'തെരച്ചിൽ' ചുറ്റുമുള്ളവർ അറിയുമെന്ന് ഭയക്കേണ്ട, ഇൻകോഗ്നിറ്റോ മോഡിന് ഫിംഗർപ്രിന്റ് സുരക്ഷയുമായി ഗൂഗിൾ

ഗൂഗിൾ ക്രോമിൽ എന്തെങ്കിലും തിരയുമ്പോൾ അതിന്റെ സുരക്ഷയെക്കുറിച്ച് നമ്മളിൽപലരും ആലോചിക്കാറില്ല. എന്നാൽ കൂടുതൽ സ്വകാര്യത ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ക്രോമിലെ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിച്ച് ബ്രൗസിങ് നടത്താറുണ്ട്. ഇവിടെയും ഉപയോക്താക്കളുടെ ഡാറ്റ ചോരില്ല എന്നൊന്നും ഗൂഗിൾ(Google) പറയുന്നില്ല. എങ്കിലും മനസമാധാനത്തോടെ ബ്രൗസിങ് നടത്തുന്നതിനായി നിരവധി ആളുകൾ ഇൻകോഗ്നിറ്റോ മോഡ് ഉപയോഗപ്പെടുത്തിവരുന്നുണ്ട്.
ഇൻകോഗ്നിറ്റോ മോഡിൽ കൂടുതൽ സുരക്ഷ
ഇപ്പോൾ ഇൻകോഗ്നിറ്റോ മോഡിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തി ഉപയോക്താക്കളുടെ വിശ്വാസം കൂടുതൽ ദൃഡമാക്കാനുള്ള നീക്കവുമായി ഗൂഗിൾ രംഗത്തെത്തിയിരിക്കുകയാണ്. ഇൻകോഗ്നിറ്റോയ്ക്ക് പുതിയ ഫിംഗർപ്രിന്റ് സുരക്ഷയാണ് ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കാണ് പുതിയ ഫിംഗർപ്രിന്റ് സുരക്ഷയോടുകൂടിയ ഇൻകോഗ്നിറ്റോ മോഡ് ലഭ്യമാക്കുക. ഐഒഎസ് ഉപയോക്താക്കൾക്ക് നേരത്തെ തന്നെ ഈ ഫീച്ചർ ലഭ്യമായിരുന്നു. കഴിഞ്ഞ ദിവസം ഡാറ്റ സ്വകാര്യതാ ദിനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബ്ലോഗ് പോസ്റ്റിലൂടെയാണ് ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും പുതിയ സുരക്ഷാ സംവിധാനം എത്തിക്കുന്നതായി ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

മറ്റുള്ളവരിൽനിന്ന് സംരക്ഷിക്കും
നിങ്ങളുടെ ഫോൺ മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ പുതിയ ഫിംഗർപ്രിന്റ് ഫീച്ചർ ഉപകാരപ്പെടുമെന്നാണ് ഗൂഗിൾ പറയുന്നത്. സ്വകാര്യ ബ്രൗസിങ്ങിന് സുരക്ഷയുടെ ഒരു അധിക മറ സൃഷ്ടിക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു. പുതിയ ഫിംഗർപ്രിന്റ് ഫീച്ചർ സജ്ജീകരിച്ചാൽ ബ്രൗസറിൽനിന്ന് പുറത്തുകടന്നശേഷം വീണ്ടും പ്രവേശിക്കണമെങ്കിൽ ഉപയോക്താക്കൾ വിരലടയാളം നൽകേണ്ടിവരും. ക്രോമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ടെന്നും ഉപയോക്താക്കൾ ഈ ഫീച്ചർ പ്രയോജനപ്പെടുത്തണമെന്നും ഗൂഗിൾ അഭ്യർഥിക്കുന്നു.
ഹിസ്റ്ററിയിൽ വിവരങ്ങൾ ശേഖരിക്കപ്പെടില്ല
ക്രോം ഉപഭോക്താക്കൾക്ക് മറഞ്ഞിരുന്ന് ബ്രൗസ് ചെയ്യാനുള്ള മാർഗമാണ് ഇൻകോഗ്നിറ്റോ മോഡ്. അതായത് നിങ്ങൾ ബ്രൗസ് ചെയ്യുന്ന വിവരങ്ങൾ നിങ്ങളുടെ ഹിസ്റ്ററിയിൽ കാണില്ല. എന്നാൽ നിങ്ങളുടെ ബ്രൗസിങ് എല്ലാം സുരക്ഷിതമാണ് എന്ന് ഇതിന് അർഥമില്ലെന്ന് ഗൂഗിൾ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഡേറ്റ ചോർത്തിയെന്ന കേസ് ഉയർന്നുവന്നപ്പോൾ ഗൂഗിൾ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇൻകോഗ്നിറ്റോ മോഡിൽ ഉപയോക്താവിന്റെ ഡേറ്റാ ബ്രൗസറിലോ, ഡിവൈസിലോ സേവ് ചെയ്യില്ലെന്നേയുള്ളു എന്നും അത് തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് ഡാറ്റ മോഷണ ആരോപണം തള്ളിക്കൊണ്ട് നേരത്തെ ഗൂഗിൾ അറിയിച്ചത്.

ഗൂഗിൾ വെളിപ്പെടുത്തിയ സത്യം!
ഓരോ തവണയും ഇൻകോഗ്നിറ്റോ മോഡ് തുറക്കുമ്പോൾ തന്നെ, ഉപയോക്താക്കളുടെ ബ്രൗസിങ് വിവരങ്ങൾ വെബ്‌സൈറ്റുകൾക്ക് ശേഖരിക്കാനാകുമെന്നും നിങ്ങളുടെ ബ്രൗസിങ് സെഷനിലെ ചെയ്തികൾ അറിയാനാകുമെന്നും ഗൂഗിൾ വക്താവ് അന്ന് വ്യക്തമാക്കിയിരുന്നു. എങ്കിലും ചുറ്റുമുള്ളവർ തങ്ങളുടെ ബ്രൗസിങ് വിവരങ്ങൾ അറിയരുതെന്ന് ആഗ്രഹിക്കുന്നവർ ഇപ്പോഴും ക്രോമിലെ ഇൻകോഗ്നിറ്റോ മോഡ് പ്രയോജനപ്പെടുത്തിവരുന്നു. ഇവർക്ക് കൂടുതൽ സുരക്ഷയാണ് പുതിയ ഫീച്ചറിലൂടെ ഗൂഗിൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫോണിന്റെ യഥാർഥ ഉടമയോ, അതല്ലെങ്കിൽ ഉത്തരവാദപ്പെട്ട ആളോ ആണ് ഇൻകോഗ്നിറ്റോ മോഡ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കാൻ പുതിയ ഫിംഗർപ്രിന്റ് സംവിധാനം സഹായകമാണ്. നിങ്ങളുടെ സ്മാർട്ട്ഫോണിൽ എങ്ങനെ ഈ ഫീച്ചർ സജ്ജീകരിക്കാം എന്ന് നോക്കാം.
ഇൻകോഗ്നിറ്റോ മോഡിന് ഫിംഗർപ്രിന്റ് സുരക്ഷ സജ്ജമാക്കാൻ
ഠ ഏറ്റവുമാദ്യം നിങ്ങളുടെ ക്രോം പുതിയ അപ്ഡേഷൻ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
ഠ തുടർന്ന് ക്രേം ആപ്പ് തുറക്കുക.
ഠ മുകളിൽ കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സിലേക്ക് പോകുക.
ഠ തുടർന്ന് പ്രൈവസി ആൻഡ് സെക്യൂരിറ്റി എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഠ ശേഷം ''Lock incognito tabs when you close Chrome'' എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
ഠ നിങ്ങൾ നൽകിയിരിക്കുന്ന വിരലടയാളം ഉപയോഗിച്ച് എല്ലാ ഇൻകോഗ്നിറ്റോ ടാബും ഇതോടെ സുരക്ഷിതമാകും.
നിങ്ങളുടെ ക്രോം അപ്ഡേറ്റഡ് ആണെങ്കിൽ മാത്രമാണ് ഈ പുതിയ ഫീച്ചർ ലഭിക്കുക. ക്രോം അപ്ഡേറ്റ് ചെയ്യുന്നതിനായി ഗൂഗിൾ പ്ലേസ്റ്റോറിൽ എത്തിയ ശേഷം ഗൂഗിൾ ക്രോമിലേക്ക് പോകുക. അവിടെ അപ്ഡേറ്റ് എന്ന ഓപ്ഷൻ ഉണ്ടാകും.


Click it and Unblock the Notifications