മാർച്ച് 15ന് ശേഷം പേടിഎം ഫാസ്ടാഗ് വെറും സ്റ്റിക്കർ; വണ്ടി ഓടണമെങ്കിൽ പോകേണ്ട 'വഴി' ഇതാ
പേടിഎം പേയ്മെന്റ് ബാങ്കിന് എതിരേയുള്ള നിയന്ത്രണങ്ങളിൽ ആർബിഐ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാഞ്ഞതോടെ ഫാസ്ടാഗിനായി പേടിഎം (Paytm FASTag) സേവനം ഉപയോഗിച്ച് വരുന്നവർ പെരുവഴിയിലാകും. ഫാസ്ടാഗ് വഴിയുള്ള ഇന്ത്യയിലെ ടോൾ ശേഖരണത്തിന്റെ അഞ്ചിലൊന്ന് പങ്കും പേടിഎം വഴിയാണ് നടക്കുന്നത് എന്നാണ് കണക്കുകൾ പറയുന്നത്.
ഇത്രയധികം പേർ പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നതിനാൽ തന്നെ പേടിഎമ്മിന് മേൽ ആർബിഐ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങൾ വലിയൊരു വിഭാഗം വാഹന ഉടമകൾക്കും തിരിച്ചടിയാകുന്നു. ഇടപാടുകള്‍ നിര്‍ത്താന്‍ ഫെബ്രുവരി 29 വരെയാണ് ആർബിഐ പേടിഎമ്മിന് സമയം അനുവദിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇത് മാർച്ച് 15 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

പുതിയ ആർബിഐ ഉത്തരവ് പ്രകാരം മാർച്ച് 15 വരെ പേടിഎമ്മിന്റെ ജനപ്രിയ സേവനങ്ങൾ ലഭ്യമാകും. 2024 മാർച്ച് 15നു ശേഷം ഫാസ്ടാഗ്, യൂസർ അക്കൗണ്ട്സ്, പ്രീപെയ്ഡ് ഡിവൈസുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡ്സ് എന്നിവയിൽ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ അനുവദിക്കില്ലെന്ന് ആർബിഐ ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ നിരവധി വ്യാപാരികൾ പേടിഎം സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവരുടെ അഭ്യർഥന മാനിച്ചാണ് പേടിഎം സേവനങ്ങൾ ലഭ്യമാകുന്ന സമയം ദീർഘിപ്പിച്ച് നൽകിയിരിക്കുന്നത് എന്നാണ് വിവരം. പേടിഎം നേരിടുന്ന ഈ പ്രതിസന്ധി വാഹന ഉടമകളെ ചില അടിയന്തര നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നു. പേടിഎം ഫാസ്ടാഗ് മറ്റ് അംഗീകൃത സേവന ദാതാക്കളുടെ സേവനത്തിലേക്ക് പോർട്ട് ചെയ്യുക എന്നതാണ് അത്.
അംഗീകൃത ബാങ്കുകളിൽ നിന്ന് മാത്രം ഫാസ്ടാഗുകൾ സ്വന്തമാക്കേണ്ടതിൻ്റെ പ്രാധാന്യം പേടിഎം പ്രതിസന്ധി വെളിപ്പെടുത്തുന്നു. ഇക്കാര്യം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)യും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 2024 മാർച്ച് 15-ന് ശേഷം, പേടിഎം പേയ്‌മെൻ്റ് ബാങ്ക് നൽകിയ ഫാസ്‌ടാഗ് ടോപ്പ്-അപ്പോ റീച്ചാർജോ കഴിയില്ല. വണ്ടിയുടെ ഫ്രണ്ടിൽ സ്റ്റിക്കറായി ഇരിക്കുമെന്നതിനപ്പുറം അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല.
പേടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവർ ടോൾ പ്ലാസകളിൽ ബുദ്ധിമുട്ട് നേരിടാതിരിക്കണമെങ്കിൽ നിലവിലുള്ള ഫാസ്ടാഗ് ഡീആക്ടിവേറ്റ് ചെയ്യുകയും മറ്റ് അംഗീകൃത ബാങ്കുകളുടെ പേടിഎം സേവനങ്ങളിലേക്ക് പോർട്ട് ചെയ്യുകയും വേണം. പേടിഎം ഫാസ്ടാഗ് എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാമെന്നും മറ്റൊരു ബാങ്കിലേക്ക് പോർട്ട് ചെയ്യാമെന്നും ഇവിടെ പരിചയപ്പെടാം.
പേടിഎം ഫാസ്ടാഗ് ഡീആക്ടിവേറ്റ് ചെയ്യുന്ന വിധം: യൂസർ ഐഡി, വാലറ്റ് ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് FASTag Paytm പോർട്ടലിൽ ലോഗിൻ ചെയ്യുക. കൺഫർമേഷനായി ഫാസ്ടാഗ് നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പോലുള്ള വിവരങ്ങൾ നൽകുക. പേജ് താഴേക്ക് സ്ക്രോൾ ചെയ്ത് ' Help & Support' ഓപ്ഷൻ തെരഞ്ഞെടുക്കുക.

ലഭ്യമായ ഓപ്‌ഷനുകളിൽ നിന്ന് ''Need Help With Non-Order Related Queries' എന്നത് തിരഞ്ഞെടുക്കുക. ശേഷം 'ഫാസ്‌ടാഗ് പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ' എന്ന് ലേബൽ ചെയ്‌തിരിക്കുന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. 'I Want to Close My FASTag' എന്ന ഓപ്ഷൻ' തിരഞ്ഞെടുത്ത്, ഡീആക്ടിവേഷൻ പൂർത്തിയാക്കാൻ തുടർന്നുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
പേടിഎം ഫാസ്ടാഗ് പോർട്ട് ചെയ്യുന്നത് എങ്ങനെ: ഫാസ്ടാഗ് അക്കൗണ്ട് നേരിട്ട് പോർട്ട് ചെയ്യാൻ നിലവിൽ സാധ്യമല്ല. പോർട്ടിംഗ് പ്രക്രിയ ആരംഭിക്കുന്നതിന് എച്ച്ഡിഎഫ്‌സി അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് പോലുള്ള ഫാസ്‌ടാഗ് ഇഷ്യു ചെയ്യുന്ന ഇതര ബാങ്കുകളെ ബന്ധപ്പെടുക. പോർട്ട് ചെയ്യാനുള്ള തീരുമാനം പുതി ഇഷ്യൂവറെ അറിയിക്കുകയും വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ ആവശ്യമായ ഡീറ്റെയിൽസ് നൽകുകയും ചെയ്യുക.
ഫാസ്‌ടാഗ് അക്കൗണ്ടിൻ്റെ തടസ്സമില്ലാത്ത കൈമാറ്റം സുഗമമാക്കുന്നതിന് പുതിയ ഇഷ്യൂവർ നൽകുന്ന അധിക നിർദ്ദേശങ്ങൾ പാലിക്കുക. ഈ ഘട്ടം ഘട്ടമായുള്ള നടപടികൾ പാലിക്കുന്നതിലൂടെ, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫാസ്‌ടാഗ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യാനോ ആർബിഐ നിർദേശങ്ങൾ പാലിച്ച് ബദൽ ഫാസ്ടാഗ് സേവനദാതാക്കളിലേക്ക് പോർട്ട് ചെയ്യാനോ സാധിക്കും.

അതേസമയം, ഏറെ ശ്രദ്ധേയമായ മറ്റൊരു നീക്കം ഇപ്പോൾ പേടിഎം പേയ്മെന്റ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. തടസങ്ങളില്ലാതെ ഇടപാടുകൾ തുടരാനായി പേടിഎം തങ്ങളുടെ നോഡൽ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി. നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി എന്നാണ് വിവരം.
32 അംഗീകൃത ബാങ്കുകളിൽനിന്ന് ഫാസ്ടാഗ് വാങ്ങാം. അവ: എയർടെൽ പേയ്‌മെൻ്റ് ബാങ്ക്, അലഹബാദ് ബാങ്ക്, ബിഒബി, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ഐഡിബിഐ, പിഎൻബി, എസ്ബിഐ, യെസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, തൃശൂർ ജില്ലാ സഹകരണ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സരസ്വത് ബാങ്ക്, നാഗ്പൂർ നാഗ്രിക് സഹകാരി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്.
കരൂർ വ്യാസ ബാങ്ക്, ജെ ആൻഡ് കെ ബാങ്ക്, ഇൻഡസ്ഇൻഡ്, ഇന്ത്യൻ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഫിനോ ബാങ്ക്, ഇക്വിറ്റബിൾ സ്മോൾ ഫിനാൻസ് ബാങ്ക്, കോസ്മോസ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്(എൽ), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, എയു സ്മോൾ ഫിനാൻസ് ബാങ്ക്, ആക്സിസ് ബാങ്ക്.


Click it and Unblock the Notifications








