ഇ-മെയിൽ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടോ? തടസം നീക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
എല്ലാ സേവനങ്ങളും ഓൺലൈനിലേക്ക് മാറുന്ന ഇക്കാലത്ത് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട വിലാസമാണ് ഇ-മെയിൽ ഐഡികൾ. സർക്കാർ രേഖകളിൽ നമ്മുടെ വീട്ട് വിലാസത്തിന് എത്ര പ്രാധാന്യമുണ്ടോ അതേ പ്രാധാന്യം ഇപ്പോൾ ഇ-മെയിൽ വിലാസങ്ങൾക്കും വന്നുകൊണ്ടിരിക്കുന്നു. പ്രധാനപ്പെട്ട അറിയിപ്പുകൾ ഉൾപ്പെടെ ഒട്ടേറെ വിവരങ്ങൾ ഇ-മെയിലിലൂടെയാണ് നമ്മെ തേടി എത്തുന്നത്.
വളരെ അനായാസം വിവരങ്ങൾ അറിയിക്കാൻ സാധിക്കുന്ന ഒരു സുരക്ഷിത ആശയവിനിമയ ഉപാധിയാണ് ഇമെയിൽ സംവിധാനം. കൂടുതൽ ആളുകളും മെയിൽ അയയ്ക്കാനായി ഉപയോഗിക്കുന്നത് ഗൂഗിളിന്റെ ജിമെയിൽ ആണ്. ഒരുപാട് പുതിയ ഫീച്ചറുകളുമായി ജിമെയിൽ നവീകരിക്കാനും ഉപയോഗം കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റാനും ഗൂഗിൾ ശ്രമിച്ച് വരികയാണ്.

എന്നാൽ മറുഭാഗത്ത് പലവിധ കാരണങ്ങളാൽ ആളുകൾക്ക് ജിമെയിലിൽ സന്ദേശങ്ങൾ എത്താത്ത സാഹചര്യവുമുണ്ട്. ഗൂഗിൾ മാത്രമല്ല, ഉപയോക്താവും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മെയിലുകൾ കിട്ടാതിരിക്കുന്ന സാഹചര്യം ഒഴിവാക്കാം. പലർക്കും പ്രതിദിനം 4-5 സ്പാം ഇമെയിലുകൾ ലഭിക്കുന്നു. ഇത്തരം സ്പാം മെസേജുകളാലും മറ്റ് അനാവശ്യ മെസേജുകളാലും ഇൻബോക്സ് നിറയുന്നതു മൂലമാണ് പലപ്പോഴും പ്രധാന മെയിലുകൾ ലഭ്യമാകാത്തത്.
ഇത്തരം പ്രശ്നങ്ങൾ ഉപയോക്താവിന് തന്നെ പരിഹരിക്കാൻ സാധിക്കും. അതിനായി ഏതാനും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും. അനാവശ്യ മെസേജുകൾ അയയ്ക്കുന്നവരെ തടയാനോ അൺസബ്‌സ്‌ക്രൈബ് ചെയ്യാനോ സ്‌പാം ബൾക്ക് ഇല്ലാതാക്കാൻ ഫിൽട്ടറുകൾ ഉപയോഗിക്കാനോ സാധിക്കും. അതുവഴി പ്രധാന ഇമെയിലുകൾ നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനും സാധിക്കും.

ജിമെയിലിൽ സ്പാം മെസേജുകൾ തടയാനുള്ള വഴി: ആദ്യം ജിമെയിൽ അക്കൗണ്ട് തുറക്കുക. തുടർന്ന് തടയാൻ ആഗ്രഹിക്കുന്ന സ്പാം ഇമെയിലിൽ ക്ലിക്ക് ചെയ്യുക. ശേഷം ഇമെയിലിന്റെ മുകളിൽ വലത് കോണിലുള്ള More അല്ലെങ്കിൽ i ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ബ്ലോക്കിൽ ക്ലിക്ക് ചെയ്യുക.
അയച്ചയാളെ ബ്ലോക്ക് ചെയ്‌തുകഴിഞ്ഞാൽ, അവരിൽ നിന്നുള്ള എല്ലാ ഭാവി ഇമെയിലുകളും നിങ്ങളുടെ സ്‌പാം ഫോൾഡറിലേക്ക് ഓട്ടോമാറ്റിക് ആയി നീക്കപ്പെടും. ആവശ്യമെങ്കിൽ, പിന്നീട് എപ്പോൾ വേണമെങ്കിലും നമുക്കുതന്നെ ഈ വിലാസത്തിൽനിന്നുള്ള മെയിലുകൾ അൺബ്ലോക്ക് ചെയ്യുകയും ചെയ്യാം. ഇതുകൂടാതെ പ്രധാന ഇമെയിലുകൾ ലഭിക്കുന്നത് തടസപ്പെടാതിരിക്കാൻ മറ്റു ചില കാര്യങ്ങൾക്കൂടി ചെയ്യാൻ സാധിക്കും. അവ പരിചയപ്പെടാം.
ജിമെയിലിലെ മാസ് ഇമെയിലുകൾ അൺസബ്സ്ക്രൈബ് ചെയ്യുക: ജിമെയിൽ തുറക്കുക. തുടർന്ന് അൺസബ്‌സ്‌ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്ന ഐഡിയിൽ നിന്നുള്ള ഇമെയിലിൽ ക്ലിക്കുചെയ്യുക. അൺസബ്‌സ്‌ക്രൈബ് ചെയ്യുക അല്ലെങ്കിൽ മുൻഗണനകൾ മാറ്റുക ( Change preferences ) എന്ന ലിങ്ക് കണ്ടുപിടിക്കുക. ഇത് സാധാരണയായി ഇമെയിലിന്റെ അടിയിൽ ആണ് കാണപ്പെടുന്നത്.
അൺസബ്‌സ്‌ക്രൈബ് അല്ലെങ്കിൽ മുൻഗണനകൾ മാറ്റുന്ന ലിങ്ക് കാണുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇനിപ്പറയുന്നവ പരീക്ഷിക്കാം: ഇമെയിൽ സ്പാം ആയി റിപ്പോർട്ട് ചെയ്യുക. ഇമെയിൽ സ്‌പാമായി തിരിച്ചറിയാനും ഭാവിയിൽ നമ്മുടെ ഇൻബോക്‌സിൽ ഡെലിവർ ചെയ്യുന്നത് തടയാനും ഇത് ജിമെയിലിനെ സഹായിക്കും. അനാവശ്യ മെയിൽ അയച്ചയാളെ ബ്ലോക്ക് ചെയ്യുക. അതുവഴി, അയാളിൽനിന്നുള്ള എല്ലാ മെയിലുകളും ഇൻബോക്സിലേക്ക് എത്തുന്നത് തടയാം.
സ്പാം ഇമെയിലുകൾ കണ്ടെത്തുന്നതിന് ഫിൽട്ടറുകൾ സൃഷ്ടിക്കുക: ഇൻകമിങ് ഇമെയിലുകൾ ഓട്ടോമാറ്റിക് ആയി തരംതിരിക്കാനും അവയിൽ ലേബലുകൾ പ്രയോഗിക്കാനും ഫിൽട്ടറുകൾ സജ്ജീകരിക്കാം. പ്രസക്തമായ സന്ദേശങ്ങൾ വേഗത്തിൽ കണ്ടെത്താൻ ഇത് സഹായിക്കും. അതിനായി ജിമെയിൽ തുറന്ന ശേഷം സെർച്ച് ബാറിൽ അൺസബ്സ്ക്രൈബ് എന്ന് സെർച്ച് ചെയ്യുക.
അൺസബ്‌സ്‌ക്രൈബ് എന്ന വാക്ക് അടങ്ങിയ എല്ലാ ഇമെയിലുകളുടെയും ഒരു ലിസ്റ്റ് ജിമെയിൽ പ്രദർശിപ്പിക്കും. അവിടെനിന്ന് നിങ്ങൾ ഫിൽട്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ഇമെയിലുകളും തിരഞ്ഞെടുക്കുക. ശേഷം സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്യുക. സമാന സന്ദേശങ്ങൾ ഫിൽട്ടർ ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക.

ഡിലീറ്റ്, മാർക്ക് അസ് സ്പാം, മാർക്ക് അസ് റീഡ്, തുടങ്ങിയ ഓപ്ഷനുകൾ ഉപയോഗിച്ച് ഈ ഫിൽട്ടർ ചെയ്യാൻ സാധിക്കും. ഫിൽട്ടർ ക്രിയേറ്റ് ചെയ്തുകഴിഞ്ഞാൽ പിന്നീട് ആ ഐഡിയിൽനിന്ന് വരുന്ന മെസേജുകൾ ഫിൽട്ടർ സെറ്റ് ചെയ്തിരിക്കുന്ന വിധത്തിൽ ജിമെയിൽ ഓട്ടോമാറ്റിക് ആയി കൈകാര്യം ചെയ്യും.
ജിമെയിലിലെ ഇമെയിലുകൾ ഒന്നിച്ച് ഇല്ലാതാക്കുക: അനാവശ്യമായി എത്തി കെട്ടിക്കിടക്കുന്ന മെയിലുകൾ ഡിലീറ്റ് ചെയ്താൽ, സ്ഥലപരിമിതി മൂലം പ്രധാന മെസേജുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സഹായിക്കും. ഇൻബോക്സ് വൃത്തിയാക്കുന്നതിനായി ഇൻബോക്സ് ടാബിൽ ക്ലിക്ക് ചെയ്ത് സെലക്ട് ഓൾ എന്ന ഓപ്ഷൻ നൽകുക. തുടർന്ന് പ്രധാനപ്പെട്ട എന്തെങ്കിലും മെയിലുകൾ ഉണ്ടെങ്കിൽ അവ തെരഞ്ഞെടുത്ത് ഒഴിവാക്കിയശേഷം മറ്റുള്ളവ ഡിലീറ്റ് ചെയ്യുക.
പ്രധാനപ്പെട്ട ഇമെയിലുകൾ ഡിലീറ്റ് ചെയ്യാതെ ആർക്കൈവ് ചെയ്യുന്നത് പരിഗണിക്കുക. ആർക്കൈവ് ചെയ്യുന്നത് നിങ്ങളുടെ ഇൻബോക്‌സിൽ നിന്ന് നീക്കംചെയ്യും, പക്ഷേ "ഓൾ മെയിൽ" വിഭാഗത്തിൽ അവ ആക്‌സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ നിലനിർത്തുന്നു. ആവശ്യമുള്ളപ്പോൾ ആർക്കൈവ് ചെയ്ത ഇമെയിലുകൾ കണ്ടെത്താൻ സെർച്ച് ഫീച്ചർ ഉപയോഗിക്കുക.
സ്പാം, ട്രാഷ് ഫോൾഡറുകൾ ഇടയ്ക്കിടെ പരിശോധിച്ച് വൃത്തിയാക്കുക. ട്രാഷ്, സ്‌പാം ഫോൾഡറുകളിലെ ഇമെയിലുകൾ 30 ദിവസത്തിന് ശേഷം സ്വയമേവ ഇല്ലാതാക്കാൻ ജിമെയിലിനു ഒരു ഓപ്‌ഷൻ ഉണ്ട്. ജിമെയിൽ സ്റ്റോറേജ് മാനേജ്മെന്റ് ടൂളുകൾ ഉപയോഗിക്കുന്നതിലൂടെയും സ്ഥലപരിമിതിയുടെ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. അതുവഴി പ്രധാനമെസേജുകൾ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കുകയും ചെയ്യാം.


Click it and Unblock the Notifications








