ക്രിപ്റ്റോ വാലറ്റ് തട്ടിപ്പുകാരിൽ നിന്ന് രക്ഷ നേടാനുള്ള മാർഗങ്ങൾ
ക്രിപ്റ്റോകറൻസികളാണ് ഇന്ന് സാമ്പത്തിക ലോകത്തെ ചൂട് പിടിച്ച ചർച്ചാ വിഷയം. നിരവധി രാജ്യങ്ങൾ ഇപ്പോൾ തന്നെ ക്രിപ്റ്റോകറൻസികൾക്ക് നിയമപരമായി "വിവിധ തരം" അംഗീകാരങ്ങൾ നൽകിക്കഴിഞ്ഞിരിക്കുന്നു. എൽസാവ്ഡോറിൽ ലോകത്താദ്യമായി സാമ്പത്തിക ഇടപാടുകൾക്ക് ബിറ്റ്കോയിൻ ഉപയോഗിക്കാൻ സർക്കാർ അനുമതിയും ലഭിച്ചിരിക്കുന്നു. ക്രിപ്റ്റോകറൻസികളുടെ ജനപ്രീതിയും മൂല്യവും ദിനംപ്രതിയെന്നോണമാണ് വർധിക്കുന്നത്. ക്രിപ്റ്റോ കറൻസികളുടെ സ്വീകാര്യതയും സാധ്യതകളും കൂടുന്നത് അനുസരിച്ച് തട്ടിപ്പുകളും വർധിക്കുകയാണ്. 2021-ലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് ക്രിപ്‌റ്റോ സ്‌കാമുകൾ. ക്രിപ്‌റ്റോകറൻസികളുടെ മൂല്യം കൂടി വരുന്നത് അതിനെ സ്‌കാംസ്റ്റർമാരുടെ ചൂടേറിയ ലക്ഷ്യമാക്കി മാറ്റിയിരിക്കുകയാണെന്ന് തന്നെ പറയാം. ദിനം പ്രതിയെന്നോണമാണ് തട്ടിപ്പ് സംഭവങ്ങൾ കൂടിക്കൊണ്ടിരിക്കുന്നത്.

വ്യാജ ക്രിപ്റ്റോ വാലറ്റുകളും ആഡുകളും തുടങ്ങി നിരവധി മാർഗങ്ങളാണ് സ്കാമർമാർ തട്ടിപ്പിന് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ സൈബർ സുരക്ഷാ നോഡൽ ഏജൻസിയായ സെർട്ട്-ഇൻ മുതൽ യുഎസിന്റെ എഫ്ബിഐ വരെ, ലോകമെമ്പാടുമുള്ള സുരക്ഷാ ഏജൻസികൾ ക്രിപ്‌റ്റോ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രെൻഡ് മൈക്രോ, ചെക്ക് പോയിന്റ് തുടങ്ങിയ കമ്പ്യൂട്ടർ സുരക്ഷാ കമ്പനികളും ക്രിപ്‌റ്റോ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല ഈ തട്ടിപ്പുകളിൽ പെടാതിരിക്കാനുള്ള ടിപ്പുകളും ഈ സ്ഥാപനങ്ങൾ പങ്ക് വച്ചിട്ടുണ്ട്. ക്രിപ്‌റ്റോ നിക്ഷേപം നടത്തുമ്പോഴോ ക്രിപ്‌റ്റോ ട്രേഡിങ് നടത്തുമ്പോഴോ നിങ്ങൾ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഈ ടിപ്പുകൾ മനസിലാക്കേണ്ടതുണ്ട്. അവയെക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

വാലറ്റ് അഡ്രസ് പരിശോധിക്കുക
നിങ്ങൾ ഒരു ക്രിപ്റ്റോ വാലറ്റ് അഡ്രസ് കോപ്പി - പേസ്റ്റ് ചെയ്യുമ്പോൾ വളരെ ജാഗ്രത പുലർത്തുക. പേസ്റ്റ് ചെയ്യുന്ന സമയത്ത്, യഥാർഥ അഡ്രസുകളും പേസ്റ്റ് ചെയ്ത അഡ്രസും മാച്ച് ആകുന്നുണ്ടോ എന്ന് എപ്പോഴും പരിശോധിക്കുക. ഇങ്ങനെ മാച്ച് ആകുന്നില്ലെങ്കിൽ ബാക്കി പ്രോസസുകൾ തൽക്കാലം നിർത്തി വയ്ക്കുക.
ട്രാൻസാക്ഷനുകൾ പരിശോധിക്കുക
ക്രിപ്റ്റോ വാലറ്റുകൾക്കായി പണം ചിലവഴിക്കുന്നതിന് മുമ്പ് നിങ്ങൾ പണം അയയ്ക്കുന്ന വെരിഫൈഡ് ആയിട്ടുള്ള വാലറ്റുകളിലേക്കാണെന്ന് ഉറപ്പിക്കണം. ഇതിനായി വലിയ തുക ചെലവഴിക്കുന്നതിന് മുമ്പ്, ആദ്യം ചെറിയ തുക ഉപയോഗിച്ച് ഒരു'ടെസ്റ്റ്' ഇടപാട് നടത്തുക. പണം നഷ്ടമായിട്ടില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മറ്റ് ട്രാൻസാക്ഷനുകളിലേക്ക് കടക്കുക.

പരസ്യങ്ങൾ ഒഴിവാക്കുക
ക്രിപ്‌റ്റോ സ്‌പെയ്‌സിൽ നിങ്ങൾ വാലറ്റുകൾക്കായോ ക്രിപ്‌റ്റോ ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾക്കായോ സെർച്ച് ചെയ്യുകയാണെന്ന് വയ്ക്കുക. സെർച്ച് റിസൽട്ട്സിനൊപ്പം വരുന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. സെർച്ച് റിസൽട്ട്സിൽ ആദ്യം വരുന്ന വെബ്സൈറ്റുകളിൽ പ്രവേശിക്കുക. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്താൽ തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യതയുണ്ട്. ക്രിപ്റ്റോ വാലറ്റുകളിൽ നിന്ന് കോയിനുകൾ മോഷ്ടിക്കാൻ സ്കാമർമാർ ഗൂഗിൾ പരസ്യങ്ങൾ ഉപയോഗിക്കുന്നതായി സുരക്ഷ ഏജൻസികൾ കണ്ടെത്തിയിരുന്നു.
യുആർഎല്ലുകൾ പരിശോധിക്കുക
നാം ക്രിപ്റ്റോ വാലറ്റുകളിലോ ട്രേഡിങ് പ്ലാറ്റ്ഫോമുകളിലോ കയറുന്നതിന് മുമ്പ് യുആർഎല്ലുകൾ സൂഷ്മമായി പരിശോധിക്കുക. യുആർഎല്ലുകളിൽ അക്ഷരത്തെറ്റുകളോ തെറ്റായ വാക്കുകളോ ഇല്ലെന്ന് ഉറപ്പാക്കുക. യഥാർഥ യുആർഎല്ലുകളോട് സാമ്യം തോന്നുന്ന വ്യാജ യുആർഎല്ലുകൾ തട്ടിപ്പുകാർ ഉപയോഗിക്കാറുണ്ട്.

ട്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ആപ്പിനെക്കുറിച്ചുള്ള റിവ്യൂസ് ശ്രദ്ധാപൂർവം വായിക്കുക
ആപ്പുകൾക്ക് ഗൂഗിൾ പ്ലേയിലും മറ്റും ലഭിക്കുന്ന സ്റ്റാർ റേറ്റിങ്സ് കണ്ടിട്ടില്ലേ. ഇത്തരം റേറ്റിങ്ങുകളും റിവ്യൂസും ആപ്പുകളെക്കുറിച്ച് മനസിലാക്കാൻ സഹായിക്കും. 5 സ്റ്റാർ റേറ്റിങ്സ് കൂടുതൽ ലഭിച്ചെന്ന് കരുതി ഒരു ആപ്ലിക്കേഷനെയും പൂർണമായി വിശ്വസിക്കരുത്. ഒരിക്കൽ പൊതുവായി റിലീസ് ചെയ്‌താൽ വ്യാജ ആപ്പുകൾക്ക് നിരവധി ഫൈവ് സ്റ്റാർ റിവ്യൂകൾ ലഭിക്കും, എന്നാൽ അവ തെറ്റായതും പണം നൽകിയുള്ളതുമായ അവലോകനങ്ങളായിരിക്കാനാണ് സാധ്യത. ഇവയിൽ വഞ്ചിതരാകരുതെന്ന് മാത്രമല്ല, ആപ്പിനെക്കുറിച്ച് വൺ സ്റ്റാർ റിവ്യൂസിൽ പറയുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.

തെറ്റായ ക്രിപ്‌റ്റോകറൻസി വാലറ്റ് അഡ്രസ് നൽകി തട്ടിപ്പുകാരെ പറ്റിക്കാം
സുരക്ഷാ സ്ഥാപനമായ ട്രെൻഡ് മൈക്രോ, വാലറ്റുകൾ സുരക്ഷിതമാക്കാൻ ഒരു നിർദേശം പുറത്ത് വിട്ടിരുന്നു. വ്യാജ പ്ലാറ്റ്ഫോമുകൾ ഭൂരിഭാഗവും വാലറ്റ് അഡ്രസുകൾ ശൂന്യമല്ലാത്ത മൂല്യങ്ങളായി മാത്രമാണ് പ്രോസസ്സ് ചെയ്യുന്നതെന്നാണ് ട്രെൻഡ് മൈക്രോ പറയുന്നത്. ഒരു പ്ലാറ്റ്ഫോം സുരക്ഷിതമാണോ അല്ലയോ എന്നുറപ്പിക്കാൻ വ്യാജന്മാരുടെ ഈ ന്യൂനത തന്നെ ഉപയോഗിക്കാം എന്നാണ് ട്രെൻഡ് മൈക്രോ പറയുന്നത്. സംശയകരമായ ആപ്പിൽ തെറ്റായ വാലറ്റ് അഡ്രസ് എന്റർ ചെയ്യണം. ആപ്പ് അത് സ്വീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്താൽ, ആപ്പിന് പിന്നിൽ തട്ടിപ്പുകാരുടെ സാന്നിധ്യം സംശയിക്കാവുന്നതാണ്.

മൈനിങ് പ്രോസസ് ഓണായിരിക്കുമ്പോൾ ആപ്പ് അല്ലെങ്കിൽ ഫോൺ റീസ്റ്റാർട്ട് ചെയ്യുക
വ്യാജ ആപ്പുകളുടെ മൈനിങ് പ്രോസസുകൾ മിക്കവാറും പ്രാദേശിക കൗണ്ടറുകളെ അനുകരിച്ചാവും നടക്കുന്നത്. ഇതിനർത്ഥം, മൈനിങ് ആരംഭിച്ചതിന് ശേഷം ഒരു ഡിവൈസ് റീസ്റ്റാർട്ട് ചെയ്യുകയും മൈനിങ് ആപ്ലിക്കേഷൻ ബാക്ഗ്രൌണ്ടിൽ കിൽ ആകുകയും ചെയ്താൽ, സിസ്റ്റം നിർബന്ധിതമായി കൌണ്ടർ ക്ലിയർ ചെയ്യുകയും പൂജ്യത്തിലേക്ക് പുനക്രമീകരിക്കുകയും ചെയ്യും.

വിഡ്രോവൽ ഫീസ്
ക്രിപ്‌റ്റോകറൻസിയുടെ കൈമാറ്റത്തിന് ഹാൻഡ്‌ലിങ് ഫീസ് ആവശ്യമാണ്. ഇത് സാധാരണയായി ക്ലൗഡ് മൈനിങ്ങിൽ നിന്ന് നിർമ്മിക്കുന്നതിനെ അപേക്ഷിച്ച് താരതമ്യേന ഉയർന്നതും ആണ്. അതിനാൽ, സൗജന്യ പിൻവലിക്കലുകൾ തികച്ചും സംശയാസ്പദമാണ്. ഇത് പലപ്പോഴും തട്ടിപ്പുകാരുടെ നീക്കങ്ങളായിരിക്കാനും സാധ്യതയുണ്ട്.
നിങ്ങളുടെ ഡിവൈസ് ഒഎസ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക
നിങ്ങളുടെ പിസി / ലാപ്‌ടോപ്പിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നത് പ്രധാനമാണ്. ക്രിപ്‌റ്റോ ട്രേഡിങിനായി നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളിൽ നിന്ന് സോഫ്‌റ്റ്‌വെയർ ഡൗൺലോഡ് ചെയ്യരുത്.


Click it and Unblock the Notifications








