ബാങ്ക് ലോൺ കിട്ടുമോ? സ്വന്തം ഫോണിൽ അറിയാം! സിബിൽ സ്കോർ ചെക്കിങ് ഫീച്ചർ ഗൂഗിൾ പേയിൽ; നോക്കേണ്ട വിധം ഇതാ
ഇന്ത്യക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിലൊന്നാണ് ഗൂഗിൾ പേ. ഉപയോഗപ്രദമായ ഒരുപാട് ഫീച്ചറുകൾ ഇതിനകം തന്നെ ഗൂഗിൾ പേ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ പേ മാത്രമല്ല, എല്ലാ യുപിഐ പേയ്മെന്റ് ആപ്പുകളും നിരവധി ഫീച്ചറുകളുമായാണ് എത്തുന്നത്. എന്നാൽ ഗൂഗിൾ പേ അതിൽ ഒരുപടി മുന്നിലാണ്.
ചിലസമയത്ത് അല്ലറ ചില്ലറ ഉഴപ്പൊക്കെ പുറത്തെടുത്ത് ആളെ വട്ടംചുറ്റിച്ചുകളയുമെങ്കിലും നിരവധി പേർ ഇപ്പോഴും ഗൂഗിൾ പേ ഉപയോഗിക്കുന്നു. കാരണം അതിലെ മികച്ച ഫീച്ചറുകൾ തന്നെയാണ്. അടുത്തിടെ ഒരു കിടിലൻ ഫീച്ചർ കൂടി അവതരിപ്പിച്ച് ഗൂഗിൾ പേ കുറച്ചുകൂടി മിടുക്കനായിരിക്കുകയാണ്. ഏറെ ഉപകാരപ്പെടുന്ന ആ ഫീച്ചർ പരിചയപ്പെടാം.

ഉപയോക്താക്കൾക്ക് തങ്ങളുടെ സിബിൽ സ്കോർ എളുപ്പത്തിൽ പരിശോധിക്കാനുള്ള ഫീച്ചറാണ് ഗൂഗിൾ പേ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ലോൺ എടുക്കുന്നതിന് ഉൾപ്പെടെ ക്രെഡിറ്റ് സ്കോർ ഒരു മുഖ്യഘടകമാണ്. വായ്പ തിരിച്ചടയ്ക്കാനുള്ള ഉപയോക്താക്കളുടെ ശേഷിയെ വായ്പനൽകുന്നവർ വിലയിരുത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ്.
അതിനാൽത്തന്നെ ക്രെഡിറ്റ് സ്കോർ അറിയുക എന്നത് ഏറെ ആവശ്യമായി വരുന്നു. സിബിൽ സ്കോർ അറിയാൻ നിരവധി സംവിധാനങ്ങൾ ഇതിനകം തന്നെ നിലവിലുണ്ട്. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഏറെ എളുപ്പത്തിൽ സിബിൽ സ്കോർ അറിയാം എന്നതാണ് ഗൂഗിൾ പേ യുപിഐയുടെ പ്രത്യേകത. നിരവധി പേർക്ക് പരിചിതമായ ആപ്പ് ആണ് ഗൂഗിൾ പേ.
നിരവധി പേർ സജീവമായി ഉപയോഗിക്കുന്ന ആപ്പ് ആണ് എന്നതിനാൽത്തന്നെ സിബിൽ സ്കോർ ചെക്ക് ചെയ്യാൻ മറ്റൊരു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യം വരുന്നില്ല. ഒരുപാട് സേവനങ്ങൾക്കൊപ്പം സിബിൽ സ്കോർ ചെക്കിങ്ങും ഗൂഗിൾ പേ നൽകുന്നത് നിരവധി പേർക്ക് ഗുണം ചെയ്യും. ഗൂഗിൾ പേയിൽ സിബിൽ സ്കോർ എങ്ങനെ സൗജന്യമായി പരിശോധിക്കാം എന്ന് നോക്കാം.
ആദ്യം ഗൂഗിൾ പേ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അതിനായി പ്ലേ സ്റ്റോറിലെത്തി ഗൂഗിൾ പേ തിരയുക. അപ്ഡേറ്റ് കാണിക്കുന്നുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുക. ഇല്ലെങ്കിൽ ആപ്പ് ഓപ്പൺ ആക്കുക. തുടർന്ന് ആപ്പിന്റെ ഏറ്റവും താഴേക്ക് സ്ക്രോൾ ചെയ്യുക. അവിടെ ചെക്ക് യുവർ സിബിൽ സ്കോർ അറ്റ് നോ കോസ്റ്റ് എന്ന് കാണും. അതിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന സ്ക്രീനിൽ പാൻ കാർഡ് നമ്പറിലുള്ളതുപോലെ പേര് നൽകുക. രണ്ടാം കോളവും അതേപോലെ ഫിൽ ചെയ്ത ശേഷം കണ്ടിന്യൂ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിശദാംശങ്ങൾ നൽകുമ്പോൾ സ്കോർ ലഭ്യമാകും. ഇത് കൂടാതെ ഒട്ടനേകം ഫീച്ചറുകൾ ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗൂഗിൾ പേയിൽ ലഭ്യമാകുന്ന മറ്റ് സേവനങ്ങൾ എന്തൊക്കെയെന്ന് നോക്കാം: മൊബൈൽ നമ്പർ ഉപയോഗിച്ച് പണം കൈമാറ്റം, യുപിഐ ഐഡി ഉപയോഗിച്ചുള്ള പണം കൈമാറ്റം, സ്വയം പണം കൈമാറ്റം, നേരിട്ടുള്ള ബാങ്ക് കൈമാറ്റം, ബാങ്ക് ബാലൻസ് പരിശോധന, മൊബൈൽ നമ്പറുകൾ DTH/കേബിൾ ടിവി, ബ്രോഡ്‌ബാൻഡ്/ലാൻഡ്‌ലൈൻ, ഫാസ്‌ടാഗ് എന്നിവയുടെ റീചാർജ്.
വൈദ്യുതി ബില്ലുകൾ അടയ്ക്കൽ, ഗ്യാസ് സിലിണ്ടർ ബുക്കിംഗ്, പ്ലേ സ്റ്റോർ റീചാർജ് കോഡുകൾ വാങ്ങാൻ, ഇൻഷുറൻസ് എടുക്കാൻ, ലിങ്കിങ് സേവനങ്ങൾക്ക്, ആർഡി തുറക്കാൻ, ലോൺ ഇഎംഐക്ക്. ഇവ കൂടാതെ സ്പ്ലിറ്റ് ബിൽ പോലുള്ള ഫീച്ചറുകളും ഗൂഗിൾ പേ ഉപയോഗത്തെ ജനപ്രിയമാക്കി മാറ്റുന്നു. ഇതിനെല്ലാം പുറമേ ചിലർ മെസേജ് കൈമാറാനുള്ള പ്ലാറ്റ്ഫോമായും ഇതിനെ ഉപയോഗപ്പെടുത്തുന്നു.


Click it and Unblock the Notifications








