15 അക്കത്തിൽ ഒളിഞ്ഞിരിക്കുന്ന രക്ഷകൻ! ഐഎംഇഐ നമ്പറിന്റെ പ്രാധാന്യവും കണ്ടെത്താനുള്ള എളുപ്പവഴികളും
നമ്മുടെ മൊബൈൽ ഫോണുകളുടെ 'ആധാർ കാർഡാണ്' ഐഎംഇഐ നമ്പറുകൾ എന്ന് അൽപ്പം അതിശയോക്തിപരമായി പറയാം. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട പല ആധികാരിക വിവരങ്ങളും നൽകാൻ ഐഎംഇഐ നമ്പർ സഹായിക്കുന്നു. അതുമാത്രമല്ല, മൊബൈൽ ഫോണിന്റെ ആജീവനാന്ത പ്രവർത്തനകാലയളവിലും ഐഎംഇഐ നമ്പറിന് നിർണായക പ്രാധാന്യവും സ്ഥാനവുമുണ്ട്.
ലക്ഷോപലക്ഷം ഫോണുകൾക്കിടയിൽ നമ്മുടെ ഫോൺ തിരിച്ചറിയാനുള്ള ഒരു അടയാളമാണ് ഐഎംഇഐ നമ്പർ എന്ന് ലളിതമായി പറയാം. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡെന്റിറ്റി എന്നതാണ് ഐഎംഇഐ എന്നതിന്റെ പൂർണ്ണരൂപം. എല്ലാ ജിഎസ്എം ഫോണുകളിലും 15 അക്ക ഐഎംഇഐ നമ്പർ ഉണ്ടാകും. അതേസമയം സിഡിഎംഎ ഉപകരണങ്ങൾക്ക് എംഇഐഡി നമ്പറാണുണ്ടാകുക.

നാം ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴോ ഒരു കോൾ ചെയ്യുമ്പോഴോ ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് നമ്മുടെ ഉപകരണത്തിന്റെ ഐഡന്റിറ്റി പരിശോധിക്കുന്നത്. ഓരോ മൊബൈൽഫോണിലും ഐഎംഇഐ നമ്പർ വ്യത്യസ്തമാണ്. മൊബൈൽ ഉപകരണം എവിടെയാണ് നിർമ്മിച്ചതെന്നും ഉപകരണത്തിന്റെ മോഡൽ നമ്പർ എന്താണെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ ഐഎംഇഐ നമ്പർ വ്യക്തമാക്കുന്നു.
നമ്മുടെ ഫോണുകൾ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്താൽ അവ ദുരുപയോഗം ചെയ്യുന്നത് തടയാനും ഫോൺ വീണ്ടെടുക്കാനും ഏറ്റവുമധികം സഹായകമാകുക ഐഎംഇഐ നമ്പറാണ്. ഫോൺ മോഷണം പോയാൽ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്ററെ ബന്ധപ്പെട്ട് ഐഎംഇഐ നമ്പർ ഉപയോഗിച്ച് ഫോൺ ബ്ലോക്ക് ചെയ്യാൻ സാധിക്കും. സിം മാറ്റിയിട്ടാലും ഫോൺ പിന്നീട് പ്രവർത്തിക്കില്ല.

മോഷ്ടിക്കപ്പെട്ട ഫോണുകളുടെ ഐഎംഇഐ വിവരങ്ങൾ പോലീസിൽ നൽകിയാൽ, സർവറുകളിലും ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്കിലും സിസ്റ്റത്തിലും (സിസിടിഎൻഎസ്) അത് അപ്‌ലോഡ് ചെയ്ത് നമ്മുടെ ഫോൺ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാൻ സാധിക്കും. ഫോൺ നഷ്ടപ്പെട്ടാൽ ട്രാക്ക് ചെയ്യാനുള്ള പിടിവള്ളിയും ഐഎംഇഐ നമ്പർ തന്നെ.
യൂസ്ഡ് മൊബൈൽ ഫോണുകൾ വാങ്ങുമ്പോഴും ഐഎംഇഐക്ക് ഏറെ പ്രാധാന്യമുണ്ട്. ഫോൺ മോഷ്ടിക്കപ്പെട്ടതാണോ എന്നത് അടക്കമുള്ള വിവരങ്ങൾ അറിയാൻ ഐഎംഇഐ നമ്പർ സഹായിക്കും. കുറ്റവാളികളെ കണ്ടെത്തുന്നതിന് ഉൾപ്പെടെ പോലീസിനെ സഹായിക്കുന്നതിലും ഐഎംഇഐ നമ്പർ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വിവിധ ഉപയോഗങ്ങൾ ഉള്ളതിനാൽ നമ്മുടെ ഫോണിന്റെ ഐഎംഇഐ നമ്പർ അറിഞ്ഞുവയ്ക്കേണ്ടത് അത്യാവശ്യമാണ്. ഐഎംഇഐ അറിയാനുള്ള വഴികൾ പരിചയപ്പെടാം.
യുഎസ്എസ്ഡി കോഡ്: നമ്മുടെ ഫോണിന്റെ ഐഎംഇഐ നമ്പർ കണ്ടെത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം യുഎസ്എസ്ഡി (USSD) കോഡ് ഉപയോഗിക്കുന്നതാണ്. ഐഎംഇഐ കണ്ടെത്താൻ സാർവത്രികമായി എല്ലാവരും ഈ രീതിയാണ് പിന്തുടരുന്നത്. ഫോണിൽ *#06# എന്ന് ഡയൽ ചെയ്താൽ സ്ക്രീനിൽ ഐഎംഇഐ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാകും. ഭാവി ഉപയോഗങ്ങൾക്കായി ഇത് സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

ഫോൺ ബോക്സിൽ ഐഎംഇഐ നമ്പർ: ഫോൺ മോഷ്ടിക്കപ്പെട്ടാൽ ഐഎംഇഐ നമ്പർ നൽകേണ്ടിവരും. ആ ഘട്ടത്തിൽ നമ്പർ അറിയില്ലെങ്കിൽ ഫോൺ വാങ്ങിയപ്പോൾ ലഭിച്ച ബോക്സ് തപ്പിയെടുക്കുക. ഫോൺ കവറിന്റെ പുറത്തെ സ്റ്റിക്കർ പരിശോധിച്ചാൽ അതിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ കൂട്ടത്തിൽ ഐഎംഇഐ നമ്പറും കാണാൻ സാധിക്കും.
ആൻഡ്രോയിഡ് ഫോണിൽ ഐഎംഇഐ നമ്പർ കണ്ടെത്താനുള്ള വഴി: ആദ്യം നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ സെറ്റിങ്സ് ഓപ്പൺ ചെയ്യുക. തുടർന്ന് താഴേക്ക് സ്ക്രോൾ ചെയ്താൽ എബൗട്ട് ഫോൺ എന്ന ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്താൽ ഏറ്റവും താഴെ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ഐഎംഇഐ നമ്പർ കണ്ടെത്താൻ സാധിക്കും.
ഐഒഎസ് ഫോണിൽ ഐഎംഇഐ നമ്പർ കണ്ടെത്തുന്നതിനുള്ള മാർഗം: ഐഫോണിന്റെ സെറ്റിങ്സിലും ഐഎംഇഐ നമ്പർ കണ്ടെത്താം. അതിനായി സെറ്റിങ്സിൽ ജനറൽ എന്നതിൽ എബൗട്ട് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്താൽ ഐഎംഇഐ നമ്പർ കാണാം. ഭാവി ആവശ്യങ്ങൾക്കായി ഇത് സ്ക്രീൻഷോട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.


Click it and Unblock the Notifications








