ഓൺലൈനായി നിങ്ങൾക്ക് എങ്ങനെ വൈദ്യുതി ബിൽ അടയ്ക്കാം ?
വൈദ്യുതി ബിൽ സമയത്തിന് അടയ്ക്കാൻ മറന്നു പോകുന്നത് ഒരു പതിവ് സംഭവമാണ്. കെഎസ്ഇബിയിൽ നിന്നും വൈദ്യുതി ബന്ധം വിശ്ചേദിക്കുമ്പോഴാണ് ബിൽ അടയ്ക്കാത്ത കാര്യം ഓർമ്മ വരുന്നത്. കെഎസ്ഇബിയുടെ ഓഫീസിൽ ബില്ലടയ്‌ക്കാൻ വരി നിൽക്കേണ്ട കാര്യം ഇപ്പോൾ ഒഴിവാക്കാവുന്നതാണ്. രാജ്യം മുഴുവൻ ഡിജിറ്റലായി മുന്നേറുന്ന ഇക്കാലത്ത് ഫോൺ ബില്ലും കറൻറ് ബില്ലുമെല്ലാം ഒരു ക്ലിക്കിൽ സ്മാർട്ഫോണിലൂടെ ഓൺലൈനിൽ അടയ്ക്കുവാൻ സാധിക്കും. വൈദ്യുതി ബില്‍ ഓണ്‍ലൈനായി അടയ്ക്കാനുള്ള സംവിധാനം വൈദ്യുത ബോര്‍ഡ് കെഎസ്ഇബിയുടെ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

വൈദ്യുതി ബില്‍ ഓണ്‍ലൈനായി എങ്ങനെ അടയ്ക്കാം ?
1. കെഎസ്ഇബിയിൽ കൺസ്യൂമർ നമ്പറിനൊപ്പം മൊബൈൽ നമ്പർ നൽകിയിട്ടുള്ളവർ, കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി, ക്വിക്ക് പേ ഓപ്‌ഷനിൽ (http://wss.kseb.in/selfservices/quickpay) ക്ലിക്ക് ചെയ്യുക.
2. അടുത്ത പേജിൽ നിങ്ങളുടെ 13 അക്ക കൺസ്യൂമർ നമ്പറും ബിൽ നമ്പറും കോളത്തിൽ നൽകുക. ഇ-മെയിൽ ഐഡി കൂടി നൽകി 'Proceed to Pay Bill' എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.
3. അടുത്ത പേജില്‍ അടയ്ക്കാനുള്ള ബില്‍ തുക, അവസാന തീയതി എന്നിവ കാണിക്കും. ഈ പേജിന്റെ താഴെ "Select Payment" എന്ന ഓപ്‌ഷനില്‍ നിന്നും നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഓപ്‌ഷൻ തെരഞ്ഞെടുക്കുക. ശേഷം അടുത്ത പേജില്‍ 'Confirm Payment' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത മുന്നോട്ട് പോയി പേയ്‌മെന്റ് നടത്താവുന്നതാണ്.

നെറ്റ്ബാങ്കിങ് വഴി പണം നൽകുന്നവരിൽ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതായിരിക്കും എന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. പണം അടച്ചു കഴിഞ്ഞാല്‍ ബില്ലിന്റെ വിശദാംശങ്ങള്‍ സ്ക്രീനില്‍ തെളിയും. ഈ വിവരങ്ങൾ ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ വഴിയും ലഭ്യമാകും. ആവശ്യമെങ്കില്‍ ഉപഭോക്താവിന് പ്രിന്‍റ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ആയതിനുശേഷം ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. 48 മണിക്കൂറിനു ശേഷവും ഈ കൺഫർമേഷൻ നിങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ സെക്ഷന്‍ കോഡ്, കണ്‍സ്യൂമര്‍ നമ്പര്‍, ബില്ല് അടച്ച് തിയതി, ബില്‍ നമ്പര്‍ എന്നിവ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ കെഎസ്ഇബിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്.

നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ കൂടാതെ പേടിഎം, മോബിക്വിക്, ഗൂഗിൾ പേ, ആമസോൺ പേ എന്നീ ഇ-വാലറ്റുകളിലൂടെയും പേയ്‌മെന്റ് നടത്താം. ഈ കാര്യങ്ങളെല്ലാം എളുപ്പമാക്കാൻ കെഎസ്ഇബിയുടെ മൊബൈൽ ആപ്പുമുണ്ട്. ഇതിനുപുറമെ നിങ്ങളുടെ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും കെഎസ്ഇബിയിൽ രജിസ്റ്റർ ചെയ്താൽ വൈദ്യുതി ബോർഡിന്റെ അറിയിപ്പുകൾ കൃത്യമായി ഫോണിലും ഇ-മെയിലിലും ലഭിക്കും.

വൈദ്യുതി സപ്ലൈ സംബന്ധിച്ച പരാതികൾ 1912 എന്ന നമ്പറിൽ 24 മണിക്കൂറും സൗജന്യമായി അറിയിക്കാം. വാട്സാപ്പിലും 4960 11912 എന്ന നമ്പറിലൂടെ പരാതികളും പ്രശ്നങ്ങളും അറിയിക്കാം.


Click it and Unblock the Notifications








