്ലാത്ത ലോകോത്തര സുരക്ഷാ ഫീച്ചറുകൾ ജിമെയിൽ വാഗ്ദാനം ചെയ്യുന്നു. മറ്റൊരു അധിക ഫീച്ചറുകളുടെയും ആവശ്യമില്ലാതെ, ഇന്റേണൽ ടൂളുകൾ മാത്രം ഉപയോഗിച്ച് ഗൂഗിൾ നിങ്ങളുടെ ഇമെയിലുകൾ സുരക്ഷിതമാക്കുന്നു. ടൂ-സ്റ്റേജ് വെരിഫിക്കേഷൻ തുടങ്ങി നിരവധി ഫീച്ചറുകളാണ് സുരക്ഷയുറപ്പാക്കുന്നത്. ഏറ്റവും ലളിതമായ ഇന്റർഫേസ്, സൌജന്യ സേവനങ്ങൾ, ആക്സസബിലിറ്റി, ഉപയോഗിക്കാൻ ഉള്ള എളുപ്പം, യൂസർ ഫ്രണ്ട്ലി എക്സ്പീരിയൻസ്, സുരക്ഷാ ഫീച്ചറുകൾ എന്നിവയൊക്കെയാണ് ജിമെയിലിന്റെ ജനപ്രീതിയ്ക്ക് കാരണം.


Click it and Unblock the Notifications








