നിങ്ങളെ ഞെട്ടിക്കുന്ന കിടിലൻ ദീപാവലി സർപ്രൈസുമായി ഗൂഗിൾ; ഉടൻ ചെയ്യേണ്ടത് ഇത്രമാത്രം...
ദീപാവലിയുടെ ആഘോഷത്തിമിർപ്പിലേക്ക് ഇന്ത്യ കടക്കുകയാണ്. ഓഫർ വിൽപ്പനയുമായി മുൻ നിര ബ്രാൻഡുകളെല്ലാം നേരത്തെ കളത്തിലെത്തിക്കഴിഞ്ഞു. ഈ ആഘോഷത്തിമിർപ്പിനിടയിലേക്ക് ഒരു സർപ്രൈസുമായി കടന്നെത്തിയിരിക്കുകയാണ് സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ(Google). ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. മൺചെരാതുകൾ ചൊരിയുന്ന പ്രഭയിൽ നാടും നഗരവും സ്വർണ്ണവർണ്ണമണിയുന്ന കാഴ്ചതന്നെ ഏറെ മനോഹരമാണ്.

ദീപങ്ങളുടെ ഈ ഉത്സവത്തിന് ദീപങ്ങളൊരുക്കിത്തന്നെയാണ് ഗൂഗിളും നമ്മുടെ ആഘോഷങ്ങൾക്ക് ഒപ്പം ചേരുന്നത്. ഇപ്പോൾ നിങ്ങൾ ദീപാവലിയെന്ന് നമ്മുടെ ഭാഷയിലോ മറ്റേതെങ്കിലും ഭാഷകളിലോ തിരഞ്ഞു നോക്കൂ. അപ്പോൾ കാണാം നിങ്ങൾക്കായുള്ള ഗൂഗിളിന്റെ സമ്മാനം എന്താണെന്ന്. ആരിലും കൗതുകവും സന്തോഷവും ഉണർത്തുന്ന വിധത്തിലുള്ളൊരു സർപ്രൈസ് തന്നെയാണത്. കഠിന ഹൃദയർക്കൊഴികെ പരീക്ഷിക്കുന്ന എല്ലാവർക്കും സന്തോഷം പകരുന്ന, ഒരു നിമിഷത്തേക്ക് നിഷ്കളങ്കത ഉണർത്തുന്ന ഒരു സർപ്രൈസ് തന്നെ ആണിത്.

രണ്ടു വർഷമായി കോവിഡ് മൂലം ദീപാവലി ആഘോഷങ്ങളുടെ പകിട്ട് കുറഞ്ഞിരുന്നു. ആ കുറവ് മറികടക്കാൻ ഇത്തവണ വൻ ആഘോഷങ്ങളോടെ ആണ് രാജ്യം തയാറെടുക്കുന്നത്. രാജ്യമെങ്ങും മൺചെരാതിൻ പ്രഭ നിറയുന്ന ഈ ഉത്സവനാളുകളിൽ നിങ്ങളുടെ സ്ക്രീനുകളിലേക്കും ആഘോഷത്തിന്റെ പ്രഭ എത്തിക്കാനാണ് ഗൂഗിൾ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ജസ്റ്റ് ഹിയർ ടു സേ (just here to say) എന്ന കുറിപ്പുമായി ഗൂഗിൾ തന്നെയാണ് തങ്ങളുടെ ഈ ദീപാവലി സർപ്രൈസിന്റെ കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്. ഗൂഗിളിന്റെ സെർച്ച് ഓപ്ഷനിൽ എത്തി ദീപാവലി എന്ന് പറഞ്ഞാൽ മാത്രം മതി, നിങ്ങൾക്കുള്ള സർപ്രൈസ് അവിടെ ഉണ്ടാകും.

ഗൂഗിളിന്റെ ദീപാവലി സർപ്രൈസിലേക്ക് എങ്ങനെ എത്താം
ഠ ആദ്യം നിങ്ങളുടെ വെബ് ബ്രൗസർ ഓപ്പൺ ചെയ്യുക.
ഠ തുടർന്ന് ദീപാവലി എന്ന് മലയാളത്തിലോ ‘Diwali 2022' എന്ന് ഇംഗ്ലീഷിലോ, നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റ് ഭാഷയിലോ സെർച്ച് ചെയ്യുക.
ഠ ദീപാവലിയുമായി ബന്ധപ്പെട്ട സേർച്ച് റിസൾട്ടുകളുമായി ഒരു പേജ് ഓപ്പൺ ആകും. ഇതോടൊപ്പം സെർച്ച് ബാറിന്റെ തൊട്ടു താഴെയായി ഒരു ചെറിയ മൺചെരാത് പ്രഭചൊരിഞ്ഞ് നിൽക്കുന്നതായി നിങ്ങൾക്ക് കാണാൻ സാധിക്കും.

ഠ അവിടെ കത്തി നിൽക്കുന്ന ആ മൺചെരാതിൽ നിങ്ങളുടെ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യുക.
ഠ ഇപ്പോൾ നിങ്ങളുടെ സ്ക്രീനിന്റെ വിവിധ ഭാഗങ്ങളിലായി ഏതാനും മൺചെരാതുകൾ പ്രത്യക്ഷപ്പെടും.
ഠ നിങ്ങൾ ആദ്യം ക്ലിക്ക് ചെയ്ത കത്തി നിൽക്കുന്ന മൺചെരാത് മൗസ് പോയിന്റായി മാറിയിരിക്കും.
ഠ തുടർന്ന് നിങ്ങൾ സ്ക്രിനിൽ തിരിയുമായി നിൽക്കുന്ന മൺചെരാതുകളുടെ സമീപത്തേക്ക് ഈ മൗസ് പോയിന്റ് കൊണ്ടുചെല്ലുക.

ഠ ഗൂഗിളിന്റെ ദീപത്തിൽ നിന്ന് നിങ്ങളുടെ സ്ക്രീനിലെ ദീപങ്ങളിലെല്ലാം പ്രഭ പടർത്താൻ ഇതുവഴി സാധിക്കും. ഇരുണ്ട പശ്ചാത്തലത്തിലുള്ള നിങ്ങളുടെ സ്ക്രീന് പിന്നീട് എന്തു സംഭവിക്കും എന്ന സസ്പെൻസ് മാത്രം നമുക്ക് തൽക്കാലം ബാക്കിവയ്ക്കാം.
ഠ ഐഒഎസ്, ആൻഡ്രോയ്ഡ് ഒഎസുകളിലും ഈ ഗൂഗിൾ സർപ്രൈസ് ലഭ്യമാണ്.

ചോദ്യങ്ങൾക്കും നിങ്ങളുടെ അന്വേഷണങ്ങൾക്കുമുള്ള ഉത്തരങ്ങൾ നൽകി മാത്രമല്ല ഇത്തരം സർപ്രൈസുകളിലൂടെയും നിങ്ങളെ അദ്ഭുതപ്പെടുത്താനും സന്തോഷിപ്പിക്കാനും ഗൂഗിളിന് കഴിയും എന്ന് മനസിലായില്ലേ. എല്ലാ പ്രധാന ആഘോഷങ്ങൾക്കും ഗൂഗിൾ ഇത്തരം സർപ്രൈസ് സമ്മാനങ്ങളുമായി എത്താറുണ്ട്. നേരത്തെ ഈസ്റ്ററിന് ഈസ്റ്റർ മുട്ടകളുമായി എത്തിയ ഗൂഗിളിന്റെ ആനിമേഷൻ ഏറെ ജനശ്രദ്ധ നേടുകയും പ്രശംസ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. എതാണ്ട് അതിനു സമാനമായി തന്നെയാണ് ഈ ദീപാവലിക്കും ഗൂഗിൾ സർപ്രൈസുമായി എത്തിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഹോളി എന്ന് അറിയാമല്ലോ. നിരവധി സംസ്ഥാനങ്ങളിൽ ഹോളി ആഘോഷങ്ങൾ സജീവമായി സംഘടിപ്പിക്കാറുമുണ്ട്. ഇത്തവണത്തെ ഹോളി ആഘോഷവേളയിലും ഗൂഗിൾ ഇത്തരത്തിൽ ഒരു ആനിമേഷൻ അവതരിപ്പിച്ചിരുന്നു. നിറങ്ങളുടെ ആഘോഷ വേളയിൽ സ്ക്രീനിൽ വർണ്ണങ്ങൾ വാരി വിതറുന്ന ബലൂണുകളാണ് ഗൂഗിൾ ഇതേ മാതൃകയിൽ ആനിമേഷനായി അന്ന് ഒരുക്കിയത്.


Click it and Unblock the Notifications








