ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ?
യുവാക്കളുടെയും കൌമാരക്കാരുടെയും പ്രിയപ്പെട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. ഏറ്റവും പുതിയ ഫീച്ചറുകളും യൂസർ ഫ്രണ്ട്ലിയും അപ്പീലിങ്ങുമായ ഇൻ്റർഫേസും ഇൻസ്റ്റാഗ്രാമിനെ കൂടുതൽ ആകർഷകമാക്കുന്നു. ഇൻസ്റ്റാഗ്രാം റീൽസ് പോലെയുള്ള ഫീച്ചറുകൾ തന്നെയാണ് ഇൻസ്റ്റാഗ്രാമിന്റെ യൂസർ ബേസ് കുത്തനെ കൂടാൻ കാരണമായത്. കൌമാരക്കാരുടെ മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ടെങ്കിലും ഇൻസ്റ്റാഗ്രാമിന്റെ ജനപ്രീതിയ്ക്ക് യാതൊരു കുറവും വരുന്നില്ലെന്നതാണ് ശ്രദ്ധേയം. ഈ വിമർശനങ്ങൾക്ക് മറുപടിയെന്നോണം കൌമാരക്കാർ ഇൻസ്റ്റാഗ്രാം അമിതമായി ഉപയോഗിക്കുന്നത് തടയാൻ പലവിധ ഫീച്ചറുകളും ഇൻസ്റ്റാഗ്രാമിന്റെ പണിപ്പുരയിൽ തയ്യാറാകുന്നുണ്ട്. അതിൽ ഒന്നായ ടേക്ക് എ ബ്രേക്ക് ഫീച്ചർ കമ്പനി ലോഞ്ച് ചെയ്തും കഴിഞ്ഞു.

ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്‌ടിക്കുന്നതിന്, ഇമെയിൽ ഐഡി, ഫോൺ നമ്പർ മുതലായവ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങളും ക്രഡൻഷ്യലുകളും നൽകേണ്ടി വരും. മെയിൽ ഐഡികൾ സൃഷ്ടിച്ചാലും കാര്യമായി ഉപയോഗിക്കാത്തവർ ആണ് നാം. അതിനാൽ തന്നെ പതുക്കെ ഐഡിയിലേക്ക് ആക്സസ് നഷ്ടമാകുക തുടങ്ങിയ കാര്യങ്ങൾ സംഭവിക്കാം. ഇത്തരത്തിൽ ആക്സസ് നഷ്ടമായ ഐഡി ഒഴിവാക്കി ഇൻസ്റ്റാഗ്രാമിൽ പുതിയ ഇമെയിൽ ഐഡി നൽകേണ്ടതുണ്ട്. ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ പഴയ ഇമെയിൽ അഡ്രസ് മാറ്റി പുതിയത് നൽകുന്നത് എങ്ങനെയെന്ന് അറിയാൻ താഴേക്ക് വായിക്കുക.

ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെ?
ഇൻസ്റ്റാഗ്രാമിലെ ഇമെയിൽ ഐഡി മാറ്റാൻ താഴെപ്പറയുന്ന രീതി ഉപയോഗിക്കുക. ഇമെയിൽ ഐഡി മാറ്റുന്ന വിധം ഓരോ സ്റ്റെപ്പുകളായി വിശദീകരിച്ചിട്ടുണ്ട്. ഇമെയിൽ ഐഡി മാത്രമല്ല, ഇൻസ്റ്റാഗ്രാമിൽ ഫോൺ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് തുടങ്ങിയ ഡീറ്റെയിൽസിലും മാറ്റങ്ങൾ വരുത്താൻ കഴിയും. അക്കൌണ്ടിന്റെ പ്രൊഫൈൽ നെയിമിലും ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ട് വരാവുന്നതാണ്.കൌമാരക്കാരെ ലക്ഷ്യമിട്ട് ഇൻസ്റ്റാഗ്രാം 'ടേക്ക് എ ബ്രേക്ക്' ഫീച്ചർ ലോഞ്ച് ചെയ്തതായി പറഞ്ഞല്ലോ. ഈ ഫീച്ചറിനെക്കുറിച്ച് വിശദമായി മനസിലാക്കേണ്ടതുണ്ട്. അതിന് മുമ്പ് ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.

- ഇൻസ്റ്റാഗ്രാമിൽ ഇമെയിൽ ഐഡി മാറ്റാൻ ആദ്യം നിങ്ങളുടെ ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഡിവൈസിൽ ഇൻസ്റ്റാഗ്രാം ആപ്പ് ഓപ്പൺ ചെയ്യുക.
- ശേഷം താഴെ വലത് വശത്ത് കാണാൻ കഴിയുന്ന പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
- തുടർന്ന് 'എഡിറ്റ് പ്രൊഫൈൽ' ഓപ്ഷനിലും ശേഷം പേഴ്സണൽ ഇൻഫർമേഷൻ സെറ്റിങ്സിലും ടാപ്പ് ചെയ്യുക.
- ഇപ്പോൾ, ഇമെയിൽ ഐഡി ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ പുതിയ ഇമെയിൽ ഐഡി ടൈപ്പ് ചെയ്യുക.
- ഇനി പുതിയ മെയിൽ ഐഡിക്ക് കൺഫർമേഷൻ നൽകേണ്ടതുണ്ട്. ഇതിനായി ബ്ലൂ ടിക്ക് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ഇത്രയും ചെയ്ത് കഴിയുമ്പോൾ ഇൻസ്റ്റാഗ്രാമിൽ നിന്നും നിങ്ങൾക്ക് ഇമെയിൽ കൺഫർമേഷൻ ലിങ്ക് മെയിലിൽ കിട്ടും.
- ഈ മെയിൽ തുറന്ന് കൺഫർമേഷൻ ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇൻസ്റ്റാഗ്രാമിലെ ഇമെയിൽ ഐഡി ചെയ്ഞ്ച് ചെയ്യാൻ കഴിയും.

ഇൻസ്റ്റാഗ്രാം 'ടേക്ക് എ ബ്രേക്ക്' ഫീച്ചർ
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനെന്ന അവകാശ വാദവുമായാണ് ഇൻസ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചർ അവതരിപ്പിക്കുന്നത്. കൌമാരക്കാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ നാളായി വിവാദത്തിലായിരുന്നു മെറ്റയുടെ ഫോട്ടോ ഷെയറിങ് ആപ്പായ ഇൻസ്റ്റാഗ്രാം. ഏത് വിധേനെയും വിവാദം അവസാനിപ്പിക്കുക എന്നതാണ് മെറ്റ ലക്ഷ്യമിടുന്നത്. ഇതിനായി തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതൽ ചൈൽഡ് ഫ്രണ്ട്ലി ആക്കാനാണ് കമ്പനി പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധ നേടിയ ഫീച്ചറാണ് 'ടേക്ക് എ ബ്രേക്ക്'.

ഈ ഫീച്ചർ ഉപയോഗിച്ച്, ഒരു നിശ്ചിത സമയത്തിൽ കൂടുതൽ നേരം നാം ആപ്പിൽ ചിലവഴിച്ചാൽ കുറച്ച് സമയത്തേക്ക് മറ്റെന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ ആപ്പ് തന്നെ നമ്മോട് നിർദേശിക്കും.ഇൻസ്റ്റാഗ്രാമിലെ സെറ്റിങ്സിൽ നിന്നും ടേക്ക് എ ബ്രേക്ക് ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യാൻ കഴിയും. 10 മിനുറ്റ്, 20 മിനുറ്റ്, 30 മിനുറ്റ് എന്നിങ്ങനെ മൂന്ന് സമയ പരിധികളിലാണ് ഫീച്ചർ സെറ്റ് ചെയ്യാവുന്നത്. ഫീച്ചർ ആക്റ്റിവേറ്റ് ആക്കിക്കഴിഞ്ഞാൽ നിർദ്ദിഷ്ട സമയ പരിധി കവഴിയുമ്പോൾ നിങ്ങൾക്ക് ഒരു ഫുൾ സ്‌ക്രീൻ അലർട്ട് ലഭിക്കും. എന്തെങ്കിലും എഴുതാനോ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാനോ പാട്ട് കേൾക്കാനോ ദീർഘമായി ശ്വാസം എടുക്കാനോ തുടങ്ങിയ നിർദേശങ്ങളാണ് ഫീച്ചറിൽ നിന്നും ലഭിക്കുക. കൂടാതെ, ഇൻസ്റ്റാഗ്രാമിൽ ദിവസേന എത്ര സമയം ചെലവഴിക്കണം എന്നതിന് ഒരു പരിധി നിശ്ചയിക്കാനും കമ്പനി യൂസേഴ്സിനെ അനുവദിക്കും.

ഈ ഫീച്ചർ ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കാണ് കമ്പനി ലഭ്യമാക്കിയിരുന്നത്. ഇപ്പോൾ ഇന്ത്യയടക്കം മറ്റ് എല്ലായിടത്തും ടേക്ക് എ ബ്രേക്ക് ഫീച്ചർ ഇൻസ്റ്റാഗ്രാം റോൾഔട്ട് ചെയ്ത് കഴിഞ്ഞു. രാജ്യത്ത് 'ബ്രേക്ക് സരൂരി ഹേ' എന്നൊരു ക്യാമ്പെയ്നും ഇൻസ്റ്റാഗ്രാം നടത്തുന്നുണ്ട്. യൂത്ത് ഫോക്കസ്ഡ് നെറ്റ്വർക്കുകളുമായി സഹകരിച്ചാണ് കമ്പനി ഈ ക്യാമ്പെയ്ൻ നടത്തുന്നത്. പുതിയ ഫീച്ചർ യുവാക്കൾക്ക് ഏതൊക്കെ രീതിയിൽ ഗുണം ചെയ്യുമെന്നാണ് ക്യാമ്പെയ്നിൽ വിശദീകരിക്കുന്നത്.

കണ്ടന്റുകൾ ശുപാർശ ചെയ്യുന്നതിൽ കർശന സമീപനം സ്വീകരിക്കുമെന്ന് ഇൻസ്റ്റാഗ്രാം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേകിച്ചും കൌമാരപ്രായക്കാരുടെ കാര്യത്തിൽ. കൌമാരക്കാർ എന്തെങ്കിലും പ്രത്യേക വിഷയങ്ങളിൽ ഏറെ സമയം ഫോക്കസ് ചെയ്യുകയാണെങ്കിൽ മറ്റ് വിഷയങ്ങളിലേക്ക് അവരെ പുഷ് ചെയ്യുമെന്നും ഇൻസ്റ്റാഗ്രാം പറഞ്ഞിരുന്നു. പരിചയം ഇല്ലാത്തവർ കുട്ടികളെ ടാഗ് ചെയ്യുന്നത് ഒഴിവാക്കാനുള്ള ഫീച്ചറും പൈപ്പ്ലൈനിൽ ആണ്. ഫോളോ ചെയ്യുന്നില്ലാത്തവർ കുട്ടികളെ ടാഗ് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് ഫീച്ചർ. ഇങ്ങനെ മോശം കണ്ടന്റും വ്യക്തികളും കുട്ടികളിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പിക്കാൻ ആകുമെന്നാണ് ഇൻസ്റ്റാഗ്രാം പറയുന്നത്.


Click it and Unblock the Notifications








