5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ് വേഗത വളരെ പ്രധാനമാണ്. ഇഴയുന്ന ഡാറ്റ സ്പീഡും വച്ച് ഫോൺ ഉപയോഗിക്കാൻ ആരും താൽപ്പര്യപ്പെടുകയില്ല. 5ജിയുടെ വരവോടെ ഡാറ്റ വേഗതയുടെ കാര്യത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്. കാരണം, അതിവേഗ ഡൗൺലോഡിങ്ങും കുറഞ്ഞ കാലതാമസവും 5G മൊബൈൽ നെറ്റ്‌വർക്കുകൾ വാഗ്ദാനം ചെയ്യുന്നു.
വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യുക, ഓൺലൈൻ മൾട്ടിപ്ലെയർ ഗെയിമുകൾ കളിക്കുക, സിനിമകളും മറ്റും കുറഞ്ഞ സമയത്തിനുള്ളിൽ ഡൗൺലോഡ് ചെയ്യുക, വീഡിയോകൾ തത്സമയം തടസങ്ങളില്ലാതെ കാണുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പിന്തുണ നൽകാൻ 5ജിക്ക് സാധിക്കുന്നു. ഇന്ത്യയിൽ എയർടെലും ജിയോയുമാണ് പ്രധാനമായും 5ജി സേവനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്.

ജിയോയും എയർടെലും നിലവിൽ അൺലിമിറ്റഡ് 5ജി സൗജന്യമായാണ് വരിക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഇത് ആളുകളെ 5ജി സേവനങ്ങളിലേക്ക് ആകർഷിക്കുന്നു. നിരവധി പേർ ഇതിനകം 4ജി ഫോണുകളിൽ നിന്ന് 5ജിയിലേക്ക് മാറിക്കഴിഞ്ഞു. എന്നാൽ ഉപയോക്താക്കൾ ആദ്യമായി 5G നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുമ്പോൾ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ ഇതാ.
5ജി നെറ്റ്വർക്ക് പരിശോധിക്കുക: നമ്മുടെ കൈയിലുള്ളത് 5G സ്‌മാർട്ട്‌ഫോൺ ആണെങ്കിലും അതിന് എല്ലാ 5G നെറ്റ്‌വർക്കുകളും കൈകാര്യം ചെയ്യാൻ കഴിയണമെന്നില്ല. ഇന്ത്യയിൽ ജിയോയുടേത് 5G SA (സ്റ്റാൻഡലോൺ) ടെക്നോളജിയാണ്. അതേസമയം എയർടെൽ 5G NSA (നോൺ- സ്റ്റാൻഡലോൺ) നെറ്റ്‌വർക്ക് ടെക്നോളജി അടിസ്ഥാനമാക്കിയുള്ളതാണ്.

5G ശേഷിയുള്ള എല്ലാ സ്മാർട്ട്‌ഫോണുകളും 5G NSAയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, Xiaomiയുടെ Mi-10i പോലുള്ള ചില പഴയ എഡിഷനിൽപ്പെട്ട ഫോണുകൾ 5G SA നെറ്റ്‌വർക്കിനെ പിന്തുണയ്ക്കുന്നില്ല. അതിനാൽ, എയർടെൽ സിം ഉപയോഗിച്ച് ഈ ഫോണിലെ 5G നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ കഴിയും, എന്നാൽ ജിയോ 5G ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ ഫോണിന്റെ 5ജി നെറ്റ്വർക്ക് പിന്തുണ പരിശോധിക്കുക.
സിം സ്ലോട്ട് 5G സപ്പോർട് ഉള്ളതാണോയെന്ന് പരിശോധിക്കുക: ഡ്യുവൽ സിം സ്മാർട്ഫോണുകളിൽ 2 സിം സ്ലോട്ടിലും 5G കണക്റ്റിവിറ്റി ലഭിക്കണമെന്ന് നിർബന്ധമില്ല. ചില ഫോണുകളിൽ പ്രൈമറി സിം സ്ലോട്ടിൽ മാത്രമേ 5G നെറ്റ്‌വർക്ക് സപ്പോർട്ടുണ്ടാകൂ. നിങ്ങൾക്ക് 5G നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, 5G സപ്പോർട് ഉള്ള സ്ലോട്ടിലാണോ സിം എന്ന് പരിശോധിക്കുക.
ഫോണിൽ 5G സേവനം ആക്റ്റീവ് ആണെന്ന് ഉറപ്പ് വരുത്തുക: നിലവിൽ, ഇന്ത്യയിൽ 5G നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ പ്രത്യേക ഡാറ്റ പ്ലാനുകളൊന്നുമില്ലെങ്കിലും, 5G നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് 5G സപ്പോർട്ട് സ്മാർട്ട്‌ഫോൺ ഉണ്ടായിരിക്കുകയും നിശ്ചിത തുകയ്ക്ക് മുകളിലുള്ള റീച്ചാർജ് ചെയ്തിരിക്കുകയും വേണം.

ഉപയോക്താക്കൾക്ക് തങ്ങളുടെ സിം കാർഡിലെ 5G സ്റ്റാറ്റസ് പരിശോധിക്കാൻ നെറ്റ്‌വർക്ക് പ്രൊവൈഡർ നൽകുന്ന സൗകര്യങ്ങൾ ഉപയോഗിക്കാം. എയർടെൽ ഉപയോക്താക്കൾക്ക് എയർടെൽ താങ്ക്സ് ആപ്പും ജിയോ ഉപയോക്താക്കൾക്ക് MyJio ആപ്പും ഇതിനായി ഉപയോഗപ്പെടുത്താം. പ്ലേ സ്റ്റോറിൽ നിന്ന് ഈ ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.
സിം കാർഡ് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കുക: ഉപയോക്താവ് ഒരു 3ജി നെറ്റ്വർക്ക് ആണ് ഉപയോഗിച്ചു വന്നിരുന്നത് എങ്കിൽ 5G നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾ ഒരു പുതിയ സിം കാർഡിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അതേസമയം 4ജി സിം ഉപയോഗിക്കുന്നവർ 5ജി ലഭിക്കാൻ പുതിയ സിമ്മിലേക്ക് മാറേണ്ടതില്ല.
സെറ്റിങ്സിൽ നിന്ന് 5ജി നെറ്റ്വർക്ക് തെരഞ്ഞെടുക്കുക: ഫോണിൽ 5ജി കിട്ടുന്നില്ല എങ്കിൽ സെറ്റിങ്സിൽ പോയി നെറ്റ്വർക്ക് ടൈപ്പ് 4G/5G ആയി തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് ഉറപ്പാക്കുക. തുടർന്ന് നെറ്റ്‌വർക്ക് ശക്തിയെ ആശ്രയിച്ച് ഫോൺ സ്വയമേവ 4G, 5G നെറ്റ്‌വർക്കുകൾക്കിടയിൽ മാറും. എപ്പോഴും 5G കണക്റ്റിവിറ്റി ഉറപ്പാക്കാൻ, നെറ്റ്‌വർക്ക് ടൈപ്പ് 5G മാത്രമായും തെരഞ്ഞെടുക്കാം.


Click it and Unblock the Notifications